മാര്‍ഷിനും ഇംഗ്ലിസിനും ഫിഫ്റ്റി; ശ്രീലങ്കയെ കീഴടക്കി ആദ്യ ജയം സ്വന്തമാക്കി ഓസീസ്

Photo: AP
Photo: AP

ലഖ്‌നൗ: 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ടീമിനായി തിളങ്ങി. മൂന്നാം തോല്‍വിയോടെ ലങ്കയുടെ സെമി സാധ്യത തുലാസിലായി.

24 റണ്‍സിനിടെ ഡേവിഡ് വാര്‍ണര്‍ (11), സ്റ്റീവ് സ്മിത്ത് (0) എന്നിവരെ നഷ്ടമായ ശേഷമായിരുന്നു ഓസീസിന്റെ തിരിച്ചുവരവ്. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ഷ് - മാര്‍നസ് ലബുഷെയ്ന്‍ സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. 51 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 52 റണ്‍സെടുത്ത മാര്‍ഷ് 15-ാം ഓവറില്‍ റണ്ണൗട്ടായി.

പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ്, ലബുഷെയ്‌നെ സാക്ഷിയാക്കി അടിച്ചുതകര്‍ത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു. 60 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റണ്‍സെടുത്ത ലബുഷെയ്‌നെ പുറത്താക്കി മധുഷങ്കയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 59 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 58 റണ്‍സെടുത്ത ഇംഗ്ലിസാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.

തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 21 പന്തില്‍ നിന്ന് 31 റണ്‍സോടെ ഓസീസ് ജയം വേഗത്തിലാക്കി. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 20 റണ്‍സോടെ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ഓസ്ട്രേലിയക്കെതിരേ ലഭിച്ച മികച്ച തുടക്കം കളഞ്ഞുകുളിച്ച ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

21.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെന്ന നിലയില്‍ നിന്നാണ് ലങ്ക തകര്‍ന്നടിഞ്ഞത്. മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത് ഓപ്പണര്‍മാരുടെ പ്രകടനം മാത്രമായി. വെറും 52 റണ്‍സിനാണ് അവസാന ഒമ്പത് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായത്.

ഭേദപ്പെട്ട തുടക്കമായിരുന്നു ലങ്കയുടേത്. ശ്രദ്ധയോടെ ബാറ്റ് വീശിയ പതും നിസ്സങ്ക - കുശാല്‍ പെരേര സഖ്യം പിന്നീട് സ്‌കോറിങ് വേഗത്തിലാക്കി. 67 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 61 റണ്‍സെടുത്ത നിസ്സങ്കയെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27-ാം ഓവറില്‍ കുശാല്‍ പെരേരയേയും കമ്മിന്‍സ് മടക്കിയതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി. 82 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 78 റണ്‍സെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇവരെ കൂടാതെ 25 റണ്‍സെടുത്ത ചരിത് അസലങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന താരം.

ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് (9), സദീര സമരവിക്രമ (8), ധനഞ്ജയ ഡിസില്‍വ (7) എന്നിവരെല്ലാം വന്നപാടേ മടങ്ങിയതോടെ ലങ്ക തീര്‍ത്തും പ്രതിസന്ധിയിലായി. നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയുടെ മധ്യനിര തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും കമ്മിന്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ദുനിത് വെല്ലാലഗെ (2), ചമിക കരുണരത്നെ (2), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Content Highlights: ICC Cricket World Cup 2023 Australia vs Sri Lanka at Lucknow