അന്നും ഇന്നും ഇന്ത്യയുടെ തലവര മാറ്റിയ ഹെഡ്

#അനുരഞ്ജ് മനോഹര്‍
Photo: Getty Images
Photo: Getty Images

2003-ല്‍ റിക്കി പോണ്ടിങ്ങാണെങ്കില്‍ 2023-ല്‍ ട്രാവിസ് ഹെഡ്. 20 വര്‍ഷം പിന്നിട്ടെങ്കിലും ഓസ്‌ട്രേലിയയ്ക്ക് ഒരു മാറ്റവുമില്ല. ഇന്ത്യയ്‌ക്കെതിരായി ലോകകപ്പ് ഫൈനല്‍ വന്നാല്‍ ഒരുത്തനുണ്ടാകും സെഞ്ചുറിയടിച്ചുകൊണ്ട് ഓസീസിന് കിരീടം സമ്മാനിക്കാന്‍. 2003 ലോകകപ്പ് ഫൈനലില്‍ റിക്കി പോണ്ടിങ് നിര്‍ത്തിയിടത്തുനിന്ന് 2023 ലോകകപ്പ് ഫൈനലില്‍ ട്രാവിസ് ഹെഡ് തുടങ്ങി. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ കൈപ്പിടിയിലായിരുന്ന മത്സരം ഹെഡ് ഒറ്റയ്ക്ക് തട്ടിയെടുക്കുകയായിരുന്നു. വെറും 47 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ഓസീസ് ബാറ്റര്‍മാരെ ഇന്ത്യ പറഞ്ഞുവിട്ടതാണ്. സ്‌റ്റേഡിയം ഒന്നടങ്കം ഇന്ത്യയ്ക്ക് വേണ്ടി ആര്‍ത്തിരമ്പി. ഒരു ലക്ഷത്തിലധികം വരുന്ന കാണികളുടെ ജയ് വിളികളില്‍ ഓസീസ് ക്യാമ്പ് നിരാശപൂകിയപ്പോള്‍ ഒറ്റയ്ക്ക് നിന്ന് ടീമിനെ തോളിലേറ്റി വിജയതീരത്തെത്തിച്ചിരിക്കുകയാണ് ഹെഡ്. 

മാര്‍നസ് 6.6 ഓവറില്‍ 47 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നിന്ന് ഹെഡ് ഓസീസിനെ കൈപിടിച്ചുയര്‍ത്തി. മാര്‍നസ് ലബൂഷെയ്‌നിനെ ഒപ്പം കൂട്ടി താരം ഇന്നിങ്‌സ് പടുത്തുയര്‍ത്തി. പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയെ കൂസാതെ ബാറ്റിങ് ആരംഭിച്ച ഹെഡ് കൃത്യമായ ഇടവേളകളില്‍ ആക്രമണം അഴിച്ചുവിട്ടു. ഒരു സ്റ്റേഡിയം മുഴുവന്‍ തനിക്കെതിരേ നില്‍ക്കുമ്പോഴും തലയുയര്‍ത്തി വീറോടെ വാശിയോടെ ഹെഡ് പോരാടി. മാര്‍നസ് ലബൂഷെയ്ന്‍ ഹെഡ്ഡിന് തകര്‍ത്തടിക്കാനുള്ള എല്ലാ അവസരവും ഒരുക്കി. ഹെഡ്ഡിന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങി. സ്പിന്നര്‍മാരെയും പേസര്‍മാരെയും മാറിമാറി പരീക്ഷിച്ചിട്ടും താരത്തെ പുറത്താക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചില്ല. ഒരു പഴുതുപോലും നല്‍കാതെയാണ് ഹെഡ് തകര്‍ത്തടിച്ചത്.

ഒടുവില്‍ അര്‍ഹിച്ച ആ സെഞ്ചുറിയിലേക്ക് ഹെഡ് നടന്നുകയറി. 2003-ല്‍ റിക്കി പോണ്ടിങ് ഇന്ത്യയ്‌ക്കെതിരേ നേടി സെഞ്ചുറിയുടെ അതേ പത്തരമാറ്റുള്ള മറ്റൊരു സെഞ്ചുറി. ഇതോടെ ഓസീസ് ക്യാമ്പില്‍ വിജയാഘോഷം ആരംഭിച്ചിരുന്നു. ഒടുവില്‍ വിജയത്തിന് തൊട്ടരികെ ഹെഡ് സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 120 പന്തില്‍ 15 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 137 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ അതേ പിച്ചിലാണ് ഹെഡ് തകര്‍ത്തടിച്ചത് എന്നത് താരത്തിന്റെ പ്രതിഭയുടെ ആഴം സൂചിപ്പിക്കുന്നു. ഹെഡ്ഡിന്റെ തകര്‍ത്തടിയില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. 2011-ന് ശേഷം കിരീടം സ്വന്തം മണ്ണില്‍ കിരീടം നേടാനാവാതെ ഇന്ത്യന്‍ താരങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു. 

