ഒറ്റയാള്‍ മികവല്ല, ഒറ്റക്കെട്ടാണ് ഈ ടീം; ലോകകപ്പിലെ സ്വപ്നക്കുതിപ്പ് തുടരാന്‍ ഇന്ത്യ

Photo: Reuters
Photo: Reuters

അവിശ്വസനീയം, ആവേശകരം, അസാമാന്യം.... ഇങ്ങനെ മാത്രമേ ഈ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാകൂ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇതുവരെ നാം കണ്ടത് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാത്ത ഒരേയൊരു ടീമാണ് ഇന്ത്യ. ബാക്കി എട്ടുടീമും പരാജയത്തിന്റെ രുചിയറിഞ്ഞപ്പോള്‍ ഇന്ത്യ മാത്രം അജയ്യരായി നിന്നത് ടീമൊന്നാകെയുള്ള ഒത്തിണക്കവും ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികച്ച പ്രകടനങ്ങളുടെയും ബലത്തില്‍ തന്നെയാണ്.  13-ാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ന്യൂസീലന്‍ഡ് വെല്ലുവിളിയെ ആശങ്കയോടെയാണ് ആരാധകര്‍ കാണുന്നതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാകും ടീം ഇന്ത്യ ഇറങ്ങാന്‍ പോകുന്നത്. 2019 ലോകകപ്പ് സെമിഫൈനലിലെയും 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും തോല്‍വികള്‍ക്ക് പകരംവീട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. 

ഇന്ത്യയില്‍ ക്രിക്കറ്റ് വെറും ഒരു കായികവിനോദം മാത്രമല്ല, അതൊരു മതം കൂടിയാണ്. കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണ് ക്രിക്കറ്റിനുള്ളത്. സിരകളിലൂടെ ഒഴുകി ആ മതം തലയ്ക്ക് പിടിക്കുന്നതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയമാണ് നാലുവര്‍ഷത്തിലൊരിക്കലെത്തുന്ന ലോകകപ്പ്. സമ്പന്നമായ ക്രിക്കറ്റ് ചരിത്രവും ആവേശഭരിതരായ ആരാധകരുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ പങ്കാണുള്ളത്.1975-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഉദ്ഘാടന ടൂര്‍ണമെന്റ് തന്നെയായിരുന്നു ഇന്ത്യയുടെയും ആദ്യ ലോകകപ്പ്. ശ്രീനിവാസ് വെങ്കിട്ടരാഘവന്‍ ക്യാപ്റ്റനായ ടീം കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം പരാജയപ്പെട്ട് ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാതെ പുറത്തായി. ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ നേടിയ പത്ത് വിക്കറ്റ് വിജയം മാത്രമായിരുന്നു തിരികെ വിമാനം കയറുമ്പോള്‍ ടീമിന് ലഭിച്ച ഏക ആശ്വാസം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 113 റണ്‍സ് നേടിയ സുനില്‍ ഗാവസ്‌കര്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

1979-ലെ ലോകകപ്പില്‍ 75-ലേതിനെക്കാള്‍ ദയനീയമായിരുന്നു ഇന്ത്യയുടെ അവസ്ഥ. വെങ്കിട്ടരാഘവന്‍ തന്നെയായിരുന്നു അത്തവണയും ഇന്ത്യന്‍ ക്യാപ്റ്റന്‍. കളിച്ച മൂന്ന് കളികളും തോറ്റ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനോടും ന്യൂസിലന്റിനോടും ശ്രീലങ്കയോടും ദയനീയമായാണ് ഇന്ത്യ പരാജയപ്പെട്ടത്. ലോക ക്രിക്കറ്റ് ഇന്ത്യയെ എഴുതിതള്ളിയ സമയം കൂടിയായിരുന്നു അത്. എന്നാല്‍ ലോകകപ്പിന്റെ മൂന്നാം പതിപ്പ് ഇന്ത്യന്‍ ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു. ആ വര്‍ഷം ഇന്നും നമ്മുടെയൊക്കെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അതെ വിഖ്യാതമായ 1983. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ വര്‍ഷമായിരുന്നു 1983. കപില്‍ ദേവിന്റെ നേതൃത്വത്തില്‍, കുഞ്ഞന്‍ ടീമെന്ന ഖ്യാതിയുമായി ഇംഗ്ലീഷ് മണ്ണിലെത്തിയ ഒരു സംഘം മടങ്ങിയത് രാജകീയമായിട്ടാണ്. എഴുതിത്തള്ളിയ പട തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അമ്പരപ്പിച്ചു.

