പക്ഷേ, എതിരാളി ദക്ഷിണാഫ്രിക്ക അല്ലായിരുന്നെങ്കിലോ?

#പി.മുരളീധരൻ
Photo | ANI
Photo | ANI

അവിശ്വസനീയമായിരുന്നു ബാര്‍ബേഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലെ ആ രാത്രി. ഒരു ത്രില്ലര്‍ സിനിമയെക്കാള്‍ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങള്‍. തോല്‍വി ഉറപ്പിച്ച് കളിക്കളവും ടിവിക്കു മുന്നിലെ ഇരിപ്പിടവും വിട്ട് ഇന്ത്യന്‍ ആരാധകര്‍ എഴുന്നേറ്റു തുടങ്ങിയ സമയം. 2013-നു ശേഷം ഒരു തവണ പോലും ഐസിസി ട്രോഫികളില്‍ ജയിക്കാനാവാത്ത ഭാഗ്യം കെട്ട ടീമായി ഇന്ത്യ തുടരുമോ? 

ആറു വിക്കറ്റ് കൈയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 30 റണ്‍സ് മാത്രം. അത് അടിച്ചെടുക്കാന്‍ അഞ്ച് ഓവറുകളുമുണ്ട്. ക്രീസിലാവട്ടെ തൊട്ടു മുമ്പത്തെ രണ്ട് ഓവറുകളില്‍ 38 റണ്‍സ് വാരിയ ഹെയിന്റിക് ക്ലാസന്‍- ഡേവിഡ് മില്ലര്‍ സഖ്യം. പോയ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡിന്റെ ചുമലിലേറിയ ഓസ്‌ട്രേലിയ ഇന്ത്യയെ നാണം കെടുത്തിയതിന്റെ വേദന ഇനിയും മറക്കാത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ മറ്റൊരു ഫൈനല്‍ തോല്‍വിക്കും (ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് നയിച്ച ഇന്ത്യ തോറ്റിരുന്നു, ഓസ്‌ട്രേലിയയോടു തന്നെ) തുടര്‍ന്നുള്ള ആരാധകരുടെ നിര്‍ദയമായ ഓഡിറ്റിങ്ങിനും തയ്യാറെടുത്തു കാണണം. അദ്ദേഹം പതിനാറാമത്തെ ഓവര്‍ എറിയാന്‍ തന്റെ വജ്രായുധമായ ജസ്പ്രീത് ബുംറയെ വിളിച്ചു. കളി തോറ്റിട്ട് ബൂട്ടുകെട്ടിയിട്ടെന്താ കാര്യം?

ആ ഓവറില്‍ ബുംറ വിട്ടുകൊടുത്തത് വെറും നാലു റണ്‍സ്. അടുത്ത ഓവറില്‍ ഹാര്‍ദിക്ക് ക്ലാസനെ വീഴ്ത്തി. വീണ്ടുമെത്തിയ ബുംറ മാര്‍ക്കോ യാന്‍സനെ കൂടാരെ കയറ്റിയപ്പോള്‍ പത്തൊന്‍പതാം ഓവറില്‍ വെറും നാലു റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് ദക്ഷിണാഫ്രിക്കക്കാരുടെ നെഞ്ചിടിപ്പേറ്റി.

ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറില്‍ ഈ ടൂര്‍ണമെന്റ് കണ്ട ഏറ്റവും നിര്‍ണായകമായ ക്യാച്ചിലൂടെ മില്ലറെ സൂര്യകുമാര്‍ യാദവ് പുറത്താക്കി. വാട്ട് എ ക്യാച്ച്! 1999-ലെ ലോകകപ്പില്‍ തന്റെ ക്യാച്ച് വിട്ട ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍ ഹെര്‍ഷല്‍ ഗിബ്‌സിനോട് സ്റ്റീവ് വോ പറഞ്ഞത്രേ, നീ ഇപ്പോ വിട്ടുകളഞ്ഞത് ലോകകപ്പാണ്! അതിന്റെ നേര്‍വിപരീതമാണ് സൂര്യ ചെയ്തത്. അദ്ദേഹം ബൗണ്ടറി വരയ്ക്കുമേലുള്ള വിസ്മയകരമായ അഭ്യാസ പ്രകടനത്തിലൂടെ പിടിച്ചെടുത്തത് ഇന്ത്യയുടെ രണ്ടാമത്തെ ടി-20 ലോകകപ്പാണ്! അവിശ്വസനീയമായ തകര്‍ച്ചയിലൂടെയാണ് പ്രോട്ടീസ് തോറ്റതെങ്കിലും ഇന്ത്യയുടെ ബൗളിങ് അത്യുന്നത നിലവാരം പുലര്‍ത്തി ആ അഞ്ച് ഓവറുകളില്‍.

