മറക്കാത്ത മാക്‌സ്‌വെല്‍ ഇന്നിങ്‌സ്; കണക്ക് വീട്ടി അഫ്ഗാന്‍ പോരാട്ട വീര്യം, സങ്കടം മാറ്റി നൂര്‍

2023 നവംബര്‍ ഏഴ് എന്നൊരു ദിവസം അഫ്ഗാനിസ്താനിലെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. പ്രതിസന്ധികള്‍ മാത്രം നിറഞ്ഞ ഒരു രാജ്യത്തിന് പ്രതീക്ഷയുടെ ഏക കച്ചിത്തുരുമ്പായ ക്രിക്കറ്റിലെ ഒരു അട്ടിമറി വിജയത്തിന്റെ പടിവാതില്‍ക്കലാണ് അവര്‍ മൂക്കുംകുത്തി വീണത്. പരിക്കിന്റെ വേദന കടിച്ചമര്‍ത്തി ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന ഒറ്റയാള്‍ പോരാളി ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ കണ്‍മുന്നില്‍ കണ്ട വിജയം തെന്നിമാറുന്നത് അവര്‍ക്ക് നിസ്സഹായതോടെ നോക്കിനില്‍ക്കേണണ്ടി വന്നു. അന്ന് ഏകദിന ലോകകപ്പില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇരട്ട സെഞ്ചുറിയുമായി മാക്‌സ്‌വെല്‍ തലയുയര്‍ത്തി നിന്നു. അഫ്ഗാന്‍ താരങ്ങള്‍ ഓരോരുത്തരായി തല കുനിച്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
അന്നത്തെ ആ പരാജയം പിന്നീട് തന്റെ ജീവിതത്തിലെ ദു:സ്വപ്‌നമായി മാറിയെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ഉറങ്ങാന്‍ പോകുമ്പോഴെല്ലാം ആ ഇന്നിങ്‌സിനെ കുറിച്ച് മാത്രമാണ് ആലോചിക്കാറുണ്ടായിരുന്നതെന്നാണ് റാഷിദ് പറഞ്ഞത്. എന്നാല്‍ ആ ദു:സ്വപ്നത്തെ സ്വപ്‌നസമാനമായൊരു നേട്ടത്തിലൂടെ അഫ്ഗാന്‍ മാറ്റിവരച്ചിരിക്കുന്നു. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കാവുന്ന അട്ടിമറി വിജയം അവര്‍ സ്വന്തമാക്കിയിരിക്കുന്നു. സമീപകാലത്തെ അഫ്ഗാന്റെ പോരാട്ട വീര്യവും കളിമികവും വിലയിരുത്തിയാല്‍ അട്ടിമറി എന്ന് പറഞ്ഞ് കുറച്ചുകാണേണ്ടതില്ല. ഒത്തിണക്കമുള്ള ടീം പൊരുതി നേടിയ വിജയം തന്നെയാണിത്. ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 21 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാന് അതൊരു മധുരപ്രതികാരം കൂടിയായി. വാംഖഡെ സ്റ്റേഡിയത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തല്ലിക്കെടുത്തിയ പ്രതീക്ഷകളാണ് അതുപോലൊരു വേദിയില്‍ അഫ്ഗാന്‍ തിരിച്ചുപിടിച്ചത്.
അന്ന് ഏകദിന ലോകകപ്പില്‍ മാക്‌സ്‌വെല്ലിന്റെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അഫ്ഗാന്റെ ബൗളിങ്ങിന് മുന്നില്‍ പലപ്പോഴും പതറിപ്പോയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ 18.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് മാക്‌സവെല്ലും പാറ്റ് കമ്മിന്‍സും ഒത്തുചേര്‍ന്നതോടെ ഓസീസ് വിജയവഴിയിലെത്തി. 128 പന്ത് നേരിട്ട് മാക്‌സ്‌വെല്‍ 201 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 68 പന്തുകളില്‍ 12 റണ്‍സുമായി കമ്മിന്‍സ് പ്രതിരോധിച്ചു നിന്നു.
അന്ന് മുജീബുറഹ്‌മാന്‍ നഷ്ടപ്പെടുത്തിയ ഒരു ക്യാച്ചാണ് മത്സരത്തിന്റെ ഗതി തന്നെ നിര്‍ണയിച്ചത്. നൂര്‍ അഹമ്മദ് എറിഞ്ഞ 22-ാം ഓവറില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ കിട്ടിയ മനോഹരമായൊരു ക്യാച്ച് മുജീബ് വിട്ടുകളഞ്ഞു. സ്വീപ് ഷോട്ടിനുള്ള മാക്‌സ് വെല്ലിന്റെ ശ്രമം പരാജയപ്പെടുകയും പന്ത് മുജീബിനെ തേടിയെത്തുകയുമായിരുന്നു. പക്ഷേ അഫ്ഗാന്‍ താരം ആ സുവര്‍ണാവസരം പാഴാക്കി. ജീവന്‍ തിരിച്ചുകിട്ടിയ മാക്‌സ്‌വെല്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. 200 കടന്ന് കംഗാരുക്കളെ വിജയിപ്പിച്ച ശേഷമാണ് ബാറ്റിന് വിശ്രമം നല്‍കിയത്.
എന്നാല്‍ എട്ട് മാസങ്ങള്‍ക്കിപ്പുറം അഫ്ഗാന് പിഴച്ചില്ല. കൃത്യമായ ആസൂത്രണത്തിലൂടെ പഴുതുകളെല്ലാം അടച്ച് കിങ്സ്റ്റണിലെ അര്‍നോസ് വാലെ സ്‌റ്റേഡിയത്തില്‍ അവര്‍ കംഗാരുക്കളെ കുരുക്കിട്ട് മുറുക്കി. ഇവിടേയും 41 പന്തില്‍ 59 റണ്‍സോടെ മാക്‌സ്‌വെല്‍ തല പൊക്കി നോക്കിയെങ്കിലും ആ നോട്ടം വിജയത്തിലേക്കെത്തിയില്ല. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ പുറത്താക്കിയ ഗുല്‍ബദിന്‍ നയീബ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. ഗുല്‍ബദിന്റെ 15-ാം ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്ലിന്റെ ഷോട്ട് കൈകളിലേക്കെത്തിയപ്പോള്‍ നൂര്‍ അഹമ്മദിന്റെ മുഖത്തായിരുന്നു കൂടുതല്‍ സന്തോഷം. കാരണം അന്ന് തന്റെ പന്തില്‍ മുജീബിന് സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതെ ആ പന്ത് സുരക്ഷിതമായി കൈകള്‍ക്കുള്ളില്‍ ഒതുക്കിയത് നൂര്‍ അഹമ്മദായിരുന്നു.
Content Highlights: afghanistan secure historic win vs australia to stay alive in t20 world cup