ലോകകപ്പ് ഫൈനലിനിടെ സുരക്ഷാ വീഴ്ച:പിച്ചില്‍ അതിക്രമിച്ചു കയറി ആരാധകന്‍ കോലിയെ കെട്ടിപ്പിടിച്ചു

പിച്ചിലേക്ക് അതിക്രമിച്ചു കയറിയ ആരാധകന്‍ കോലിയെ കെട്ടിപ്പിടിക്കുന്നു
പിച്ചിലേക്ക് അതിക്രമിച്ചു കയറിയ ആരാധകന്‍ കോലിയെ കെട്ടിപ്പിടിക്കുന്നു

അഹമ്മബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനിടെ കനത്ത സുരക്ഷാ വീഴ്ച.  'ഫ്രീ പലസ്തീന്‍' എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് മത്സരം നടക്കുന്നതിനിടെ ഒരു ആരാധകന്‍ പിച്ചിലേക്ക് അതിക്രമിച്ചു കയറി. കോലിയെ കെട്ടിപ്പിടിച്ച ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 1.3 ലക്ഷം സീറ്റുകളുള്ള സ്റ്റേഡിയം ആരാധകരാല്‍ നിറഞ്ഞിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 14-ാം ഓവറിനിടെയായിരുന്നു ആരാധകന്‍ പിച്ചിലേക്ക് ഓടിക്കയറിയത്. ഈ സമയം ക്രീസിലുണ്ടായിരുന്ന കോലിയെ ഇയാള്‍ കെട്ടിപ്പിടിച്ചു. പലസ്തീനില്‍ ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിക്കുക എന്നും ഇയാളുടെ വസ്ത്രത്തില്‍ എഴുതിയിരുന്നു.

സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ഇയാളെ അഹമ്മദാബാദിലെ ചന്ദ്‌ഖേദ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

'എന്റെ പേര് ജോണ്‍, ഞാന്‍ ഓസ്‌ട്രേലിയക്കാരനാണ്. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയത്. ഞാന്‍ പലസ്തീനെ അനുകൂലിക്കുന്നു'  പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പറഞ്ഞു.
 

Content Highlights: Fan Invades Pitch, Hugs Virat Kohli In Massive Security Breach During Cricket World Cup 2023 Final