ഒറ്റമുറിക്ക് 1.25 ലക്ഷം; അഹമ്മദാബാദില്‍ കുതിച്ചുയര്‍ന്ന് ഹോട്ടല്‍, വിമാന ടിക്കറ്റ് നിരക്കുകള്‍

അഹമ്മദാബാദ്: ഇന്ത്യ - ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കേ അഹമ്മദാബാദില്‍ ഹോട്ടല്‍ മുറികളുടെയും വിമാന ടിക്കറ്റിന്റെയും നിരക്കുകള്‍ കുതിച്ചുയരുന്നു. ഞായറാഴ്ച നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. 1,30000 കാണികളെ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റേഡിയം. കളികാണാനെത്തുന്ന വന്‍ ജനാവലി കാരണമാണ് നിരക്ക് ഉയരുന്നത്.
നഗരത്തിലെ മുന്‍നിര പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മത്സര ദിവസം രാത്രിയിലെ ഹോട്ടല്‍ മുറികളുടെ നിരക്ക് രണ്ട് ലക്ഷം രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അഹമ്മദാബാദിലെത്തുന്നത്. ഹോട്ടല്‍ മുറികളുടെ ആവശ്യം വര്‍ധിച്ചുവരുന്നതിനാല്‍ നേരത്തെ നാമമാത്ര നിരക്കില്‍ ലഭ്യമായിരുന്ന മുറികള്‍ക്ക് ഇപ്പോള്‍ 50,000 മുതല്‍ 1.25 ലക്ഷം രൂപ വരെയായിട്ടുണ്ടെന്ന് ഗുജറാത്ത് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര സൊമാനി പറഞ്ഞു.
ഇതോടൊപ്പം വിവിധ നഗരങ്ങളില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനയാണ്. ചെന്നൈയില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് സാധാരണ സമയങ്ങളില്‍ 5000 രൂപയാണ് നിരക്ക്, എന്നാല്‍ ഇപ്പോള്‍ അത് 16,000 മുതല്‍ 25,000 രൂപ വരെയെത്തിയിട്ടുണ്ട്.
Content Highlights: Hotel Prices Airfares Skyrocket In Ahmedabad