അരങ്ങേറ്റ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, ചരിത്രനേട്ടവുമായി രചിന്‍ രവീന്ദ്ര

ബെംഗളൂരു: 2023 ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിലൊരാളാണ് രചിന്‍ രവീന്ദ്ര. ന്യൂസീലന്‍ഡിന്റെ ഈ യുവതാരം മിന്നും ഫോമിലാണ് കളിക്കുന്നത്. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ യാതൊരു അങ്കലാപ്പുമില്ലാതെ രചിന്‍ അനായാസം റണ്‍സടിക്കാന്‍ തുടങ്ങിയപ്പോള്‍ കിവീസ് ബാറ്റിങ് നിര സുശക്തമായി. ഇപ്പോഴിതാ പുതിയൊരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രചിന്‍.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 34 പന്തില്‍ 42 റണ്‍സെടുത്തതോടെ രചിന്‍ വലിയൊരു റെക്കോഡ് തകര്‍ത്തു. അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയുടെ റെക്കോഡാണ് രചിന്‍ തകര്‍ത്തത്.
2019 ലോകകപ്പില്‍ 532 റണ്‍സെടുത്ത ബെയര്‍സ്റ്റോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. നിലവില്‍ രചിന്റെ അക്കൗണ്ടില്‍ 565 റണ്‍സുണ്ട്. വെറും ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ബാബര്‍ അസം (474), രാഹുല്‍ ദ്രാവിഡ് (461), ഡേവിഡ് ബൂണ്‍ (447) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
25 വയസ്സ് തികയും മുന്‍പ് ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം എന്ന റെക്കോഡും രചിന്‍ സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റെക്കോഡാണ് രചിന്‍ മറികടന്നത്. 1996 ലോകകപ്പ് വരെ സച്ചിന്‍ 25 വയസ്സിനുള്ളില്‍ നേടിയത് 523 റണ്‍സാണ്. ഇത് രചിന്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ മറികടന്നു. മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കിവീസ് സെമി ഫൈനല്‍ സാധ്യതകള്‍ ഊട്ടിയുറപ്പിച്ചു.
Content Highlights: Rachin Ravindra scored more runs in his debut World Cup, making history