1983 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ വിജയം കായിക ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. 1983 ജൂണ്‍ 25 ന്, ആരെയും കൂസാത്ത, ഇതിഹാസങ്ങള്‍ അണിനിരന്ന വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ അസാധ്യമെന്ന് തോന്നിയത് നേടിയെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിവ് റിച്ചാര്‍ഡ്‌സ് തന്റെ ടീമിനെ നിഷ്പ്രയാസം വിജയിപ്പിച്ച് മൂന്നാം തവണയും കിരീടത്തില്‍ മുത്തമിടുമെന്നുള്ള അമിത ആത്മവിശ്വാസത്തിലായിരുന്നു കരീബിയന്‍ ക്യാമ്പ്. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. റിച്ചാര്‍ഡ്സ് മിഡ് വിക്കറ്റിന് മുകളിലൂടെ ഹുക്ക് ചെയ്ത പന്ത് മിഡ്-ഓണില്‍ നിന്ന് പിന്നിലേക്ക് ഓടി ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് കൈയിലൊതുക്കിയപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു.

1983ലെ വിജയം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. സിംബാബ്വെയ്ക്കെതിരെ കപില്‍ ദേവിന്റെ 175 റണ്‍സിന്റെ ഐതിഹാസിക ഇന്നിംഗ്സും ലോര്‍ഡ്സിലെ അവിസ്മരണീയ വിജയവും ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മകളില്‍ എക്കാലവും മായാതെ നില്‍ക്കും. ഈ വിജയം ഇന്ത്യയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി എന്ന് തന്നെ പറയാം. വരും പതിറ്റാണ്ടുകളായി ജ്വലിച്ചുകൊണ്ടേയിരിക്കുന്ന ക്രിക്കറ്റ് ഭ്രാന്തിന് കൂടിയായിരുന്നു കപിലും കൂട്ടരും തിരികൊടുത്തത്.എന്നാല്‍ ആരാധകവൃന്ദം കൂടിയെങ്കിലും പിന്നീടുള്ള ലോകകപ്പുകളില്‍ ഇന്ത്യയുടെ പ്രകടനം ശരാശരിയിലൊതുങ്ങി. തിളക്കമുള്ള നിമിഷങ്ങളും നിരാശയും ആരാധകര്‍ക്ക് ഇന്ത്യന്‍ ടീം നല്‍കിയിട്ടുണ്ട്. 1987 ലും 1996 ലും സെമിയില്‍ എത്തിയെങ്കിലും ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചില്ല. 1992-ല്‍ കളിച്ച എട്ടു കളികളില്‍ അഞ്ചെണ്ണവും പരാജയപ്പെട്ട് പുറത്തായി. 

രണ്ടായിരത്തിന്റെ തുടക്കമായപ്പോഴേക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ തീരെ ദയനീയമായിരുന്നു. മികച്ച കളിക്കാര്‍ ഉണ്ടായിരുന്നിട്ടും വാതുവയ്പ്പും ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ചു. ഛിന്നഭിന്നമായ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ചുമതല ബിസിസഐ ഏല്‍പ്പിച്ചത് സൗരവ് ഗാംഗുലിയെയാണ്.  ആരാധകരും 'ദാദ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗാംഗുലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കൈപിടിച്ചുയര്‍ത്തിയത്. 2003 ലോകകപ്പിനെത്തിയ ദാദയും കൂട്ടരും ഫൈനല്‍ വരെയെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായി കാലം അടയാളപ്പെടുത്തി.ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഗാംഗുലി പടത്തുയര്‍ത്തിയ യുവനിര ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇന്ത്യന്‍ ടീമിനെ മാറ്റി.