ഋഷഭ് പന്തിന്റെ കൗശലവും ദക്ഷിണാഫ്രിക്കക്കാരുടെ താളം തെറ്റിക്കുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബുംറ എറിഞ്ഞ പതിനാറാം ഓവര്‍ കഴിഞ്ഞപ്പോള്‍ പന്ത് വീണു. ഫിസിയോയെ വരുത്തി. പന്തിനെ പരിചരിക്കുന്ന നേരത്ത് ക്യാപ്റ്റന്‍ രോഹിത്ത് ടീനെ വിളിച്ചുകൂട്ടി. കളി തീരുന്നത് അവസാന പന്തിലാണെന്നും അതുവരെ ഒരുമിച്ചു പൊരുതണമെന്നും ഓര്‍മിപ്പിച്ചു. പതിനേഴാം ഓവര്‍ തുടങ്ങുമ്പോള്‍ ടീമിന്റെ മൊത്തം മനോഭാവത്തില്‍ വ്യത്യാസം വ്യക്തമായിരുന്നു! വളരെ കൂളായി കളി ഫിനിഷുചെയ്യാന്‍ ഇന്ത്യക്കു സാധിച്ചപ്പോള്‍ കടുത്ത സമ്മര്‍ദത്തിനടിപ്പെട്ട് ഒരിക്കല്‍ക്കൂടി കാലിടറി വീണു ആഫ്രിക്കന്‍ രാഷ്ട്രം.

പിന്നെ ലോകം സാക്ഷ്യം വഹിച്ചത് വികാരഭരിതമായ നിമിഷങ്ങള്‍ക്കാണ്. ആഹ്ലാദം, ആര്‍പ്പുവിളി. കണ്ണീര്‍ ചൂടിയ രോഹിതും കോലിയും ഹാര്‍ദിക്കും മില്ലറും ക്ലാസനും മാര്‍ക്രമും. എന്തിന്, പൊതുവേ വികാരപ്രകടനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോച്ച് ദ്രാവിഡിന്റെ മുഖത്തുമുണ്ടായിരുന്നു ഒരു കണ്ണീര്‍ത്തിളക്കം. അനിവാര്യമായ ചില വിടവാങ്ങലുകള്‍, യാത്ര പറച്ചിലുകള്‍... ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത മൂന്നാം ലോകകപ്പ് വിജയരാത്രി. തിരിഞ്ഞു നോക്കുമ്പോള്‍, തോറ്റെങ്കിലും ആദ്യമായി ലോകകപ്പ് ഫൈനലില്‍ കളിച്ച സന്തോഷമുണ്ടാവും ദക്ഷിണാഫ്രിക്കക്ക്.

ഫൈനലില്‍ ഇന്ത്യയുടെ പ്രതിയോഗി ദക്ഷിണാഫ്രിക്കക്കു പകരം ഓസ്‌ട്രേലിയയോ ഇംഗ്ലണ്ടോ ന്യൂസീലന്‍ഡോ ശ്രീലങ്കയോ ആയിരുന്നെങ്കില്‍ മത്സരഫലം ഇതാവുമായിരുന്നോ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്ന കാലം മുതല്‍ ലോക ക്രിക്കറ്റിലെ ചോക്കര്‍മാര്‍ (മാനസിക സമ്മര്‍ദം കാരണം പടിക്കല്‍ കലമുടയ്ക്കുന്നതുവരെ വിളിക്കുന്ന ഇംഗ്ലീഷ് വാക്ക്) ഈ ടീമാണ്. വിജയത്തിന്റെ വായില്‍നിന്ന് പരാജയം പിടിച്ചെടുക്കുന്ന ഭാഗ്യദോഷികള്‍. അലന്‍ ഡോണള്‍ഡും ജാക് കാലിസും പോലെ മഹാരഥന്‍മാര്‍ നിരവധിയുണ്ടായിട്ടും എണ്ണപ്പെട്ട ട്രോഫികളൊന്നും നേടാനാവാത്ത അവര്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും ഞെട്ടിക്കുന്ന തകര്‍ച്ചകളിലൊന്നിലൂടെയാണ് ഇവിടെ തോല്‍വി കൈയെത്തിപ്പിടിച്ചത്! ലോകകപ്പില്‍ ഇതുവരെ (ഏകദിനവും ടി-20യും ഉള്‍പ്പെടെ) ഏഴു സെമിഫൈനലുകളും പിന്നെ ഈ ഫൈനലും മാത്രമാണ് നേട്ടങ്ങള്‍.

