പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ചുറി; സംഗക്കാരയെ മറികടന്ന് കുശാല്‍ മെന്‍ഡിസ്

Photo: AFP
Photo: AFP

ഹൈദരാബാദ്: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയ  ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന് റെക്കോഡ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലോകകപ്പിലെ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡാണ് മെന്‍ഡിസ് സ്വന്തമാക്കിയത്.

65 പന്തില്‍ നിന്നായിരുന്നു പാകിസ്താനെതിരേ താരത്തിന്റെ സെഞ്ചുറി. ഇതോടെ മുന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് മെന്‍ഡിസ് പഴങ്കഥയാക്കിയത്. 2015-ല്‍ ഇംഗ്ലണ്ടിനെതിരേ 70 പന്തില്‍ നിന്നായിരുന്നു സംഗക്കാരയുടെ സെഞ്ചുറി. മത്സരത്തില്‍ വെറും 77 പന്തില്‍ നിന്ന് 14 ഫോറും ആറ് സിക്സും പറത്തിയ കുശാല്‍ മെന്‍ഡിസ് 122 റണ്‍സെടുത്തു.

ഇതോടൊപ്പം ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമെന്ന നേട്ടവും മെന്‍ഡിസിനെ തേടിയെത്തി. 1987 ലോകകപ്പില്‍ ഹൈദരാബാദില്‍ റോഷന്‍ മഹാനാമ നേടിയ 89 റണ്‍സായിരുന്നു ലോകകപ്പില്‍ പാകിസ്താനെതിരേ ഒരു ലങ്കന്‍ താരത്തിന്റെ മികച്ച പ്രകടനം.

ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലെ ആറാമത്തെ വേഗമേറിയ സെഞ്ചുറിയാണ് മെന്‍ഡിസിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇത്തവണ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രം 49 പന്തില്‍ നിന്ന് നേടിയ സെഞ്ചുറിയാണ് ഒന്നാമത്. 2011-ല്‍ കെവിന്‍ ഒബ്രിയന്‍ (50 പന്ത്), 2015-ല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (51 പന്ത്), 2015-ല്‍ എ ബി ഡിവില്ലിയേഴ്‌സ് (52 പന്ത്), 2019-ല്‍ ഓയിന്‍ മോര്‍ഗന്‍ (57 പന്ത്) എന്നിവരാണ് പട്ടികയിലുള്ളത്.

Content Highlights: Kusal Mendis hits fastest century by a Sri Lanka batter in World Cup history