ലോകകപ്പ് ഫൈനലിന് കൊഴുപ്പേകാന്‍ കലാപരിപാടികള്‍, ആരാധകര്‍ക്ക് വിരുന്നൊരുക്കി ബി.സി.സി.ഐ

അഹമ്മദാബാദ്: 2023 ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കലാശപ്പോരില്‍ ആതിഥേയരായ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇത്തവണ കിരീടത്തില്‍ക്കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അപരാജിതക്കുതിപ്പ് നടത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. ഫൈനലിന് കൊഴുപ്പേകാന്‍ നിരവധി കലാപരിപാടികളാണ് ബി.സി.സി.ഐ ഒരുക്കിയിരിക്കുന്നത്. മത്സരത്തിന് മുന്‍പും ഇടവേളകളിലും മത്സരശേഷവുമെല്ലാം നിരവധി പരിപാടികള്‍ ബി.സി.സി.ഐ ഒരുക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. 1.30 ന് ടോസ് നടക്കും. അതിനുശേഷം 1.35 മുതല്‍ 1.50 വരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സൂര്യകിരണ്‍ എയര്‍ഷോ നടക്കും. പിന്നാലെ മത്സരം ആരംഭിക്കും. ആദ്യ ഇന്നിങ്‌സിനുശേഷം ആദിത്യ ഗാധ്‌വി നയിക്കുന്ന മ്യൂസിക് ഷോ സ്‌റ്റേഡിയത്തിലുണ്ടാകും. പിന്നാലെ പ്രീതം ചക്രബര്‍ത്തി, ജോണിത ഗാന്ധി, നകാഷ് അസീസ്, അമിത് മിശ്ര, അകാശ സിങ്, തുഷാര്‍ ജോഷി എന്നിവരുടെ ഷോയും അരങ്ങേറും.
മത്സരശേഷം കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ഷോയും ലൈറ്റ് ഷോയുമുണ്ടാകും. അഹമ്മദാബാദില്‍ റെക്കോഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം കാണികള്‍ക്ക് ഒരുമിച്ചിരുന്ന് മത്സരം കാണാം. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുപോയിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരം കാണാനായി എത്തും.
Content Highlights: The ICC Men's Cricket World Cup 2023 Final is filled with stellar performances