ഒറിജിനൽ കപിലിന് ക്ഷണമില്ല, സ്ക്രീനിലെ കപിൽ ഗ്യാലറിയിൽ

അഹമ്മദാബാദ്: ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് നേടിത്തന്നവരാണ് 1983-ല്‍ കപില്‍ ദേവിന്റെ നേതൃത്തിലിറങ്ങിയ ഇന്ത്യന്‍ ടീം. ഇപ്പോഴിതാ ആ വിശ്വവിജയം 40 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യ മറ്റൊരു ലോകകപ്പ് ഫൈനല്‍ കളിക്കുകയാണ്. എന്നാല്‍ അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ഫൈനല്‍ കാണാന്‍ ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ലോകകപ്പ് നേടിത്തന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇക്കാരണത്താലാണ് ലോകകപ്പ് ഫൈനല്‍ കാണാന്‍ താന്‍ പോകാതിരുന്നതെന്നും കപില്‍ എബിപി ന്യൂസിനോട് പ്രതികരിച്ചു.
''എന്നെ ക്ഷണിച്ചിട്ടില്ല. അവര്‍ എന്നെ വിളിച്ചില്ല, അതിനാല്‍ ഞാന്‍ പോയില്ല. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകള്‍ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോള്‍ പലതും അവര്‍ മറന്നുപോകും.'' - കപില്‍ പറഞ്ഞു.
അതേസമയം കബീര്‍ ഖാന്‍ സംവിധാനം ചെയ്ത '83'എന്ന ചിത്രത്തില്‍ കപിലായി വേഷമിട്ട ബോളിവുഡ് നടന്‍ രണ്‍വീറും ഭാര്യയും നടിയുമായ ദീപിക പദുക്കോണും കളി കാണാന്‍ ഗാലറിയിലുണ്ട്.
1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് കപിലിന്റെ നേതൃത്വത്തിലായിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
Content Highlights: Kapil Dev claims he wasn't invited to watch World Cup 2023 final