ഒൻപത് കളിയിൽ നിന്ന് 2135 റണ്‍സ്; ആര് പിടിച്ചുകെട്ടും ഈ ഫാബുലസ് ഫൈവിനെ

2023 ലോകകപ്പിലെ ഇന്ത്യയുടെ സ്വപ്‌നക്കുതിപ്പ് തുടരുകയാണ്. ആദ്യ എട്ട് മത്സരങ്ങളിലും വിജയം നേടിയ ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയും ഏകദേശം വിജയമുറപ്പിച്ചുകഴിഞ്ഞു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് അടിച്ചെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റു ചെയ്യാനെത്തിയ എല്ലാ താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. രാഹുലും ശ്രേയസ്സും സെഞ്ചുറി നേടിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധസെഞ്ചുറിയും നേടി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ ബാറ്റര്‍മാരുടെ ജോലി പൂര്‍ത്തിയായി. അവര്‍ അത് ഗംഭീരമാക്കുകയും ചെയ്തു.
ഒന്‍പത് മത്സരങ്ങളില്‍ നിന്നായി ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റര്‍മാര്‍ നേടിയത് 2135 റണ്‍സാണ്. ഇത്രയും മികച്ച ഫോമില്‍ സമീപകാലത്തൊന്നും ഇന്ത്യ കളിച്ചിട്ടില്ല. റണ്‍ നേടുന്നതില്‍ താരങ്ങള്‍ തമ്മില്‍ മത്സരമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്‍പത് മത്സരങ്ങളില്‍ ബാറ്റിങ് പൂര്‍ത്തീകരിച്ചപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് 2100 ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു എന്നത് ചില്ലറക്കാര്യമല്ല.
റണ്‍വേട്ടക്കാരില്‍ ടൂര്‍ണമെന്റില്‍ തന്നെ മുന്നില്‍ നില്‍ക്കുകയാണ് കോലി. 2135-ല്‍ 594 റണ്‍സ് നേടിയതും കോലിയാണ്. രോഹിത് 503 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 421 റണ്‍സ് നേടി. രാഹുലിന്റെ അക്കൗണ്ടില്‍ 347 റണ്‍സും ശുഭ്മാന്‍ ഗില്ലിന്റെ ശേഖരത്തില്‍ 270 റണ്‍സും നേടി. ഇതില്‍ ഗില്ലിന് ഡെങ്കിപ്പനി പിടിച്ചില്ലായിരുന്നെങ്കില്‍ റണ്‍സ് ഇനിയും ഉയര്‍ന്നേനേ. ആദ്യ രണ്ട് മത്സരങ്ങളില്‍ ഗില്‍ കളിച്ചിരുന്നില്ല.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ആഴം വ്യക്തമാക്കുന്ന പ്രകടനമാണ് ഈ ലോകകപ്പില്‍ താരങ്ങള്‍ പുറത്തെടുത്തത്. ഈ ലോകകപ്പില്‍ ഇതുവരെ ഇന്ത്യ ഓള്‍ ഔട്ടായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ 229 റണ്‍സിന് ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ടത് മാത്രമാണ് ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം. ശ്രീലങ്കയ്‌ക്കെതിരേ എട്ടുവിക്കറ്റും നഷ്ടപ്പെട്ടിരുന്നു. മറ്റ് മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിര അപാര ഫോമിലാണ് കളിച്ചത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയ്ക്കുള്ളത്. ലോകകപ്പിന് മുന്‍പ് ഇന്ത്യ ഏറ്റവും ആശങ്കയോടെ കണ്ടിരുന്ന മധ്യനിരയുടെ പ്രകടനം ലോകകപ്പില്‍ അത്ഭുതമായി മാറി. നാലാമനായി ഇറങ്ങിയ ശ്രേയസ്സും അഞ്ചാമനായി ഇറങ്ങിയ രാഹുലും ചേര്‍ന്ന് മധ്യനിരയുടെ ശക്തി പതിന്മടങ്ങായി വര്‍ധിപ്പിച്ചു. ഇരുവരും ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കോലിയ്‌ക്കൊപ്പം രാഹുല്‍ നേടിയ 97 റണ്‍സിന് ഇരട്ടസെഞ്ചുറിയുടെ വിലയുണ്ട്. ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് രാഹുലിന്റെ ആ മനോഹരമായ ഇന്നിങ്‌സാണ്. പിന്നീടുള്ള മത്സരങ്ങളിലും രാഹുല്‍ തിളങ്ങി. ഒടുവില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ സെഞ്ചുറി നേടി താരം ആ കുറവും നികത്തി.
