ഇന്ത്യയ്ക്കായി രാഹുലിന്റെ പോരാട്ടം; കലാശപ്പോരില്‍ അപൂര്‍വ്വനേട്ടം സ്വന്തമാക്കി താരം

അഹമ്മദാബാദ്: ഓസ്‌ട്രേലിയയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ അപൂര്‍വ്വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ഒരു ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന ആദ്യ അഞ്ചാം നമ്പര്‍ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ അര്‍ധസെഞ്ചുറിയും രാഹുല്‍ തികച്ചു.
ഈ ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് കെഎല്‍ രാഹുല്‍. വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് നേരത്തേ 400 റണ്‍സ് തികച്ച താരങ്ങള്‍. ഒരു ലോകകപ്പില്‍ ഇതാദ്യമായാണ് നാല് ഇന്ത്യന്‍ താരങ്ങള്‍ 400-റണ്‍സിലധികം റണ്‍സ് നേടുന്നത്.
35-ാം ഓവറിലാണ് താരം അര്‍ധസെഞ്ചുറി നേടുന്നത്. 86-പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ രാഹുല്‍ ഇന്ത്യന്‍ സ്‌കോര്‍ 200-കടത്തി. 107 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഈ ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി നേടിയ രാഹുലിന്റെ രണ്ടാം അര്‍സെഞ്ചുറിയാണിത്. താരം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ലോകകപ്പ് കൂടിയാണിത്. 2019-ലോകകപ്പില്‍ 361 റണ്‍സാണ് താരം നേടിയത്.
Content Highlights: kl rahul completes 400 world cup runs