ഈ കണ്ണീര്‍ എന്ന് തോരും? ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി സെമി ശാപം

കൊല്‍ക്കത്ത: 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക...' ഇക്കുറി ക്രിക്കറ്റ് ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് അവസാനിച്ചപ്പോള്‍ പലരും പാടിയത് പോപ് ഗായിക ഷക്കീറയുടെ 'വാക്ക വാക്ക' പാട്ടിലെ ഈ വരികളായിരുന്നു. അത്രയും ഫോമിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ താരങ്ങള്‍.
ക്വിന്റണ്‍ ഡി കോക്ക് നയിച്ച ബാറ്റിങ് നിരയും കേശവ് മഹാരാജിന്റെ നേതൃത്വത്തിലുള്ള ബൗളിങ് സംഘവും ഓരോ മത്സരത്തിലും കരുത്തുകാട്ടി. രണ്ടുതോല്‍വികള്‍ നേരിട്ടെങ്കിലും ആശങ്കയ്ക്ക് വകനല്‍കാതെ സെമിയുറപ്പിച്ചു. പക്ഷെ, എത്ര പഠിച്ചിട്ടും പാസാകാത്ത പരീക്ഷയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് സെമി. ഇത്തവണയും അതില്‍ മാറ്റം വന്നില്ല. ഓസ്‌ട്രേലിയയോട് പൊരുതിവീണു. ദക്ഷിണാഫ്രിക്കയുടെ അഞ്ചാം സെമി തോല്‍വി.
1992, 1999, 2007, 2015 വര്‍ഷങ്ങളിലായിരുന്നു മുമ്പത്തെ കീഴടങ്ങലുകള്‍. ഇതില്‍ 1999-ലും 2007 -ലും ഓസീസിനോടുതന്നെയാണ് തോറ്റത്. സെമിയില്‍ എന്നും നിര്‍ഭാഗ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ടായിരുന്നു. 1992-ല്‍ ആദ്യ ലോകകപ്പിനിറങ്ങിയതായിരുന്നു അവര്‍. പക്ഷെ മഴനിയമം ചതിച്ചു.
സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 45 ഓവറില്‍ 253 ചേസ് ചെയ്യുകയാണ് ദക്ഷിണാഫ്രിക്ക. 42.5 ഓവറായപ്പോള്‍ മഴയെത്തി. ആ സമയം നാലുവിക്കറ്റ് കൈയിലിരിക്കേ 13 പന്തില്‍ 22 മതിയായിരുന്നു. ബ്രയാന്‍ മാക്മില്ലനും (21) ഡേവിഡ് റിച്ചാര്‍ഡ്സണും (13) ക്രീസില്‍. മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ലക്ഷ്യവും പുനര്‍നിശ്ചയിച്ചു. പിന്നെ വേണ്ടത് ഒരു പന്തില്‍ 21 റണ്‍സ്! അസാധ്യമായ ലക്ഷ്യം കണ്ട് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ കരഞ്ഞു.
1999-ലും അവര്‍ക്ക് നിര്‍ഭാഗ്യം കൂട്ടുണ്ടായിരുന്നു. സെമിയില്‍ ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും സ്‌കോറുകള്‍ തുല്യമായി വന്നു. ഇരുടീമും നേടിയത് 213 റണ്‍സ് വീതം. പക്ഷെ സൂപ്പര്‍ ഓവറുകളില്ലാത്ത കാലത്ത് മത്സരം ടൈ ആയി പിരിഞ്ഞു. സൂപ്പര്‍ സിക്‌സിലെ പോയന്റ് പരിഗണിച്ചു. അതും തുല്യം. പക്ഷെ മോശം റണ്‍റേറ്റ് ദക്ഷിണാഫ്രിക്കയെ ചതിച്ചു. ഇത്തവണ ദക്ഷിണാഫ്രിക്ക നന്നായി പൊരുതിയിട്ടാണ് കീഴടങ്ങുന്നത്. എങ്കിലും ടോസ് നേടി ആദ്യം ബാറ്റുചെയ്യാനുള്ള ക്യാപ്റ്റന്റെ തീരുമാനം പാളിയോ എന്ന ചര്‍ച്ച സജീവമാകുമെന്നുറപ്പ്.
Content Highlights: Horror World Cup semi-final curse of south africa cricket team