പാക് താരങ്ങളെ സ്ലെഡ്ജ് ചെയ്യരുത്; കളത്തിലിറങ്ങുംമുമ്പ് ഇന്ത്യൻ താരങ്ങൾക്ക് ക്യാപ്റ്റന്റെ കർശനനിർദേശം

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താനെതിരേ ആധികാരിക ജയമാണ് കഴിഞ്ഞ ദിവസം ഇന്ത്യ കുറിച്ചത്. 61 റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ കടക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ അർധ സെഞ്ചുറി മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 18 ഓവറിൽ 114 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ആധികാരിക ജയം കുറിച്ചത്. മത്സരത്തിന്റെ ടോസിന്റെ സമയത്ത് ഇരു ക്യാപ്റ്റൻമാരും മത്സര ശേഷം ടീം അംഗങ്ങളും പതിവുപോലെ പരസ്പരം ഹസ്തദാനം ചെയ്തതുമില്ല.
ഇപ്പോഴിതാ പാകിസ്താൻ ബാറ്റിങ്ങിനിറങ്ങും മുമ്പ് മൈതാനത്ത് പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ച് ഇന്ത്യൻ ടീമിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നൽകിയ നിർദേശങ്ങൾ ശ്രദ്ധേയമാകുകയാണ്. ബിസിസിഐ പുറത്തിറക്കിയ ഒരു വീഡിയോയിലാണ് ടീമിനുള്ള സൂര്യയുടെ നിർദേശങ്ങളുള്ളത്. രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ താരങ്ങളെ സ്ലെഡ്ജ് ചെയ്യരുതെന്നാണ് സൂര്യ ടീം അംഗങ്ങളോട് ആവശ്യപ്പെട്ടത്.
മത്സരത്തിനിടെ പാകിസ്താൻ താരങ്ങളെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കരുതെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മികച്ച ക്രിക്കറ്റ് കളിക്കാനുമാണ് സൂര്യകുമാർ സഹതാരങ്ങളോട് ആവശ്യപ്പെട്ടത്. 'ആരോടും ഒന്നും പറയേണ്ട. നമ്മൾ നല്ല ക്രിക്കറ്റ് കളിക്കണം. നമ്മുടെ കഴിവും പ്രകടനവും കൊണ്ട് ഈ കളി ജയിക്കണം.', എന്ന് സൂര്യ പറയുന്നതാണ് വീഡിയോയിലുള്ളത്. മൈതാനത്തെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ പൂർണമായും മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ടീമിനെ പ്രേരിപ്പിച്ചത്.
മത്സരത്തിന് മുമ്പ് വിവാദങ്ങൾ പലതും ഉണ്ടായിരുന്നെങ്കിലും മൈതാനത്ത് അച്ചടക്കത്തോടെയുള്ള പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. ഇന്ത്യ നിലനിർത്തുന്ന 'നോ-ഹാൻഡ്ഷേക്ക്' പോളിസി ഈ മത്സരത്തിലും തുടർന്നെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും മൈതാനത്ത് ഉണ്ടായില്ല.
Content Highlights: India captain`s stern warning to players against sledging Pakistan counterparts before the match. Focus on skill and performance.