സൂപ്പർ 8 കടക്കാത്ത ഓസീസും ബഹിഷ്കരിച്ച ബംഗ്ലാദേശും അടുത്ത ടി20 ലോകകപ്പിന്; 12 ടീമുകൾ ഉറപ്പിച്ചു

#സ്പോർട്സ് ഡെസ്ക്
2026 ഐസിസി പുരുഷ ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ കുശാൽ മെൻഡിസിന്റെ വിക്കറ്റ് വീഴ്ത്തിയ മാർക്കസ് സ്റ്റോയിനിസ് ക്യാപ്റ്റൻ മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്കൊപ്പം വിജയം ആഘോഷിക്കുന്നു | Photo - AFP
2026 ഐസിസി പുരുഷ ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ കുശാൽ മെൻഡിസിന്റെ വിക്കറ്റ് വീഴ്ത്തിയ മാർക്കസ് സ്റ്റോയിനിസ് ക്യാപ്റ്റൻ മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്കൊപ്പം വിജയം ആഘോഷിക്കുന്നു | Photo - AFP

ന്യൂഡൽഹി: അടുത്ത ടി20 ലോകകപ്പിന് യോഗ്യത നേടി 12 ടീമുകൾ. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റ് സൂപ്പർ എട്ട് ഘട്ടത്തിലേക്ക് കടന്നതോടെയാണ് ടീമുകൾ അടുത്ത ലോകകപ്പിന് യോഗ്യത നേടിയത്. ഇക്കുറി സൂപ്പർ എട്ടിലെത്തിയ എല്ലാ ടീമുകൾക്കും അടുത്ത ടി20 ലോകകപ്പിന് യോഗ്യത ലഭിക്കും. അതേസമയം ഇക്കുറി സൂപ്പർ എട്ടിലെത്താത്ത ഓസ്ട്രേലിയയും ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശും യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

സൂപ്പർ എട്ടിൽ കടന്ന ടീമുകൾക്ക് പുറമേ നാല് ടീമുകൾ കൂടി യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 2028 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ഓസ്ട്രേലിയ യോഗ്യത നേടി. ഓസ്ട്രേലിയയ്ക്ക് പുറമേ ന്യൂസിലൻഡും 2028 ടി20 ലോകകപ്പിന്റെ ആതിഥേയരാണ്. മൂന്ന് ടീമുകൾ ടി20 റാങ്കിങ് അനുസരിച്ചും യോഗ്യത ഉറപ്പിച്ചു. ഉയർന്ന റാങ്കുള്ള മൂന്ന് ടീമുകൾക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത കിട്ടുന്നത്. മാർച്ച് 9 വരെയുള്ള റാങ്കിങ് പരിഗണിച്ചാണിത്. ഇത് പരിഗണിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, അയർലണ്ട് ടീമുകൾ യോഗ്യത ഉറപ്പിച്ചു. ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് നിലപാടെടുത്ത ബംഗ്ലാദേശ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 20 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ശേഷിക്കുന്ന എട്ട് സ്ഥാനങ്ങൾക്കായി ടീമുകൾ യോഗ്യതാമത്സരങ്ങൾ കളിക്കണം.

കഴിഞ്ഞദിവസം എ ഗ്രൂപ്പിൽ നമീബിയയെ തോൽപ്പിച്ച് പാകിസ്താൻ മുന്നേറിയതോടെയാണ് സൂപ്പർ എട്ട് മത്സരചിത്രം തെളിഞ്ഞത്. ഇന്ത്യ, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾ നേരത്തേ സൂപ്പർ എട്ടിലെത്തിയിരുന്നു. മുൻചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്തായതും സിംബാബ്‌വേ ഇടംപിടിച്ചതുമാണ് സൂപ്പർ എട്ടിലെ കൗതുകം. നാലുടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് സൂപ്പർ എട്ട് മത്സരം. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഇതിൽ കൂടുതൽ പോയിന്റുകിട്ടുന്ന രണ്ടു ടീമുകൾവീതം സെമിഫൈനലിലെത്തും.

Content Highlights: qualification of 12 teams for 2028 Men’s T20 World Cup