'ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കുന്നുണ്ടാകും' ; പാക് താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തിനെതിരേ അക്രം

ഇസ്ലാമാബാദ്: ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ കഴിഞ്ഞ ദിവസം തോല്‍വി വഴങ്ങിയ പാകിസ്താന്‍ ടീമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. ടീമിനെ മോശം ഫീല്‍ഡിങ്ങിനെതിരേയും താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തിനെതിരേയും അക്രം തുറന്നടിച്ചു. പാകിസ്താനിലെ ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു വിമര്‍ശനം.
പാകിസ്താന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണമെന്നും പ്രൊഫഷണല്‍ താരങ്ങള്‍ക്ക് വേണ്ട ഫിറ്റ്‌നസ് അവര്‍ക്കില്ലെന്നും പറഞ്ഞ അക്രം മോശം ഫീല്‍ഡിങ്ങാണ് തോല്‍വിയുടെ വലിയ കാരണമെന്നും കൂട്ടിച്ചേര്‍ത്തു. അഫ്ഗാനെതിരേ എട്ടു വിക്കറ്റിനായിരുന്നു പാക് ടീം തോറ്റത്. മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ടൂര്‍ണമെന്റില്‍ പാകിസ്താന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇത്. ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായാണ് അഫ്ഗാന്‍ പാകിസ്താനെ തറപറ്റിക്കുന്നത്. ഇതോടെ ടീമിന്റെ സെമി പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുകയാണ്.
''ഇത് ലജ്ജാകരമാണ്, വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് വീണത്. 280-290 എന്നത് വലിയ സ്‌കോറാണ്. പിച്ചില്‍ നനവുണ്ടായിരുന്നോ ഇല്ലയോ എന്നതല്ല, ഫീല്‍ഡിങ് ദയനീയമായിരുന്നു. ഫിറ്റ്‌നസ് നിലവാരം നോക്കൂ. ഇക്കാര്യം നമ്മള്‍ ഈ ഷോയില്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടീമിന് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ല. ഞാന്‍ ഓരോ കളിക്കാരന്റെയും പേരുകള്‍ എടുത്ത് പറഞ്ഞാല്‍ അവര്‍ക്കത് പിടിക്കില്ല. അവര്‍ ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കാറുണ്ടെന്നാണ് തോന്നുന്നത്.'' - അക്രം പറഞ്ഞു.
രാജ്യത്തിനായി കളിക്കുമ്പോള്‍ നല്ല പ്രതിഫലം ലഭിക്കുന്നുണ്ടെന്നും താരങ്ങള്‍ അതിന്റെ ഉത്തരവാദിത്തം കാണിക്കണമെന്നും അക്രം തുറന്നടിച്ചു.
Content Highlights: Wasim Akram furious over Pakistan players fitness