നേപ്പാളിനെ 9 വിക്കറ്റിന് തകർത്തു; സൂപ്പർ എട്ടിൽ കടക്കുന്ന ആദ്യ ടീമായി വെസ്റ്റിൻഡീസ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

മുംബൈ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ മത്സരത്തിൽ നേപ്പാളിനെ തകർത്ത് സൂപ്പർ എട്ടിൽ കടക്കുന്ന ആദ്യ ടീമായി വെസ്റ്റിൻഡീസ്. ഒമ്പത് വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

44 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 61 റൺസോടെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഷായ് ഹോപ്പ്, 32 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 46 റൺസോടെ പുറത്താകാതെ നിന്ന ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ ഇന്നിങ്‌സുകളാണ് വിൻഡീസിന്റെ ജയം എളുപ്പമാക്കിയത്. 17 പന്തിൽ നിന്ന് 22 റൺസെടുത്ത ബ്രാൻഡൻ കിങ്ങിന്റെ വിക്കറ്റാണ് വിൻഡീസിന് നഷ്ടമായത്.

ഓപ്പണിങ് വിക്കറ്റിൽ ബ്രാൻഡൻ - ഷായ് ഹോപ്പ് സഖ്യം 33 പന്തിൽ നിന്ന് 43 റൺസും രണ്ടാം വിക്കറ്റിൽ ഷായ് ഹോപ്പ് - ഹെറ്റ്മയർ സഖ്യം 59 പന്തിൽ നിന്ന് 91 റൺസും കൂട്ടിച്ചേർത്തു. ഗ്രൂപ്പ് സിയിൽ മൂന്ന് കളികളിൽ മൂന്നും ജയിച്ച് ആറ് പോയന്റോടെയാണ് വിൻഡീസിന്റെ സൂപ്പർ 8 പ്രവേശനം. ഇറ്റലിക്കെതിരെയാണ് വിൻഡീസിന്റെ അവസാന ഗ്രൂപ്പ് മത്സരം.

നേരത്തേ 47 പന്തിൽ നിന്ന് 58 റൺസെടുത്ത ദീപേന്ദ്ര സിങ്ങിന്റെ അർധ സെഞ്ചുറിയാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്ന് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിങ്‌സ്. 15 പന്തിൽ നിന്ന് 26 റൺസെടുത്ത സോംപാൽ കാമി മാത്രമാണ് നേപ്പാൾ നിരയിൽ പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയ താരം. ഖുശാൽ ഭുർട്ടെൽ (1), ആസിഫ് ഷെയ്ഖ് (11), ക്യാപ്റ്റൻ രോഹിത് പൗഡെൽ (5), ആരിഫ് ഷെയ്ഖ് (2), ലോകേഷ് ബാം (13) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാല് ഓവറിൽ 27 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് നേപ്പാളിനെ തകർത്തത്.

Content Highlights: West Indies dominates Nepal, securing a dominant 9-wicket victory to become the first team to qualify for the T20 World Cup Super 8s.