പൂട്ടാൻ വന്ന ആർച്ചർ നോക്കിനിന്നു, പറപറന്ന് സിക്സറുകൾ; ബ്രൂക്ക് കൈവിട്ടത് ക്യാച്ചല്ല, മാച്ച് തന്നെ

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ കളി കാണാൻ വിശിഷ്ടവ്യക്തികൾ ഒട്ടേറെപ്പേരുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജെയ്ഷാ, ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ, മഹേന്ദ്രസിങ് ധോനി... പിന്നെ ക്രിക്കറ്റിനെ ജീവവായുവാക്കിയ കാണികളും. അവരെല്ലാം ഒരേ താളത്തിൽ, ആവേശത്തിൽ കൈയടിച്ചത് സഞ്ജുവിനു വേണ്ടിയായിരുന്നു. കൊതിച്ചത് മലയാളിതാരം ക്രീസിൽ നിൽക്കാൻ വേണ്ടിയായിരുന്നു. അത്രയ്ക്ക് വിലപ്പെട്ടതായിരുന്നു ഇന്ത്യക്ക് സഞ്ജുവിന്റെ കളി. ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കാതെ തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണെന്ന മലയാളി ബാറ്റർ കൊട്ടിക്കയറിയപ്പോൾ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിലെത്തി. ആവേശം അവസാന ഓവർ വരെ നീണ്ട സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിനാണ് ഇന്ത്യ തോൽപ്പിച്ചു.
വിൻഡീസിനെതിരേ നിർത്തിയേടത്തുനിന്നാണ് സഞ്ജു ഇംഗ്ലണ്ടിനെതിരേ തുടങ്ങിയത്. പേസർ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ ഫോറും സിക്സും നേടി തകർപ്പൻ തുടക്കമിട്ട സഞ്ജുവിന് മൂന്നാം ഓവറിൽ പിഴച്ചതാണ്. ആർച്ചറിൻ്റെ രണ്ടാം ഓവറിൽ താരം നൽകിയ ക്യാച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് മിഡ്‌ഓണിൽ കൈവിടുമ്പോൾ വ്യക്തിഗത സ്കോർ 15-ലെത്തിയിരുന്നുള്ളു. പിന്നീട് സഞ്ജു പിഴവൊന്നും വരുത്തിയില്ല. ലിയാം ഡോസനെ സിക്‌സിന് പറത്തി അർധസെഞ്ചുറി ആഘോഷിക്കുമ്പോൾ സഞ്ജു 26 പന്ത് നേരിട്ടിട്ടുണ്ടായിരുന്നുള്ളു.
സഹ ഓപ്പണർ അഭിഷേക് ശർമ (ഒൻപത്) പെട്ടെന്ന് മടങ്ങിയെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു റൺവേട്ട തുടർന്നു. രണ്ടാം വിക്കറ്റിൽ 45 പന്തിൽ 97 റൺസാണ് ഇരുവരും നേടിയത്. ഇഷാൻ മടങ്ങിയതിന് ശേഷം ശിവം ദുബെക്കൊപ്പം 22 പന്തിൽ 43 റൺസും കൂട്ടിചേർത്തു.
63 മിനിറ്റ് ക്രീസിൽ ചെലവിട്ട താരം ഏഴ് സിക്‌സും എട്ട് ഫോറും നേടി. 211.90 ആണ് സ്ട്രൈക്ക് റേറ്റ്. സഞ്ജു പുറത്താകുമ്പോൾ ഇന്ത്യ 13.1 ഓവറിൽ 160 റൺസിലെത്തിയിരുന്നു. 42 പന്തിൽ നിന്ന് 89 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം.
മികച്ച ഫോമിൽ കളിക്കുന്ന ദുബെയുടെ ഊഴമായിരുന്നു പിന്നീട്. നാല് സിക്സസ് പറത്തിയ താരം ഒരു ഫോറും നേടി. റണ്ണൗട്ടായാണ് ദുബെയുടെ മടക്കം. അവസാന ഓവറുകളിൽ ഹാർ ദിക് പാണ്ഡ്യയും (12 പന്തിൽ 27), തിലക് വർമയും (ഏഴ് പന്തിൽ 21) കത്തികയറിയപ്പോൾ ഇന്ത്യ ടി-20 നോക്കൗട്ട്ഘട്ടത്തിലെ മികച്ച സ്കോറിലേക്ക് കുതിച്ചു. മറുപടി ബാറ്റിങ്ങിൽ 48 പന്തിൽ 105 റൺസെടുത്ത ജേക്കബ് ബെത്തൽ ഇന്ത്യയെ വിറപ്പിച്ചു. എന്നാൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 246 റൺസിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.
Picking up from where he left off at the Eden Gardens! 😍
A four to get off the mark, followed by a wonderful six from Sanju Samson! 🔥
ICC Men’s #T20WorldCup | Semi-final 2 | #INDvENG | LIVE NOW 👉 https://t.co/L2OuYBUDbL pic.twitter.com/o5vtbIaskx— Star Sports (@StarSportsIndia) March 5, 2026
ഇംഗ്ലണ്ടിനെതിരായ പ്രകടനത്തിലൂടെ ഒരു ലോകകപ്പ് എഡിഷനിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമായും സഞ്ജു മാറി. ഈ ടൂർണമെന്റിലെ സഞ്ജുവിന്റെ ആകെ സിക്‌സറുകളുടെ എണ്ണം 16 ആയി മാറി. ഈ ടൂർണമെന്റിൽ തന്നെ 15 സിക്‌സറുകളുമായി ദുബെ തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞ ലോകകപ്പിൽ 15 സിക്‌സറുകൾ നേടിയ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് പട്ടികയിൽ മൂന്നാമത്.
Content Highlights: Sanju Samson scored a match-winning half-century off just 26 balls., India defeated England by 7 runs to reach the T20 World Cup final., Samson hit 7 sixes and 8 fours with a strike rate of 211.90., Key partnerships with Ishan Kishan and Shivam Dube set a strong foundation.