റാഷ്‌ഫോര്‍ഡിന്റെ ശൈലിയില്‍ വിക്കറ്റ് ആഘോഷിച്ച് ബുംറ, വൈറലായി ചിത്രം

ന്യൂഡല്‍ഹി: ഗോളടിച്ചതിനുശേഷമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ ആഘോഷങ്ങള്‍ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതില്‍ ചിലത് പല കായിക താരങ്ങളും അനുകരിക്കാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 'സിയൂ...' എന്ന ആഘോഷം പലരും ഈയിടെയായി അനുകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ക്രിസ്റ്റ്യാനോയുടെ ശൈലിയില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഈയിടെ വൈറലായിരുന്നു.
ഇപ്പോള്‍ സിറാജിന് പിന്നാലെ ജസ്പ്രീത് ബുംറയും ഒരു ഫുട്‌ബോള്‍ താരത്തിന്റെ ശൈലി അനുകരിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ശൈലിയാണ് ബുംറ അനുകരിച്ചത്. അഫ്ഗാനിസ്താനെതിരായ മത്സരത്തിലാണ് താരം റാഷ്‌ഫോര്‍ഡിന്റെ ശൈലിയില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
നന്നായി കളിച്ചുവന്ന അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാനെ (22) ഏഴാം ഓവറില്‍ ജസ്പ്രീത് ബുംറ പുറത്താക്കി. ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ചുചെയ്ത പന്ത് അകത്തേക്ക് ചെറുതായി സീം ചെയ്തു. അതില്‍ ബാറ്റുവെക്കുകയല്ലാതെ സദ്രാന് വേറെ നിവൃത്തിയില്ലായിരുന്നു. എഡ്ജെടുത്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളില്‍. ആ കാഴ്ചകണ്ട ബുംറ തന്റെ തലയില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി... 'എങ്ങനെയുണ്ട് ബുദ്ധി' എന്ന അര്‍ഥത്തില്‍.
പേസര്‍മാര്‍ക്ക് കാര്യമായ ഗുണമൊന്നുംകിട്ടാത്ത പിച്ചില്‍ ബാറ്ററെ ബുദ്ധിപൂര്‍വം കുടുക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആ പ്രകടനം. ജസ്റ്റ് ഷോര്‍ട്ട് ഓഫ് ലെങ്ത്തില്‍ അകത്തേക്ക് ആങ്കിള്‍ ചെയ്യുന്ന പന്തുകള്‍ കളിക്കാന്‍ സദ്രാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് അതിനുമുന്‍പെറിഞ്ഞ രണ്ടു പന്തിലൂടെ ബുംറ മനസ്സിലാക്കിയിരുന്നു. ഇതാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്ബോളര്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ശൈലിയില്‍ ആഘോഷിച്ചത്. ഈ ചിത്രം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. ബുംറയുടെയും റാഷ്‌ഫോര്‍ഡിന്റെയും ചിത്രങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബുംറ സ്ഥിരമായി ഫുട്‌ബോള്‍ പിന്തുടരുന്ന താരമാണ്. ബുംറയുടെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്.
മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ബുംറ 10 ഓവറില്‍ വെറും 39 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റാണ് വീഴ്ത്തിയത്. മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ അഫ്ഗാനെ എട്ടുവിക്കറ്റിന് തകര്‍ത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.
Content Highlights: Bumrah brings out Marcus Rashford-like celebration on the day of World Cup