ഈ ലോകകപ്പില്‍ മൂന്നാം സെഞ്ചുറി; ഡിക്കോക്കിനെ തേടി ദക്ഷിണാഫ്രിക്കന്‍ റെക്കോഡ്

മുംബൈ: ഇത്തവണത്തെ ലോകകപ്പില്‍ ഒരിക്കല്‍ കൂടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ പ്രോട്ടീസ് അടിച്ചെടുത്തത് 382 റണ്‍സാണ്. ബംഗ്ലാദേശ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ചെയ്യുകയായിരുന്നു പ്രോട്ടീസ് ബാറ്റര്‍മാര്‍. അതില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കും.
ഒരു ഘട്ടത്തില്‍ ഇരട്ട സെഞ്ചുറിയിലേക്കെന്ന് തോന്നിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 140 പന്തില്‍ നിന്ന് 15 ഫോറും ഏഴ് സിക്‌സറുകളും പറത്തിയ ഡിക്കോക്ക് 174 റണ്‍സാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് താരം വാങ്കെഡെയില്‍ കുറിച്ചത്. കരിയറിലെ 20-ാം സെഞ്ചുറിയും.
ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഡിക്കോക്ക് തന്റെ ഏറ്റവും മികച്ച ഫോമാണ് ഇത്തവണത്തെ ലോകകപ്പില്‍ കാഴ്ച വെയ്ക്കുന്നത്. ഇതോടൊപ്പം ലോകകപ്പിലെ മൂന്നാം സെഞ്ചുറിയോടെ ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. 2015 ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ എ ബി ഡിവില്ലിയേഴ്‌സിന്റെ നേട്ടമാണ് ഡിക്കോക്ക് മറികടന്നത്.
ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ കുറഞ്ഞത് മൂന്ന് സെഞ്ചുറിയെങ്കിലും നേടുന്ന ഏഴാമത്തെ ബാറ്ററുമാണ് ഡിക്കോക്ക്. രോഹിത് ശര്‍മ, കുമാര്‍ സംഗക്കാര, സൗരവ് ഗാംഗുലി എന്നിവരുള്‍പ്പെട്ട പട്ടികയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്.
ഇത്തവണ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്ക 428 റണ്‍സെന്ന റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയ മത്സരത്തില്‍ 84 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 12 ഫോറുമടക്കം 100 റണ്‍സായിരുന്നു ഡിക്കോക്കിന്റെ സംഭാവന. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും സെഞ്ചുറി നേടിയ താരം 106 പന്തില്‍ നിന്ന് അഞ്ച് സിക്‌സും എട്ട് ഫോറുമടക്കം 109 റണ്‍സെടുത്തു.
Content Highlights: Quinton de Kock becomes 1st South African batter to hit 3 hundreds in a single World Cup