പേസ് ബൗളിങ്ങിനോട് ഗുഡ് ബൈ പറഞ്ഞ് തുടക്കം; ഇത് സാന്റ്‌നര്‍, ദ ക്ലോ ബോള്‍ സ്‌പെഷ്യലിസ്റ്റ്

15 വയസ്സുവരെ പേസ് ബൗളറായിരുന്നു മിച്ചല്‍ സാന്റ്‌നര്‍. ലൈനും ലെങ്തുമില്ലാതെ ഒരുപാട് നോബോള്‍ എറിയുന്ന ഒരാള്‍. പേസ് ബൗളിങ്ങല്ല തന്റെ വഴിയെന്ന് പിന്നീട് സാന്റ്‌നര്‍ തിരിച്ചറിഞ്ഞു. അതിനുകാരണമായത് ന്യൂസീലന്‍ഡ് ഇതിഹാസതാരം ഡാനിയല്‍ വെട്ടോറിയും. ബൗളിങ്ങില്‍ വെട്ടോറിയെ അനുകരിക്കലായിരുന്നു പിന്നീട്. അത് വിജയിച്ചതോടെ അവനുമുന്നില്‍ വാതിലുകള്‍ ഓരോന്നായി തുറന്നു. 2023 ലോകകപ്പില്‍ ന്യൂസീലന്‍ഡ് സ്പിന്‍ അറ്റാക്കിനെ നയിക്കുന്നത് സാന്റ്‌നറാണ്.
ആദ്യമത്സരത്തില്‍ നന്നായിത്തുടങ്ങിയ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലേക്ക് തള്ളിയിട്ട സാന്റ്‌നറുടെ പേര് അധികം വാഴ്ത്തപ്പെട്ടില്ല. ഡെവന്‍ കോണ്‍വെയുടെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ചുറികളില്‍ ആ പ്രകടനം മുങ്ങി.
ഐ.പി.എലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന 31-കാരന് ഇന്ത്യയിലെ പിച്ചുകളെല്ലാം കൈവെള്ളയിലെ രേഖപോലെ പരിചിതം. വ്യാഴാഴ്ച 10 ഓവറില്‍ സാന്റ്‌നര്‍ വഴങ്ങിയത് 37 റണ്‍സ്, രണ്ടു വിക്കറ്റും നേടി. 4.86 ആണ് ഏകദിനത്തിലെ ഇക്കോണമി. ഈ ലോകകപ്പില്‍ സാന്റ്‌നറെ കരുതിയിരിക്കണമെന്ന് ഈ കണക്കുകള്‍ വിളിച്ചുപറയുന്നു.
ബൗളിങ് രീതി
ഏതെങ്കിലും പ്രത്യേക സ്‌പോട്ട് കണ്ടെത്തി അതിലേക്ക് വീണ്ടും വീണ്ടും പന്തെറിഞ്ഞ് തിരിക്കുന്നതിന് പകരം ബാറ്ററെ നിരീക്ഷിക്കുക എന്നതാണ് സാന്റ്നറുടെ രീതി. പന്തുമായി ബൗളിങ് ക്രീസിലെത്തിയശേഷം ശരീരത്തെ നന്നായി ബാലന്‍സ് ചെയ്യും. ബാറ്ററുടെ അവസാന ചലനംവരെ മനസിലാക്കിയശേഷമാണ് പന്ത് റിലീസ് ചെയ്യുക. പലപ്പോഴും ഒരു സ്പിന്നര്‍ക്കുവേണ്ട വേഗമോ ടേണോ ഉണ്ടാകാറില്ല. എന്നാല്‍, ലെങ്തിലെ കൃത്യതകൊണ്ട് ഇതിനെ മറികടക്കുന്നു. ശരീരത്തിന്റെ ഉയരവും കൈയിന്റെ നീളക്കൂടുതലും സാന്റ്‌നര്‍ മുതലെടുക്കുന്നു. ഉയരത്തില്‍നിന്ന് റിലീസ് ചെയ്യുന്നതിനാല്‍ പന്തിന് തിരിച്ചില്‍ കൂടും. ഇത് ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ബാറ്ററെ വമ്പന്‍ ഷോട്ടിന് ക്ഷണിച്ച് കെണിയില്‍വീഴ്ത്തും. വ്യാഴാഴ്ച ബെയര്‍സ്റ്റോയും വോക്‌സും വീണത് അങ്ങനെയാണ്. പത്ത് ഓവറില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ഒരു ഫോര്‍പോലും നേടാനായില്ല.
ക്ലോ ബോള്‍
സമീപകാലംവരെ ഇടംകൈയന്മാര്‍ക്ക് ലെഗ്‌സൈഡിലേക്ക് എളുപ്പത്തില്‍ കളിക്കാന്‍പറ്റുന്ന ബൗളറായിരുന്നു സാന്റ്നര്‍. വലംകൈയന്മാര്‍ സ്വിച്ച് ഹിറ്റും ഉപയോഗിച്ചു. ഇപ്പോള്‍ ഇടംകൈയന്മാരെയും സ്വിച്ച് ഹിറ്റര്‍മാരെയും നേരിടാന്‍ സാന്റ്‌നറുടെ കൈയിലൊരു അസ്ത്രമുണ്ട്. 'ദ ക്ലോ ബോള്‍'.
അജാന്ത മെന്‍ഡിസും രവിചന്ദ്രന്‍ അശ്വിനുമൊക്കെ പയറ്റിയ കാരം ബോളിന്റെ ഇടംകൈയന്‍ വേര്‍ഷന്‍. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്ക് സാന്റ്‌നറുടെ പന്ത് സാധാരണഗതിയില്‍ അകത്തേക്കാണ് തിരിയുക. എന്നാല്‍, ദ ക്ലോ ബോള്‍ ഓഫ്സ്റ്റമ്പിലോ പുറത്തോ ആയിരിക്കും പിച്ചുചെയ്യുക. പിച്ചുചെയ്താല്‍ പുറത്തേക്ക് തിരിയുകയും ചെയ്യും. ഈ പന്തില്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചാല്‍ എഡ്ജ് ആയി ക്യാച്ച് ഔട്ടാകാന്‍ സാധ്യയേറേ. പെരുവിരലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് പന്ത് പിടിക്കുക. റിലീസ് ചെയ്യുമ്പോള്‍ പെരുവിരലും ചൂണ്ടുവിരലും നടുവിരലിന്റെ വളവുമാണ് ഉപയോഗിക്കുക. അതുകൊണ്ട് ക്ലോ ബോളിന് മറ്റു പന്തുകളേക്കാള്‍ വേഗം കുറയും. ഇത് ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു.
Content Highlights: Mitchell Santner and the mystery delivery claw