ഇന്ത്യ തോറ്റിരുന്നെങ്കിലുള്ള സ്ഥിതി ആലോചിച്ചു നോക്കുക. (തോല്‍ക്കാന്‍ ആഗ്രഹമുണ്ടായിട്ടു പറയുന്നതല്ല, കേട്ടോ). കോലി ബാറ്റു ചെയ്യുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങളില്‍ അതിന്റെ സൂചനകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ വാഴ്ത്തുമൊഴികളാല്‍ മൂടുന്നവര്‍ അവരെ അധിക്ഷേപിക്കാന്‍ മത്സരിച്ചേനെ, പുറത്തിറങ്ങി നടക്കാന്‍ ബുദ്ധിമുട്ടാക്കിയേനേ! കളി നടക്കുമ്പോള്‍ കോലിയായിരുന്നു മുഖ്യ ഇരകളിലൊരാള്‍ (ഇപ്പോള്‍ വീരനായകനും!). 48 പന്തില്‍ 50 തികച്ച കോലിയുടെ മെല്ലെപ്പോക്ക് അവരെ അസ്വസ്ഥരാക്കി. പന്തും സൂര്യയും ഉത്തരവാദിത്വം കാട്ടിയില്ല എന്നും അവര്‍ക്കു തോന്നി. കോലി കുറച്ചുകൂടി നേരത്തേ ഔട്ടായി ഹാര്‍ദിക്കിനെ പോലുള്ള ഹിറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നു എന്നും പരക്കെ അഭിപ്രായമുണ്ടായി.

ഈ ടീമിന്റെ തിരഞ്ഞടുപ്പിനെതിരെ പല വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ലോകകപ്പിന്റെ ഫിക്‌സ്ചറില്‍ പോലും തിരിമറി ആരോപണങ്ങളുണ്ടായി. ഇന്ത്യയ്ക്കായി ഏറെക്കുറെ ഒരേ ഇലവനാണ് ആദ്യന്തം കളിച്ചത്. ഫൈനലില്‍ മാത്രം ഫോം കണ്ട കോലിയും അവിടവിടെ മിന്നുക മാത്രം ചെയ്ത ശിവം ദുബേയും അടക്കമുള്ള ടീം. ഘടനയില്‍ മാറ്റം വരുത്താത്തത് അന്തിമമായി ടീമിന് ഗുണം ചെയ്തു. ആ നിശ്ചയദാര്‍ഢ്യത്തിന് രാജ്യം കോച്ച് ദ്രാവിഡിനോടും രോഹിത്തിനോടും കടപ്പെട്ടിരിക്കുന്നു. സുഘടിതമായ ഒറ്റ യൂണിറ്റായാണ് ടീം കളിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ദ്രാവിഡിന്റെ തന്ത്രങ്ങളും മിക്കപ്പോഴും ഫലം കണ്ടു. ഫൈനലില്‍ മൂന്നു വിക്കറ്റു വീണപ്പോള്‍ അക്ഷറിനെ പ്രൊമോട്ട് ചെയ്യാന്‍ ഇരുവര്‍ക്കും സംശയമുണ്ടായില്ല. സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഒരു മുതിര്‍ന്ന ജ്യേഷ്ഠനെപ്പോലെ പെരുമാറിയ രോഹിതിന്റെ സാന്നിധ്യം തുണച്ചു.

ഈ സുസ്ഥിരത കാരണം നമ്മുടെ സഞ്ജു സാംസണും ജയ്‌സ്വാളും സിറാജും അടക്കമുള്ളവര്‍ക്ക് കാര്യമല്ലാത്ത മത്സരങ്ങളില്‍ പോലും അവസരം കിട്ടിയില്ല. ഈ പ്ലേയിംഗ് ഇലവന്റെ ശരാശരി പ്രായം എത്രയെന്ന് അറിയാമോ? 31! ഇവരില്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ബുംറ എന്നിവര്‍ക്ക് 30 വയസ്സാണ് പ്രായം. ഇതിലും താഴെയുള്ളത് കുല്‍ദീപ് (29), അര്‍ഷ്ദീപ് (25), ഋഷഭ് പന്ത് (26) എന്നിവര്‍ മാത്രമാണ്. 37-കാരനായ രോഹിത്തും 35-കാരായ കോലിയും ജഡേജയും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും ഈ ടീം കുറച്ചുകൂടി ചെറുപ്പമാവേണ്ടിയിരിക്കുന്നു എന്ന് കരുതുന്നവരുണ്ട്.

എന്തായാലും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വലിയൊരു അഴിച്ചുപണിയാണ്. മൂന്നു ഇതിഹാസ താരങ്ങള്‍ വിടവാങ്ങുന്നതുകൊണ്ടു മാത്രമല്ല, ദ്രാവിഡിന്റെ സ്ഥാനത്തേയ്ക്ക് മറ്റൊരാള്‍ വരുന്നതുകൊണ്ടും കൂടിയാണത്. മിക്കവാറും ഗൗതം ഗംഭീറാവും പുതിയ പരിശീലകന്‍. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ കോലിക്കൊപ്പം കളിച്ചയാള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീണ്ടും ജേതാവാക്കിയ മെന്റര്‍. എല്ലാ ടീമംഗങ്ങളെയും തുല്യരായി കാണുന്ന പരിശീലകന്‍. ദീര്‍ഘകാലത്തെ ഭാവി മുന്നില്‍ കണ്ട് മികച്ച തീരുമാനങ്ങളെടുക്കാന്‍ ഈ വിജയം ടീമിനും ബിസിസിഐയ്ക്കും ധൈര്യം പകരട്ടെ.


 

Content Highlights: icc t20 world cup cricket final story