14-ാം ഓവറിലെങ്കിലും 180 റൺസ് ചേസ് ചെയ്യണം ! കാൽക്കുലേറ്ററെടുത്തോളൂ, ഇനി ഇന്ത്യക്ക് വേണം വമ്പിച്ച ജയം

#സ്പോർട്സ് ഡെസ്ക്
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ | PTI
ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ | PTI

ന്യൂഡൽഹി: വ്യാഴാഴ്ച സിംബാബ്‌വേയ്‌ക്കെതിരേ നിർണായക മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും സിംബാബ്‌വേയ്‌ക്കെതിരേ വെസ്റ്റിൻഡീസ് നേടിയ കൂറ്റൻ ജയവും ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി സാധ്യതകളെ തുലാസിലാക്കിയിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ ജയിക്കുകയും മറ്റുടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്താൽ മാത്രമേ ഇന്ത്യ സെമിയിലേക്ക് പ്രവേശിക്കുകയുള്ളൂ. മാത്രമല്ല, സെമി സാധ്യതകൾ സജീവമായി നിലനിർത്തണമെങ്കിൽ സിംബാബ്‌വേയ്‌ക്കെതിരേ ചെറിയ ജയവും പോര.

വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പിൽ രണ്ടു പോയന്റുമായി വിൻഡീസാണ് ഇപ്പോൾ ഒന്നാമത്. വമ്പൻ ജയം അവർക്ക് സമ്മാനിച്ചത് +5.350ന്റെ നെറ്റ് റൺറേറ്റാണ്. ഇന്ത്യയെ തോൽപ്പിച്ച് രണ്ടു പോയന്റും +3.800 നെറ്റ് റൺറേറ്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും. വിൻഡീസിന്റെ ഈ വമ്പൻ നെറ്റ് റൺറേറ്റാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. നിലവിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -3.800 ആണ്. അടുത്ത രണ്ടു കളികളിൽ സിംബാബ്‌വേയേയും വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചാൽ പോലും ഇന്ത്യയ്ക്ക് സെമി ഉറപ്പില്ലാത്ത അവസ്ഥയാണ്. പ്രതീക്ഷ നിലനിർത്തണമെങ്കിൽ വൻ ജയം തന്നെ വേണമെന്നർഥം.

നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ് ആദ്യം ബാറ്റ്‌ചെയ്യുന്നതെങ്കിൽ സിംബാബ്‌വേയ്‌ക്കെതിരേ കുറഞ്ഞത് 77 റൺസിനെങ്കിലും ജയിക്കണം. മികച്ച ടോട്ടൽ പടുത്തുയർത്തിയാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസിനെയടക്കം അട്ടിമറിച്ച ടീമിനെ എറിഞ്ഞിടുകയും വേണം. ടി20 18 തവണ ഇന്ത്യ 77 റൺസിന് മുകളിലുള്ള മാർജിനിൽ ജയിച്ചിട്ടുണ്ട്. അതിനാൽ ഇത് അസാധ്യമായ ഒന്നല്ല.

ഇനി ചേസ് ചെയ്യുകയാണെങ്കിൽ ഇന്ത്യക്ക് കടുപ്പമാണ്. സിംബാബ്‌വേ 150 റൺസെടുത്താൽ കുറഞ്ഞത് 13-ാം ഓവറിൽ തന്നെ ലക്ഷ്യം മറികടക്കണം. സിംബാബ്‌വേ 180 റൺസെടുത്താൽ 14-ാം ഓവറിലെ അവസാനപന്തിലെങ്കിലും ലക്ഷ്യത്തിലെത്തണം. അതായത് ഇനി ആരാധകർക്ക് കാൽക്കുലേറ്ററെടുത്ത് തുടങ്ങാമെന്നർഥം. വരാനിരിക്കുന്ന മത്സരങ്ങളിൽ വൻ ജയം സ്വന്തമാക്കി സെമിയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാൽ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനക്കാരായി ഇന്ത്യയും കടക്കും. ഇനി ദക്ഷിണാഫ്രിക്ക ഒരു കളിയിൽ തോൽക്കുകയും ഇന്ത്യ രണ്ടുകളിയും ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ സങ്കീർണമാകും. വിൻഡീസാണ് ദക്ഷിണാഫ്രിക്കയെയും തോൽപ്പിക്കുന്നതെങ്കിൽ മൂന്നുടീമുകൾക്ക് നാലുപോയിന്റ് വീതമാകും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാകും. സിംബാബ്‌വേയാണ്‌ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നതെങ്കിൽ രണ്ടു വിജയങ്ങൾ ഇന്ത്യയെ സെമിയിലെത്തിക്കും.

ഇനി ഇന്ത്യ ഒരു കളിയിൽ മാത്രമാണ് ജയിക്കുന്നതെങ്കിൽ നേരിയസാധ്യത മാത്രമാകും. ദക്ഷിണാഫ്രിക്ക മൂന്നു കളികളിൽ ജയിക്കുകയും ഇന്ത്യ തോൽപ്പിക്കുന്ന ടീം വിൻഡീസ് ആയിരിക്കുകയും വേണം. അങ്ങനെയെങ്കിൽ മൂന്നുടീമുകൾക്കും രണ്ടു പോയിന്റ് വീതമാകും. മികച്ച നെറ്റ് റൺറേറ്റുണ്ടെങ്കിൽ ഇന്ത്യക്ക് സെമിബർത്ത് ലഭിക്കുകയും ചെയ്യും. രണ്ടുകളിയിലും മികച്ച ജയംനേടി നെറ്റ് റൺറേറ്റ് ഉയർത്തേണ്ടതും ഇന്ത്യൻ ടീമിന് ആവശ്യമാണ്.

Content Highlights: How India Can Boost Their Net Run Rate Against Zimbabwe