ഫൈനലിലും അര്‍ധ സെഞ്ചുറി; കോലിയെ വിടാതെ റെക്കോഡുകള്‍

Photo: PTI
Photo: PTI

അഹമ്മദാബാദ്: റെക്കോഡുകളുടെ തോഴനാണ് ഇന്ത്യന്‍ താരം വിരാട് കോലി. ഇത്തവണത്തെ ലോകകപ്പില്‍ നിരവധി റെക്കോഡുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

ഇപ്പോഴിതാ ഓസ്‌ട്രേലിയക്കെതിരായ ഫൈനലിലും അര്‍ധ സെഞ്ചുറി കുറിച്ച കോലി 48 വര്‍ഷം നീണ്ട ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ സെമിയിലും ഫൈനലിലും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്ക് ബ്രെയര്‍ലി (1979), മുന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് ബൂണ്‍ (1987), മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് (1992), മുന്‍ ശ്രീലങ്കന്‍ ബാറ്റര്‍ അരവിന്ദ ഡി സില്‍വ (1996), മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്രാന്റ് എലിയറ്റ് (2015), ഓസീസ് താരം സ്റ്റീവ് സ്മിത്ത് (2015) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് അന്താരാഷ്ട്ര താരങ്ങള്‍.

ഫൈനലില്‍ 63 പന്തില്‍ നിന്ന് 54 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇത്തവണത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് കോലി 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. 2019 ലോകകപ്പിലും കോലി തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളില്‍ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.

ഇതോടൊപ്പം ഒരു ലോകകപ്പില്‍ 750 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലെഴുതി. ഈ ലോകകപ്പില്‍ 11 കളികളില്‍ നിന്ന് 95.62 ശരാശരിയില്‍ 765 റണ്‍സാണ് കോലിയുടെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളുമടക്കമാണ് കോലിയുടെ ഈ നേട്ടം.

Content Highlights: Virat Kohli becomes 1st Indian to score 50-plus runs in World Cup final and semi-final