വേദനകൊണ്ട് പുളഞ്ഞിട്ടും എന്തുകൊണ്ട് മാക്‌സ്‌വെല്‍ റണ്ണറെ ഉപയോഗിച്ചില്ല? കാരണമിതാണ്

Photo: AFP
Photo: AFP

ക്രിക്കറ്റില്‍ റണ്ണറെ ഉപയോഗിക്കുന്നത് വളരെ സുപരിചിതമായ കാര്യമാണ്. ക്രീസിലുള്ള ബാറ്റര്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ താരത്തിന് പകരം മറ്റൊരു താരം റണ്ണിനായി ഓടും. ക്രിക്കറ്റില്‍ ഒട്ടേറെക്കാലം റണ്ണര്‍മാരെ വെച്ച് പല ബാറ്റര്‍മാരും കളിച്ചിട്ടുണ്ട്. കുറച്ചുകാലമായി ഈ നിയമം പ്രാബല്യത്തിലില്ല എന്ന കാര്യം പലര്‍ക്കും ഇപ്പോഴും അറിയില്ല. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പരിക്കുപറ്റിയിട്ടും ഒറ്റക്കാലില്‍ നിന്നുകൊണ്ട് പൊരുതി വിജയം നേടിയ ഘട്ടത്തിലാണ് റണ്ണര്‍ നിയമം വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

കുറച്ചുകാലം മുന്‍പുവരെ ബാറ്റര്‍ക്ക് റണ്ണറെ മത്സരത്തില്‍ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ നിലവില്‍ അത് പ്രാവര്‍ത്തികമല്ല. അതുകൊണ്ടാണ് വേദന സഹിച്ചും മാക്‌സ്‌വെല്‍ ക്രീസില്‍ തന്നെ നിലയുറപ്പിച്ചത്. താന്‍ റിട്ടയര്‍ ചെയ്ത് പുറത്തുപോയാല്‍ ടീം തോല്‍ക്കുമെന്ന് മാക്‌സ്‌വെല്ലിന് നന്നായി അറിയാമായിരുന്നു. എന്തുകൊണ്ട് മാക്‌സ്‌വെല്‍ റണ്ണറെ ഉപയോഗിച്ചില്ല എന്ന് പല ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചിരുന്നു. 

എം.സി.സി നിയമപുസ്തകപ്രകാരം നിലവില്‍ ക്രിക്കറ്റില്‍ റണ്ണറെ ഉപയോഗിക്കാനാവില്ല. പുസ്തകത്തിലെ 25, 30 നിയമങ്ങളിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. മുന്‍പ് ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റാല്‍ ബാറ്റര്‍ക്ക് അമ്പയറുടെയും എതിര്‍ ടീം ക്യാപ്റ്റന്റെയും അനുവാദത്തോടെ റണ്ണറെ വെക്കാമായിരുന്നു. ബാറ്റിങ് ടീമിലെ ഏതെങ്കിലുമൊരു താരം ബാറ്റും പാഡും ഗ്ലൗസും ഹെല്‍മറ്റുമെല്ലാം ധരിച്ച് റണ്ണറായി വന്നാണ് ക്രീസിലുള്ള ബാറ്റര്‍ക്ക് പകരം ഓടിയിരുന്നത്. സ്‌ക്വയര്‍ ലെഗിലാണ് സാധാരണയായി റണ്ണര്‍ നിന്നിരുന്നത്. 

എന്നാല്‍, 2011 ഒക്ടോബര്‍ ഒന്നിന് ഐ.സി.സി ഈ നിയമത്തില്‍ മാറ്റം കൊണ്ടുവന്നു. ഇതോടെ ബാറ്റര്‍ക്ക് റണ്ണറെ ഉപയോഗിക്കാന്‍ കഴിയാതെയായി. എം.സി.സി ക്രിക്കറ്റ് നിയമപുസ്തകത്തിലെ 25.5 വിഭാഗത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. റണ്ണര്‍ വരുന്നതോടെ ഫീല്‍ഡിങ് ടീമിന് ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് പ്രധാന കാരണമായി എടുത്തുകാണിക്കുന്നത്. പെട്ടെന്ന് ഈ നിയമം മാറ്റാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്നാലും, 2009-ലെ  ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് ഈ നിയമമാറ്റവുമായി ബന്ധമുണ്ട്. 

2009 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേ ബാറ്റുചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രേയം സ്മിത്തിന് പരിക്കേറ്റു. താരം റണ്ണറെ ആവശ്യപ്പെട്ടെങ്കിലും എതിര്‍ടീം നായകനായ ആന്‍ഡ്രൂ സ്‌ട്രോസ് ഇതിന് അനുവദിച്ചില്ല. ഇത് വലിയ വിവാദമായിരുന്നു. പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരം റണ്ണറെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പേശിവലിവ് ഫിറ്റ്‌നെസുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ റണ്ണറെ അനുവദിക്കാനാവില്ലെന്നും സ്‌ട്രോസ് മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് റണ്ണര്‍ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. 

മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ സ്ഥിരമായി റണ്ണേഴ്‌സിനെ വെച്ചാണ് കളിച്ചുകൊണ്ടിരുന്നത്. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി 2011-ല്‍ റണ്ണര്‍ എന്ന സൗകര്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എടുത്തുകളഞ്ഞു. ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ ഒന്നുകില്‍ പരിക്കുംവെച്ച് താരം ബാറ്റുചെയ്യണം. അല്ലെങ്കില്‍ റിട്ടയര്‍ ചെയ്യണം. റിട്ടയര്‍ ഹര്‍ട്ട് ചെയ്ത താരത്തിന് 11-ാമനായി കളിക്കാനാകും അതുകൊണ്ടാണ് മാക്‌സ്‌വെല്‍ വേദന കടിച്ചമര്‍ത്തി അഫ്ഗാനിസ്താനെതിരേ ബാറ്റുചെയ്തത്. മത്സരത്തില്‍ പേശിവലിവ് അനുഭവപ്പെട്ട മാക്‌സ്‌വെല്‍ ഒരു ഘട്ടത്തില്‍ വേദന സഹിക്കാനാവാതെ ഗ്രൗണ്ടില്‍ വീണുപോയിരുന്നു. എന്നാലും ഒറ്റക്കാലില്‍ നിന്ന് പൊരുതി താരം ടീമിന് വിജയവും സെമി ഫൈനലിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചു. 

റണ്ണേഴ്‌സിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഐ.സി.സിയ്‌ക്കെതിരേ ഇതിനോടകം രംഗത്തെത്തിയിരുന്നു. പരിക്കേറ്റ താരം ആ പരിക്കുംവെച്ച് കളിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്. 2023 ഐ.പി.എല്ലില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തുടയ്ക്ക് പരിക്കേറ്റ കെ.എല്‍.രാഹുല്‍ പരിക്കുംവെച്ച് ബാറ്റുചെയ്തിരുന്നു. പിന്നാലെ പരിക്ക് ഗുരുതരമാകുകയും താരം ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താവുകയുമുണ്ടായി. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി റണ്ണര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് പല ആരാധകരും ആവശ്യപ്പെടുന്നുണ്ട്.

Content Highlights: Reason Behind Why Are Runners Not Allowed In Cricket