ഇത് മാസല്ല, മരണമാസ്; ബൗണ്ടറിയുടെ ദിശ ചൂണ്ടി വെല്ലുവിളിച്ചവന് പവലിയനിലേക്കുള്ള വഴി കാണിച്ച വെങ്കിടേഷ്

വെറുതെ ചൊറിയരുത് പണികിട്ടും എന്ന് പറയാറില്ലേ. ഏതാണ്ട് അതുപോലൊരു പറ്റ് പണ്ട് ലോകകപ്പില്‍ പറ്റിയത് പാകിസ്താന്റെ ഓപ്പണിങ് ബാറ്റര്‍ ആമിര്‍ സുഹൈലിനാണ്. ഒരു ഷോട്ട് ബൗണ്ടറികടത്തിയതിന്റെ ആത്മവിശ്വാസത്തില്‍ വെറുതെ ഒന്ന് ചൊറിഞ്ഞതാണ് നമ്മുടെ വെങ്കിടേഷ് പ്രസാദിനെ. സുഹൈലിന്റെ അമിത ആത്മവിശ്വാസവും ധാര്‍ഷ്ട്യവും. ആംഗ്യത്തിലൂടെയുള്ള പ്രകോപനത്തിന് കുറ്റിതെറിപ്പിച്ചാണ് പ്രസാദ് മറുപടി കൊടുത്തത്. എല്ലാം അരങ്ങേറിയത് 1996 ലോകകപ്പിലെ ഇന്ത്യ-പാക് ക്വാര്‍ട്ടര്‍ ഫൈനലില്‍. 27 വര്‍ഷം മുമ്പത്തെ ആ മുഹൂര്‍ത്തം പഴയ തലമുറ ആരാധകര്‍ ഒരിക്കലും മറക്കില്ല. വേദിയാകട്ടെ തിങ്ങിനിറഞ്ഞ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയവും.
സിദ്ദുവും അജയ് ജഡേജയും ജോറാക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 287 റണ്‍സടിച്ചു. ഇന്നത്തെ പോലെയല്ല അക്കാലത്ത് ആ സ്‌കോര്‍ വലിയ ടോട്ടലാണ്. പാകിസ്താന്റെ പ്രതാപകാലമാണ്. എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സയീദ് അന്‍വറും കൂട്ടിന് ആമിര്‍ സൊഹൈലും അണിനിരന്ന ടീം. 288 ലക്ഷ്യം വച്ച് വെടിക്കെട്ടോടെയാണ് പാകിസ്താന്റെ തിരിച്ചടി തുടങ്ങിയത്. കാണികള്‍ സ്തബ്ദരായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് മൈതാനത്ത് വിശ്രമമില്ലാതായി. ഫോറുകള്‍ നിരന്തരം പാഞ്ഞു. പേസ് നിരയില്‍ ജവഗല്‍ ശ്രീനാഥിനെ അടിച്ചൊതുക്കി പാക് ടീം കുതിച്ചു. 10 ഓവര്‍ കഴിയുമ്പോള്‍ പാകിസ്താന്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സിലെത്തി. വൈകാതെ അടിച്ചുകസറിയ അന്‍വറിനെ ശ്രീനാഥ് കുംബ്ലയുടെ കൈകളിലെത്തിച്ചു. ഇന്ത്യക്ക് നേരിയ ആശ്വാസമായി. 32 പന്തില്‍ അന്‍വര്‍ മിന്നും വേഗത്തില്‍ 48 റണ്‍സാണ് അടിച്ചെടുത്തത്. അന്‍വര്‍ വീണതോടെ സുഹൈല്‍ ഗിയര്‍ മാറ്റി. 14 ാമത്തെ ഓവറില്‍ പാക് സ്‌കോര്‍ 100 കടന്നു. അര്‍ധസെഞ്ചുറിയുമായി സുഹൈലിന്റെ ആറാട്ട്. ഇന്ത്യ തോല്‍വി മണത്തു.