ശ്രേയസ്സിന്റെ കാര്യമെടുത്താല്‍ നാലാം നമ്പറില്‍ ഇന്ത്യ സേഫാണ്. നാലാം നമ്പറില്‍ ഇന്ത്യയ്ക്ക് വേണ്ടി 31 ഇന്നിങ്‌സ് കളിച്ച ശ്രേയസ് ഇതുവരെ 1288 റണ്‍സാണ് നേടിയത്. അതും 51.52 ശരാശരിയില്‍. മൂന്ന് സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഈ ലോകകപ്പില്‍ ശ്രേയസ് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമാണ് നേടിയത്. അതില്‍ ശ്രീലങ്കയ്‌ക്കെതിരായ നേടിയ 82 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 77 റണ്‍സും താരത്തിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങളാണ്. പാകിസ്താനെതിരായ മത്സരത്തില്‍ ശ്രേയസ് 53 റണ്‍സും നേടിയിരുന്നു.
ഇനി ഓപ്പണിങ്ങിലേക്ക് വരികയാണെങ്കില്‍ ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ആഴം കൂടി. ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററായ ഗില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. പാകിസ്താനെതിരെയാണ് താരം ലോകകപ്പില്‍ അരങ്ങേറിയത്. അസുഖത്തിന്റെ ക്ഷീണം പൂര്‍ണായും വിട്ടുമാറാത്ത ഗില്‍ മത്സരത്തില്‍ 16 റണ്‍സ് മാത്രമാണ് നേടിയത്. തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ താരം അര്‍ധസെഞ്ചുറി നേടി. ന്യൂസീലന്‍ഡിനെതിരേ 26 റണ്‍സെടുത്തെങ്കിലും ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ടു. പക്ഷേ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയ ഗില്‍ 92 റണ്‍സാണ് അടിച്ചെടുത്തത്. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഗില്ലിന് ആദ്യ ലോകകപ്പ് സെഞ്ചുറി നഷ്ടമായത്. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 23 റണ്‍സെടുത്ത ഒടുവില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ അര്‍ധസെഞ്ചുറി നേടി. അതായത് ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി.
മറ്റൊരു ഓപ്പണറായ രോഹിത്തിന്റെ പ്രകടനം പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിലൊരാളാണ് രോഹിത്. മികച്ച ക്യാപ്റ്റന്‍സിയ്ക്ക് പുറമേ നന്നായി ബാറ്റുചെയ്ത് താരം ആരാധകരുടെ മനം കവര്‍ന്നു. ലോകകപ്പില്‍ ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 503 റണ്‍സാണ് താരം നേടിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് നാലാമതാണ്. 55.88 ആണ് ബാറ്റിങ് ശരാശരി. ടൂര്‍ണമെന്റില്‍ കൂടുതല്‍ ഫോറുകളും (58) സിക്‌സുകളും (24) നേടിയ താരവും രോഹിത്താണ്. മൂന്ന് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
മൂന്നാം നമ്പറില്‍ വര്‍ഷങ്ങളായി ഇന്ത്യയുടെ വിശ്വസ്തനായി തുടരുന്ന കോലി ഈ ലോകകപ്പിലും ആ പതിവ് തെറ്റിച്ചില്ല. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 594 റണ്‍സെടുത്ത് നിലവില്‍ ടീമിന്റെയും ടൂര്‍ണമെന്റിലെയും ടോപ് സ്‌കോററായി മാറിയിരിക്കുകയാണ് കോലി. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും കോലിയുടെ അക്കൗണ്ടിലുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി കോലിയ്ക്കാണ്. 99 ആണിത്. ഈ ലോകകപ്പില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറി നേടിയ താരവും ഏറ്റവുമധികം തവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത താരവും കോലിയാണ്.
ഈ താരങ്ങളുടെ പ്രകടനമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സെമിയില്‍ കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 2019 ലോകകപ്പിലേറ്റ തോല്‍വിയ്ക്ക് പകരം വീട്ടി മൂന്നാം ലോകകപ്പ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇത്രയും മികച്ച ബാറ്റിങ് നിരയും അതിശക്തമായ ബൗളിങ് നിരയും കൂട്ടിനുള്ളപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
Content Highlights: terrific performance by indian batters in 2023 cricket world cup