റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി; പിതാവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ബാറ്റർ റിങ്കു സിങ് ഇന്ത്യൻ ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങി. പിതാവിന് അസുഖം ബാധിച്ചതിനാലാണ് താരം മടങ്ങിയതെന്നാണ് വിവരം. റിങ്കുവിന്റെ പിതാവ് വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച സിംബാബ്‌വേയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ റിങ്കു കളിച്ചേക്കില്ല.
തിങ്കളാഴ്ച റിങ്കു ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. സിംബാബ്‌വേയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. എന്നാൽ പിതാവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ടീമിനൊപ്പം റിങ്കു സിങ് പരിശീലനത്തിനിറങ്ങിയിരുന്നില്ല.
വ്യാഴാഴ്ച സിംബാബ്‌വേയ്‌ക്കെതിരേ നിർണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും സിംബാബ്‌വേയ്‌ക്കെതിരേ വെസ്റ്റിൻഡീസ് നേടിയ കൂറ്റൻ ജയവും ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി സാധ്യതകളെ തുലാസിലാക്കിയിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ ജയിക്കുകയും മറ്റുടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്താൽ മാത്രമേ ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കുകയുള്ളൂ.
ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാൽ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനക്കാരായി ഇന്ത്യയും കടക്കും. ഇനി ദക്ഷിണാഫ്രിക്ക ഒരു കളിയിൽ തോൽക്കുകയും ഇന്ത്യ രണ്ടുകളിയും ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ സങ്കീർണമാകും. വിൻഡീസാണ് ദക്ഷിണാഫ്രിക്കയെയും തോൽപ്പിക്കുന്നതെങ്കിൽ മൂന്നുടീമുകൾക്ക് നാലുപോയിന്റ് വീതമാകും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാകും. സിംബാബ്‌വേയാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നതെങ്കിൽ രണ്ടു വിജയങ്ങൾ ഇന്ത്യയെ സെമിയിലെത്തിക്കും.
ഇനി ഇന്ത്യ ഒരു കളിയിൽ മാത്രമാണ് ജയിക്കുന്നതെങ്കിൽ നേരിയസാധ്യത മാത്രമാകും. ദക്ഷിണാഫ്രിക്ക മൂന്നു കളികളിൽ ജയിക്കുകയും ഇന്ത്യ തോൽപ്പിക്കുന്ന ടീം വിൻഡീസ് ആയിരിക്കുകയും വേണം. അങ്ങനെയെങ്കിൽ മൂന്നുടീമുകൾക്കും രണ്ടു പോയിന്റ് വീതമാകും. മികച്ച നെറ്റ് റൺറേറ്റുണ്ടെങ്കിൽ ഇന്ത്യക്ക് സെമിബർത്ത് ലഭിക്കുകയും ചെയ്യും. രണ്ടുകളിയിലും മികച്ച ജയംനേടി നെറ്റ് റൺറേറ്റ് ഉയർത്തേണ്ടതും ഇന്ത്യൻ ടീമിന് ആവശ്യമാണ്.
Content Highlights: Rinku Singh leaves India camp, returns home due to family emergency