രണ്ടാം സ്‌പെല്ലില്‍ 15-ാമത്തെ ഓവര്‍ എറിയാന്‍ വെങ്കടേഷ് പ്രസാദ് വരുന്നു. ആദ്യ രണ്ട് പന്തില്‍ നിന്ന് ഇജ്ജാസ് അഞ്ച് റണ്‍സ് നേടി. അടുത്ത രണ്ട് പന്ത് റണ്‍വഴങ്ങാതെ പ്രസാദ് സുഹൈലിനെ തടഞ്ഞു. അടുത്ത രണ്ട് പന്തിലാണ് ലോകകപ്പിലെ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ആ മുഹൂര്‍ത്തമുണ്ടാകുന്നത്. അഞ്ചാം പന്ത് ആമിര്‍ സുഹൈല്‍ പോയിന്റിനും കവറിനും മധ്യേ പന്ത് പായിച്ചു ബൗണ്ടറിയിലേക്ക്. രണ്ട് ഫോര്‍ ഒരോവറില്‍ വഴങ്ങിയ പ്രസാദ് ആകെ സമ്മര്‍ദത്തിലായി. സുഹൈലാകട്ടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലും. പിന്നെ കാണുന്നത് പ്രസാദിന് നേരെ നടന്നെത്തുന്ന സുഹൈലിനെയാണ്. അതേ ദിശയില്‍ അടുത്ത പന്തും ബൗണ്ടറികടത്തുമെന്ന് പ്രസാദിന് നേരെ കൈ ചൂണ്ടി സുഹൈലിന്റെ വക വെല്ലുവിളി. ഒരുവേള എല്ലാവരും സ്തബ്ദരായി. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്തെന്ന് പലരും ആലോചിച്ചു. ബൗണ്ടറി വഴങ്ങിയ നിരാശയില്‍ അടുത്ത പന്തെറിയാന്‍ നടന്നു നീങ്ങുന്ന പ്രസാദ്.
അതുവരെ വലിയ ആഘോഷമോ ആത്മവിശ്വാസമോ പ്രകടിപ്പിക്കാത്ത പ്രസാദിന് അത് അസഹനീയമായി തോന്നിയിട്ടുണ്ടാവണം. മുറിവേറ്റ പ്രസാദിന് അത് അഭിമാനപ്രശ്നമായി. നിര്‍ണായകാന്‍ ആ ആറാം പന്ത്. ദിശ അല്പം മാറിയാലും ബൗണ്ടറി അടിച്ചാല്‍ അത് സുഹൈലിന്റെ വിജയം മേധാവിത്വം. മറുവശത്ത് റണ്‍ വഴങ്ങാതിരുന്നാല്‍ മതിയെന്ന് പ്രാര്‍ഥിക്കുന്ന ആരാധര്‍. എന്തും സംഭവിക്കാം. കളി ഇന്ത്യയും പാകിസ്താനും തമ്മിലാണ്. ലോകകപ്പ് ക്വാര്‍ട്ടറാണ്. തിങ്ങി നിറഞ്ഞ സ്റ്റേഡിയം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ പ്രസാദ് എറിയാന്‍ പോകുന്നത് കരിയറിലെ ഏറ്റവും മികച്ച പന്താകണെ എന്ന് ആഗ്രഹിച്ച നിമിഷം. രണ്ടും കല്‍പിച്ച് സുഹൈലിന്റെ നില്പ്. ക്രീസില്‍ നിന്ന് അല്‍പം പിന്നിലേക്ക് മാറി കട് ഷോട്ടിന് ഒരുങ്ങിയാണ് ചുവട്. സമ്മര്‍ദത്തിലും കൃത്യത വിടാതെ പ്രസാദിന്റെ ഗുഡ്ലെങ്ത് ബോള്‍. സുഹൈലിന് ടൈമിങ് പിഴച്ചു. കുറ്റി തെറിച്ചു. ബൗണ്ടറി അടിക്കുമെന്ന സുഹൈലിന്റെ വമ്പിന് പ്രസാദിന്റെ കുറ്റിയെടുത്ത മറുപടി. വികാരപ്രകടനങ്ങള്‍ അധികം കാട്ടാത്ത വെങ്കിയുടെ ആഘോഷം, അതുപോലൊന്ന് വേറെയില്ല. ബൗണ്ടറിയുടെ ദിശ ചൂണ്ടി വെല്ലുവിളിച്ച സുഹൈലിനെ പവലിയലിനേക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന പ്രസാദിന്റെ ആ നിമിഷം ആ മുഹൂര്‍ത്തം ഒരിക്കലും ആരും മറക്കില്ല. സ്റ്റേഡിയം ആര്‍ത്തിരമ്പി പൊട്ടിത്തെറിക്കുന്നതു പോലെ ആവേശത്തില്‍ അലതല്ലി. ഒറ്റ നിമിഷം ആ ഒരേ ഒരു വിക്കറ്റുകൊണ്ട് മാത്രം മതിയായിരുന്നു. വെങ്കി ഇന്ത്യയുടെ ഹീറോയായി.