ഹെഡ് ഇന്ന് ലോകകപ്പിലെ താരമാകണമെന്നത് കാലം കാത്തുവെച്ച ക്ലൈമാക്‌സാണ്. രണ്ട് മാസം മുന്‍പാണ് ഹെഡ്ഡിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റത്. ഇടംകൈയിലുണ്ടായ പൊട്ടലിനെത്തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. പിന്നീട് പൂര്‍ണവിശ്രമം. ഇതോടെ ഹെഡ് ലോകകപ്പ് ടീമിലിടം നേടില്ല എന്ന് ഏവരും വിധിയെഴുതി. പക്ഷേ ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റിന് ഹെഡ്ഡിനുമേലുണ്ടായ വിശ്വാസം വലുതായിരുന്നു. അതുകൊണ്ടുതന്നെ താരത്തെ 15 അംഗ ടീമിലുള്‍പ്പെടുത്തി. പരിക്കില്‍ നിന്ന് മോചിതനാവാനായി ഹെഡ് കഴിയാവുന്ന അത്ര പരിശ്രമിച്ചു. വേദന സഹിച്ചും അദ്ദേഹം ട്രെയിന്‍ ചെയ്തു. നെറ്റ്‌സില്‍ പരിശീലിച്ചു. ഒടുവില്‍ പരിക്കില്‍ നിന്ന് മോചിതനായി ഇന്ത്യയിലേക്ക്. ഓസീസിനായി ആദ്യ മത്സരങ്ങളില്‍ ഹെഡ് കളിച്ചിരുന്നില്ല.

ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലൂടെയാണ് താരം ഓസീസിനായി ലോകകപ്പില്‍ അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ 67 പന്തില്‍ 109 റണ്‍സെടുത്തുകൊണ്ട് ഹെഡ് വരവറിയിച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരേ 11 റണ്‍സ് നേടിയും അഫ്ഗാനെതിരേ റണ്‍സെടുക്കാതെയും താരം പുറത്തായി. ബംഗ്ലാദേശിനെതിരെയും നിരാശപ്പെടുത്തി. എന്നാല്‍ സെമി ഫൈനലില്‍ ഉയിര്‍ത്തെഴുന്നേറ്റ ഹെഡ് 48 പന്തില്‍ 68 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കന്‍ നിരയെ തകര്‍ത്തു. സെമിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഹെഡ് നേടി. ഇപ്പോഴിതാ ഫൈനലിലും താരമായി മാറിയിരിക്കുന്നു. നോക്കൗട്ട് മത്സരങ്ങളിലും ഫൈനലുകളിലും തിളങ്ങാനുള്ള പ്രത്യേക കഴിവാണ് ഈ താരത്തെ മറ്റ് ബാറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ പകരക്കാരനായെത്തിയ ഹെഡ് ഇപ്പോഴിതാ ഓസീസിനായി കിരീടമുയര്‍ത്തുന്നു. ഇത് ഹെഡ്ഡിനായി കാലം കാത്തുവെച്ച വലിയ സമ്മാനമാണ്.

ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് ഹെഡ്. ഇതിനുമുന്‍പ് ക്ലൈവ് ലോയ്ഡ് (1975), വിവ് റിച്ചാര്‍ഡ് (1979), അരവിന്ദ ഡി സില്‍വ (1996), റിക്കി പോണ്ടിങ് (2003), ആദം ഗില്‍ക്രിസ്റ്റ് (2007), മഹേല ജയവര്‍ധെനെ (2011) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായല്ല ഇന്ത്യയുടെ കിരീടമോഹത്തിന് ഹെഡ് വിലങ്ങുതടിയാകുന്നത്. ഇതിനുമുന്‍പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരം ഇന്ത്യയ്‌ക്കെതിരേ തകര്‍ത്തടിച്ചിരുന്നു. 

2021-2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കിരീടപ്പോരിനായി നേരിട്ടത് ഓസ്‌ട്രേലിയയെത്തന്നെയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 469 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ 163 റണ്‍സെടുത്തതും ഹെഡ്ഡായിരുന്നു. ഇന്നിങ്‌സിലെ ടീമിന്റെ ടോപ് സ്‌കോററും താരം തന്നെ. എന്നാല്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 296-ല്‍ ഒതുങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 270 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. എന്നാല്‍ ഇന്ത്യയുടെ മറുപടി ബാറ്റിങ് വെറും 234 റണ്‍സിലൊതുങ്ങി. ഓസീസ് 209 റണ്‍സിന് വിജയം നേടി. മത്സരത്തിലെ താരമായി മാറിയത് ഹെഡ്ഡായിരുന്നു. 

ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മറ്റൊരു ഫൈനലിലും ട്രാവിസ് ഹെഡ് താരമായി മാറിയിരിക്കുന്നു. രണ്ട് മത്സരങ്ങളിലും സെഞ്ചുറി തികച്ച ഹെഡ് ഇന്ത്യയുടെ പേടി സ്വപ്‌നമാകുന്നു. അതെ അന്നും ഇന്നും ഇന്ത്യയുടെ തലവര മാറ്റിയ ഒരേയൊരു ഹെഡ്.
 

Content Highlights: story based on the scintillating performance of travis head against india in world cup final