ആദ്യം കോണ്‍വെ റെക്കോഡ് നേടി, തൊട്ടുപിന്നാലെ രചിന്‍ അത് തകര്‍ത്തു

Photo: PTI
Photo: PTI

അഹമ്മദാബാദ്: 2023 ലോകകപ്പിന് ഉജ്ജ്വലത്തുടക്കമാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയുമാണ് കിവീസിന് വമ്പന്‍ വിജയം സമ്മാനിച്ചത്. 

മത്സരത്തില്‍ കോണ്‍വെ 152 റണ്‍സും രചിന്‍ 123 റണ്‍സും നേടി പുറത്താവാതെ നിന്നു. ഈ മത്സരത്തില്‍ രസകരമായ ഒരു സംഭവമരങ്ങേറി. മത്സരത്തില്‍ ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത് കോണ്‍വെയാണ്. വെറും 83 പന്തുകളില്‍ നിന്നാണ് കോണ്‍വെ സെഞ്ചുറി നേടിയത്. ഇതോടെ പുതിയൊരു റെക്കോഡും താരം നേടി. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഒരു ന്യൂസീലന്‍ഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2015 ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ബംഗ്ലാദേശിനെതിരേ 88 പന്തുകളില്‍ നിന്ന് നേടിയ റെക്കോഡ് ഇതോടെ പഴങ്കഥയായി. 

എന്നാല്‍ കോണ്‍വെയുടെ ഈ റെക്കോഡിന് മിനിറ്റുകള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. കോണ്‍വെയ്ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. താരം 82 പന്തുകളില്‍ നിന്നാണ് മൂന്നക്കം കണ്ടത്. ഇതോടെ കോണ്‍വെയുടെ പേരിലുള്ള റെക്കോഡ് രചിന്‍ സ്വന്തമാക്കി. 23 കാരനായ രചിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയാണിത്. അത് റെക്കോഡോടെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. ഒപ്പം മറ്റൊരു റെക്കോഡും താരം സ്വന്തം പേരില്‍ കുറിച്ചു. 

ക്രിക്കറ്റ് ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരം എന്ന റെക്കോഡ് രചിന്‍ സ്വന്തമാക്കി. വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോഡ്. അതോടൊപ്പം ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ന്യൂസീലന്‍ഡ് താരം എന്ന റെക്കോഡും രചിന്‍ സ്വന്തം പേരില്‍ കുറിച്ചു. 

Content Highlights: rachin ravindra break devon conway's record in cricket world cup 2023