അമിത ആത്മവിശ്വാസവും വെല്ലുവിളിയും പിഴച്ചപ്പോള്‍ സുഹൈലിന്റെ കുറ്റിമാത്രമല്ല തെറിച്ചത് കൈയിലിരുന്ന കളിയാണ് പാകിസ്താനും കൈവിട്ടത്. ഒരു വിക്കറ്റിന് 104 എന്ന നിലയില്‍ നിന്ന് 35 ഓവറില്‍ 185 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നു. പേരുകേട്ട ബാറ്റിങ് നിര വരാനിരിക്കുന്നു. എന്നാല്‍ പിന്നെ വന്നവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. ഇജ്ജാസും ഇന്‍സമാമും വന്നപോലെ മടങ്ങി. ആ രണ്ട് വിലപ്പെട്ട വിക്കറ്റും എറിഞ്ഞിട്ട് വെങ്കിയുടെ ഇരുട്ടടി. സലിം മാലിക്കും മിയാന്‍ദാദും റഷീദ് ലത്തീഫും പൊരുതിയെങ്കിലും 39 റണ്‍സിന് ഇന്ത്യ പാകിസ്താനെ തകര്‍ത്ത് സെമിയിലെത്തി.
ഹീറോയിസം പലതുണ്ടെങ്കിലും വെങ്കടേഷ് പ്രസാദിന്റെ ആ ഹിറോയിസത്തോളം വലുത് ലോകകപ്പില്‍ ഇന്ത്യക്ക് ചുരുക്കമാണ്. ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടങ്ങളിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം ഇതല്ലാതെ വേറെയേതാണ്. ഇന്നും ആമിര്‍ സുഹൈലിന് അതൊരു ദു:സ്വപ്നമായിരിക്കും. ആ വെല്ലുവിളി അതുവേണ്ടായിരുന്നു എന്ന് ഇന്നും ചിന്തിക്കുന്നുണ്ടാകും. ഒരു നിമിഷത്തെ ആവേശത്തിന് നടത്തിയ വെല്ലുവിളി കൊണ്ട് സുഹൈല്‍ മാത്രമല്ല അന്നത്തെ നിലവിലെ താമ്പ്യന്മാരായ പാകിസ്താനും കൈവിട്ടത് ചിലപ്പോള്‍ ലോകകപ്പായിരിക്കും. പിന്നീട് ചെന്നൈയിലെ വരണ്ട പിച്ചില്‍ ടെസ്റ്റില്‍ 33 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനം. അതില്‍ അഞ്ചും ഒരു റണ്‍ പോലും വഴങ്ങാതെ വെങ്കടേഷ് പ്രസാദ് എറിഞ്ഞിട്ടതും അതേ പാകിസ്താനെതിരെയാണ് ലോകകപ്പിലെ മറുപടിക്ക് മൂന്നു വര്‍ഷം കഴിഞ്ഞാണിത്. ഒരാളെയും ചെറുതായി കാണരുത്. ഷൈന്‍ ചെയ്യാം ഓവറാകരുത് എന്നുപറയാം. ആര്‍ക്കും മനസ്സിലായില്ലെങ്കിലും സുഹൈലിന് അത് മനസ്സിലായിട്ടുണ്ടാവും. വീണ്ടും ഒരു ലോകകപ്പ് ആവേശത്തിന് തിരിതെളിയുമ്പോള്‍..
Content Highlights: Venkatesh Prasad and Aamir Sohail's showdown in the India vs Pakistan quarterfinal 1996 worldcup