ലോകകപ്പില്‍ ചരിത്രം കുറിച്ച് ട്രെന്റ് ബോള്‍ട്ട്, നേട്ടം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍

ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രം കുറിച്ച് ന്യൂസീലന്‍ഡ് സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ട്. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം ചരിത്രത്തിന്റെ ഭാഗമായി. ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസീലന്‍ഡിനായി 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരം എന്ന റെക്കോഡാണ് താരം നേടിയത്. നിലവില്‍ ആകെ 52 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റെടുത്തതോടെയാണ് ബോള്‍ട്ട് 50 ക്ലബ്ബിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം ബൗളര്‍ കൂടിയാണ് ബോള്‍ട്ട്. 49 വിക്കറ്റുകളുള്ള ചാമിന്ദ വാസിനെ മറികടന്നാണ് ബോള്‍ട്ട് ആറാം സ്ഥാനത്തെത്തിയത്. 71 വിക്കറ്റുള്ള ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് പട്ടികയില്‍ ഒന്നാമത്. 68 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ രണ്ടാമതും 59 വിക്കറ്റുകളുമായി ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമതും നില്‍ക്കുന്നു. ശ്രീലങ്കയുടെ ലസിത് മലിംഗ (56), പാക് താരം വസിം അക്രം (55) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാത്രമാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.
മത്സരത്തില്‍ ബോള്‍ട്ട് 10 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 37 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. ലോകകപ്പില്‍ അതിവേഗത്തില്‍ 50 വിക്കറ്റെടുക്കുന്ന നാലാമത്തെ താരം കൂടിയാണ് ബോള്‍ട്ട്. 2015 ലോകകപ്പിലാണ് താരം ആദ്യമായി കളിച്ചത്. ആ ലോകകപ്പില്‍ 22 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 2019 ലോകകപ്പില്‍ 17 വിക്കറ്റെടുക്കാനും ബോള്‍ട്ടിന് സാധിച്ചു. 2023 ലോകകപ്പില്‍ ഇതുവരെ 13 വിക്കറ്റെടുക്കാന്‍ ബോള്‍ട്ടിന് സാധിച്ചു.
Content Highlights: trent boult creates history becomes first new zealand bowler to take 50 wickets in wc