2003-ന്റെ ആവര്‍ത്തനം; ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ - ഓസ്ട്രേലിയ ഫൈനല്‍

ഒരിക്കല്‍ കൂടി ഒരു ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യം മറികടന്നാണ് ഓസീസ് സെമിയിലേക്ക് മുന്നേറിയത്. ആദ്യ സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ നേടിയ 70 റണ്‍സ് ജയത്തോടെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ഓസ്ട്രേലിയ. ഇത്തവണത്തേത് അവരുടെ എട്ടാം ഫൈനലാണ്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ജേതാക്കളായ ഓസീസ് ആറാം കിരീടമാകും ലക്ഷ്യമിടുക. ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി.
2003 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമാകും നവംബര്‍ 19-ാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. 2003 മാര്‍ച്ച് 23-ാം തീയതി ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ 125 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് കിരീടമണിയുകയായിരുന്നു. അന്ന് ടോസ് നേടിയ സൗരവ് ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ സെഞ്ചുറിയുടെയും (140*), ആദം ഗില്‍ക്രിസ്റ്റിന്റെയും (57), ഡാമിയന്‍ മാര്‍ട്ടിന്റെയും (88*) അര്‍ധ സെഞ്ചുറികളുടെയും മികവില്‍ ഓസീസ് അന്ന് അടിച്ചുകൂട്ടിയത് രണ്ടിന് 359 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ആദ്യ ഓവറില്‍ തന്നെ മടക്കിയ ഗ്ലെന്‍ മഗ്രാത്തിന്റെ പന്തും ക്യാച്ചും ഇന്ത്യക്കാര്‍ ഇന്നും മറന്നിട്ടില്ല. വീരേന്ദര്‍ സെവാഗിന്റെ 82 റണ്‍സ് ഇന്നിങ്‌സും 47 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.
2003-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയ അപരാജിതരായാണ് കിരീടവുമായി മടങ്ങിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെ തോല്‍പ്പിച്ച ഇന്ത്യയും അപരാജിതരായാണ് ഫൈനല്‍ വരെയെത്തിയിരിക്കുന്നത്.
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇതുവരെ 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ എട്ട് തവണയും ജയിച്ചുകയറിയത് ഓസീസായിരുന്നു. 1983, 1987, 2011, 2019 ലോകകപ്പുകളിലും പിന്നീട് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലുമായിരുന്നു ഇന്ത്യന്‍ വിജയങ്ങള്‍. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇത്തവണ ഇന്ത്യയുടെ ജയം.
Content Highlights: A repeat of 2003 Another India-Australia final in the World Cup