'ഇതിനൊക്കെ എന്ത് മറുപടിയാണ് നല്‍കേണ്ടത്'-പന്തിൽ കൃത്രിമം കാണിച്ചെന്ന ഇന്‍സമാമിന്റെ ആരോപണത്തിൽ രോഹിത്

ട്രിനിഡാഡ്: പന്തില്‍ കൃത്രിമം കാണിച്ചെന്ന മുന്‍ പാകിസ്താന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇതിനൊക്കെ എന്ത് മറുപടിയാണ് താന്‍ നല്‍കേണ്ടതെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇന്‍സമാമിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനോട് രോഹിത് പറഞ്ഞത്. ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ഇൻസമാമിന്റെ ആരോപണം.
വിക്കറ്റ് ഡ്രൈയാണ്. എല്ലാ ടീമുകള്‍ക്കും റിവേഴ്‌സ് സ്വിങ് കിട്ടുന്നുണ്ട്. കളിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് ചിന്തിച്ച് മനസിലാക്കണം. ഇത് ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അല്ല. രോഹിത് കൂട്ടിച്ചേര്‍ത്തു. മുന്‍ പാക് താരം സലീം മാലിക്കും സമാന ആരോപണവുമായി രംഗത്തുവന്നിരുന്നു.
പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ ബൗളര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നാണ് ഇന്‍സമാം ആരോപിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് അമ്പയര്‍മാരെയും വിമര്‍ശിച്ചു. അമ്പയര്‍മാരും മറ്റും ചില ടീമുകള്‍ക്ക് അനുകൂലമായി പെരുമാറുന്നുണ്ടെന്ന് മാലിക്കും ആരോപിച്ചിരുന്നു. കൃത്രിമം കാണിച്ചില്ലെങ്കില്‍ പുതിയ പന്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇന്‍സമാമിന്റെ പക്ഷം.
''അര്‍ഷ്ദീപ് 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്‌സ് സ്വിങ് ഉണ്ടായിരുന്നു. പുതിയ പന്തില്‍ ഇത് ഏറെ നേരത്തെയാണ്. അതിനര്‍ഥം റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ 12-ാമത്തെയോ 13-ാമത്തെയോ ഓവറുകളില്‍ പന്തില്‍ കൃത്രിമം നടന്നെന്നാണ്.'' - ഒരു പാക് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്‍സമാമിന്റെ പ്രതികരണം.
''ചില ടീമുകള്‍ക്കായി അമ്പയര്‍മാര്‍ കണ്ണടച്ചിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ത്യയും അതിലൊന്നാണ്. പാകിസ്താനെതിരായ മത്സരത്തിനിടെ സമാന സാഹചര്യം റിപ്പോര്‍ട്ട് ചെയ്തതിന് പിഴയീടാക്കിയത് ഞാന്‍ ഓര്‍ക്കുന്നു.'' - സലീം മാലിക്ക് പറഞ്ഞു. ഇത്തരമൊരു സാഹചര്യം പാക് ക്രിക്കറ്റിലാണ് ഉണ്ടായതെങ്കില്‍ തീര്‍ച്ചയായും നടപടി ഉണ്ടാകുമായിരുന്നുവെന്നും മാലിക് പറഞ്ഞു.
Content Highlights: Rohit Sharmas Reply inzamams Ball Tampering Allegation