ലോകകപ്പ് ഫൈനലിന് സ്‌പെഷല്‍ ട്രെയിനുകളുമായി റെയില്‍വേ

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനായി സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്. 

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് അഹമ്മദാബാദിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുള്ളത്. ആകെ നാല് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതില്‍ മൂന്നെണ്ണം മുംബൈയില്‍ നിന്നും ഒരു ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും സര്‍വീസ് നടത്തും. മുംബൈയില്‍ നിന്ന് ട്രെയിനുകള്‍ ഇന്ന് വൈകിട്ട് സര്‍വീസ് തുടങ്ങി നാളെ രാവിലെ അഹമ്മദാബാദിലെത്തും. 

വിമാനനിരക്കുകള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ എത്തുന്നത്. ഇത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നിരിക്കുന്നത്. നിലവില്‍ വിമാന
ടിക്കറ്റുകള്‍ക്ക്‌ 20000 മുതല്‍ 40000 രൂപവരെയാണ് നിരക്ക്‌.

സ്‌പെഷ്യല്‍ ട്രെയിനുകളുടെ നിരക്ക് ഇപ്രകാരമാണ്. സ്ലീപ്പന്‍ ടിക്കറ്റ് 620 രൂപ. തേര്‍ഡ് എ.സി  ഇക്കണോമി 1525 രൂപ. തേര്‍ഡ് എ.സി 1665 രൂപ. ഫസ്റ്റ് ക്ലാസ് എ.സി 3490 രൂപ. മത്സരശേഷം തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ന് ട്രെയിനുകളുടെ തിരിച്ചുള്ള സര്‍വീസുമുണ്ടാകും.

Content Highlights: Indian Railways announces special trains for World Cup final in Ahmedabad