മരുമകനെയടക്കം പുറത്താക്കൂ; ഇന്ത്യയ്ക്കെതിരായ തോൽവി, സീനിയർ താരങ്ങളെ പുറത്താക്കണമെന്ന് ഷാഹിദ് അഫ്രീദി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ഷാഹിദ് അഫ്രീദി, ഷഹീന്‍ ഷാ അഫ്രീദി | Photo: AP, PTI
ഷാഹിദ് അഫ്രീദി, ഷഹീന്‍ ഷാ അഫ്രീദി | Photo: AP, PTI

ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ടീമിലെ മുതിർന്ന താരങ്ങളെ പുറത്താക്കണമെന്നാണ് അഫ്രീദിയുടെ ആവശ്യം. തന്റെ മരുമകൻ കൂടിയായ ഷഹീൻ ഷാ അഫ്രീദി, ബാബർ അസം, ഷദാബ് ഖാൻ എന്നിവരെ ടീമിൽ നിന്ന് പുറത്താക്കണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെ വിവാഹം കഴിച്ചത് ഷഹീനാണ്.

സൂപ്പർ എട്ടിന് യോഗ്യത നേടണമെങ്കിൽ നമീബിയക്കെതിരായ അവസാന മത്സരം പാകിസ്താന് ജയിച്ചേ തീരൂ. സീനിയർ താരങ്ങൾ ടീമിന് നിരാശ മാത്രമാണ് നൽകുന്നതെന്നും അതിനാൽ അവരെ ഒഴിവാക്കി യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും സമാ ടിവിയിൽ പരിപാടിക്കിടെ അഫ്രീദി വ്യക്തമാക്കി. മുതിർന്ന താരങ്ങൾ വർഷങ്ങളായി അവസരങ്ങൾ ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും ബെഞ്ചിലിരിക്കുന്ന യുവതാരങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

''ഷഹീനെ ഒഴിവാക്കുക, ഷദാബിനെ ഒഴിവാക്കുക, ബാബറിനെ ഒഴിവാക്കുക. നമീബിയയ്ക്കെതിരേ പുതിയ മുഖങ്ങളെ പരീക്ഷിച്ച് പുതിയ കളിക്കാർക്ക് ആത്മവിശ്വാസം വളർത്താൻ അവസരം നൽകുക. അവർ വളരെക്കാലമായി കളിക്കുന്നു. മികച്ച പ്രകടനം നടത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കുമ്പോഴെല്ലാം അവർ നിരാശപ്പെടുത്തുകയാണ്. ഈ സീനിയർ കളിക്കാർ നമ്മൾ ആഗ്രഹിക്കുന്ന പ്രകടനങ്ങൾ നൽകുന്നില്ലെങ്കിൽ, ബെഞ്ചിൽ ഇരിക്കുന്ന ജൂനിയർ താരങ്ങളെ കളിപ്പിക്കുക.'' - അഫ്രീദി പറഞ്ഞു.

Content Highlights: Shahid Afridi demands the exclusion of Shaheen Afridi, Babar Azam, and Shadab Khan from Pakistan`s T20 World Cup squad following their defeat to India. Seeks opportunity for young talent.