ഷമിയുടെ ഗ്രാമത്തില്‍ പുതിയ മിനി സ്റ്റേഡിയവും ജിംനേഷ്യവും വരുന്നു

Photo: Reuters
Photo: Reuters

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈ ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയുമായ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ പുതിയ മിനി സ്റ്റേഡിയവും ഓപ്പണ്‍ ജിംനേഷ്യവും വരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇക്കാര്യമറിയിച്ചത്. ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയിലാണ് ഷമി ജനിച്ചുവളര്‍ന്നത്. 

2023 ലോകകപ്പിലെ ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തിനുപിന്നാലെയാണ് സര്‍ക്കാര്‍ സ്റ്റേഡിയവും ജിംനേഷ്യവും ആരംഭിക്കാന്‍ തീരുമാനമെടുത്തത്. മിനി സ്റ്റേഡിയത്തിനും ഓപ്പണ്‍ ജിംനേഷ്യത്തിനുമായി സ്ഥലം ഉടന്‍ തന്നെ ഏറ്റെടുക്കുമെന്നും ഉടന്‍ തന്നെ നിര്‍ദേശം സര്‍ക്കാരിന് കൈമാറുമെന്നും അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗി ഐ.എ.എസ് വ്യക്തമാക്കി. 

ഉത്തര്‍ പ്രദേശില്‍ ആകെ 20 സ്റ്റേഡിയങ്ങളാണ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അംറോഹയിലെ സഹസ്പുര്‍ അലിനഗര്‍ ഗ്രാമമാണ് ഷമിയുടെ ജന്മദേശം. ഇവിടെയായിരിക്കും സ്റ്റേഡിയവും ജിംനേഷ്യവും നിര്‍മിക്കുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ഷമി. ആദ്യ നാല് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഴിയാതെപോയ ഷമി ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ടീമിലിടം നേടിയത്. പിന്നീട് നടന്നത് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ്. 

വെറും ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷമി ഇതിനോടകം വീഴ്ത്തിയിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ താരം ഏഴുവിക്കറ്റ് എറിഞ്ഞിട്ട് ഒരു ഇന്ത്യന്‍ താരത്തിന്റെ ഏകദിനത്തിലെ മികച്ച പ്രകടനം എന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ് ഷമി. 
 

Content Highlights: Cricketer Mohammed Shami's village to get mini-stadium, gymnasium