2007-ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ട് പുറത്തായി. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് അണ്ടര്‍ഡോഗ്‌സെന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് ഏറ്റവും വലിയ അട്ടിമറി വിജയം നേടിയത്. ദുര്‍ബലരായ ബെര്‍മുഡയോട് നേടിയ 257 റണ്‍സിന്റെ വിജയം മാത്രമായിരുന്നു വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് കൈമുതല്‍. ഇന്ത്യയുടെ പ്രകടനത്തെ ദയനീയമെന്ന്‌ കമന്റേറ്റര്‍മാര്‍ വിശേഷിപ്പിക്കുകയും ടീമിന്റെ അപക്വമായ ബൗളിംഗ് ആക്രമണവും മോശം ഫീല്‍ഡിംഗുമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി. തോല്‍വിയെ തുടര്‍ന്ന് രോഷാകുലരായ ഇന്ത്യന്‍ ആരാധകര്‍ നിര്‍മാണത്തിലിരുന്ന വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ വീട് ആക്രമിച്ചു. ചില നഗരങ്ങളില്‍ ടീമിനെതിരെ പ്രതിഷേധം നടക്കുകയും കൊല്‍ക്കത്തയില്‍ കളിക്കാരുടെ കോലം കത്തിക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പിന്റെ അടുത്ത പതിപ്പില്‍ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു 

കപിലിന്റെ ചെകുത്താന്‍മാര്‍ കപ്പടിച്ച് 28 വര്‍ഷത്തിനിപ്പുറം 2011ല്‍ വീണ്ടും പുതുചരിത്രം പിറന്നത് ക്യാപ്റ്റന്‍ കൂള്‍ ധോനിയും സംഘവും സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കപ്പുയര്‍ത്തിയപ്പോഴാണ്. മുംബൈയില്‍ നടന്ന ഫൈനലില്‍ ധോനി പറത്തിയ സിക്‌സര്‍ ചെന്നു പതിച്ചത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളിലായിരുന്നു. 2015-ലും 2019 ലും സെമിയില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. 2015-ല്‍ ഓസ്‌ട്രേലിയയോട് തോറ്റ് ധോണിയും സംഘവും തലകുനിച്ച് മടങ്ങി. 

2019-ല്‍ കോലിയുടെ കീഴില്‍ ഇംഗ്ലണ്ടില്‍ എത്തിയ ഇന്ത്യ കരുത്തരുടെ സംഘമായിരുന്നു. രോഹിത്തും ധവാനും രാഹുലും ധോണിയും കോലിയും ബുമ്രയും ജഡേജയും ഒക്കെ അണിനിരന്ന ഇന്ത്യ കപ്പുയര്‍ത്തുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിച്ചു. അഞ്ചു സെഞ്ചുറിയുമായി ബാറ്റിങ്ങില്‍ രോഹിത് മുന്നില്‍ നിന്ന് നയിച്ചു. മധ്യനിരയ്ക്ക് ആദ്യമത്സരങ്ങളില്‍ കാര്യമായ വെല്ലുവിളിയേ നേരിടേണ്ടി വന്നില്ല.ഓപ്പണര്‍മാരും കോലിയും ചേര്‍ന്ന മുന്നേറ്റനിര തകര്‍ത്തുവാരി. പക്ഷേ സെമിയില്‍ കാര്യങ്ങള്‍ മാറി. ന്യൂസിലന്റിനെ എറിഞ്ഞൊതുക്കിയെങ്കിലും മഴ മൂലം മറ്റൊരു ദിവസം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

കോലിയും രോഹിത്തും രാഹുലും ഒറ്റയക്കത്തില്‍ പുറത്തായതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ജഡേജ പ്രതീക്ഷ തന്നിട്ട് വീണുപോയതും ധോണിയുടെ റണ്ണൗട്ടും രോഹിത്തിന്റെ കണ്ണീരും ഏത് ആരാധകനാണ് മറക്കാനാകുക. ഇപ്പോള്‍ ഇതാ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ 2011 ആവര്‍ത്തിക്കുമെന്നതില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടീമിന് സെമിയും ഫൈനലും വിജയിച്ച് ലോകകിരീടത്തില്‍ മുത്തമിടുകയെന്നത് അനായാസമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രോഹിതും സംഘവും കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആധാകരുടെ വിശ്വാസം. മഹിയുടെ പോരാളികളും കപിലിന്റെ ചെകുത്താന്മാരും നേടിയ ലോകകിരീടം രോഹിത്തിന്റെ പടയാളികള്‍ സ്വന്തമാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഒരു രാജ്യം.

Content Highlights: unbeaten run by indian cricket team in 2023 cricket world cup