ചരിത്രം വഴിമാറി; ഇതാ രോഹിത്തും സംഘവും കലാശപ്പോരിലേക്ക്...

വിഖ്യാതമായ വാംഖഡേയില്‍ കലാശപ്പോരിലേക്കുള്ള വഴിതേടിയിറങ്ങിയ ആ പതിനൊന്ന് പേര്‍ക്ക് മുന്നില്‍ രണ്ട് ചരിത്രങ്ങള്‍ ബാലികേറാമലയെന്നപോലെ നില്‍പ്പുണ്ടായിരുന്നു. ഒന്ന് ഐസിസി വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ ചരിത്രത്തിലിന്നുവരെ കിവീസിനെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത്. മറ്റൊന്ന് 2011-ന് ശേഷം കളിച്ച രണ്ട് ലോകകപ്പുകളിലും ആധികാരികമായി സെമിയിലെത്തിയിട്ടും ഫൈനലില്‍ കടക്കാനാവാത്ത യാഥാര്‍ഥ്യം. വാംഖഡേയില്‍ പക്ഷേ കൂട്ടിവെച്ച ഈ ചരിത്രങ്ങള്‍ കിവീസിന്റെ രക്ഷക്കെത്തിയില്ല. ഈ ടീമിന് മുന്നില്‍ ചരിത്രം വഴി മാറി. സ്വന്തം മണ്ണില്‍ വിശ്വകിരീടം തേടിയിറങ്ങിയവര്‍ക്ക് മുന്നില്‍ കിവീസ് പൊരുതിവീണു. ഇന്ത്യ അപരാജിതരായി കലാശപ്പോരിലേക്ക്. ഒരു ജയമകലെ ലോകകപ്പ് കിരീടം. കപിലും ധോനിയും നേടിത്തന്നത് രോഹിത്തിന് സാധിക്കുമോ എന്ന കാത്തിരിപ്പിലാണ് ഏവരും. ചരിത്രങ്ങള്‍ക്കും കണക്കുകള്‍ക്കും ഇനി പ്രസക്തിയില്ല. മൂന്നാം കിരീടം നേടാനുറച്ച് ഇന്ത്യ മുന്നോട്ടുതന്നെ.
കണക്കുകള്‍ കൂട്ടിവെച്ച് കളത്തിലിറങ്ങിയ കിവീസിന് പക്ഷേ ചരിത്രം കുറിക്കാന്‍ തുനിഞ്ഞിറിങ്ങിയ ഒരാളുടെ ഐതിഹാസിക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. വിരാട് കോലിയെന്ന റണ്‍മെഷീന്റെ. അയാള്‍ ക്രീസിലിറങ്ങി റണ്‍വേട്ടയ്ക്ക് തുടക്കമിട്ടതോടെ റെക്കോഡുകളെല്ലാം കടപുഴകി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ്, ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി എന്നിവയെല്ലാം ഈ ഇന്നിങ്‌സില്‍ വിരാട് കോലി സ്വന്തമാക്കി. കോലിക്ക് പിന്നാലെ ശ്രേയസ്സ് അയ്യരും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തി. നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡും പോരാടാനുറച്ചവരായിരുന്നു. തുടക്കം മോശമായെങ്കിലും നായകന്‍ വില്ല്യംസണും ഡാരി മിച്ചലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 39-2 എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. എന്നാല്‍ വില്ല്യംസണും പിന്നാലെ വന്ന ലാഥവും വേഗത്തില്‍ പുറത്തായത് കിവീസിന് തിരിച്ചടി നല്‍കി. മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സ്‌കോറുയര്‍ത്തിയപ്പോള്‍ കിവീസിന് ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ആ പോരാട്ടങ്ങളെല്ലാം വിഫലമായി. 2019-ലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടി.
അപരാജിതരായാണ് ഇന്ത്യ ഇക്കുറി സെമിയിലെത്തിയത്. ആദ്യ കളിയില്‍ ഓസീസിനെ വീഴ്ത്തിയാണ് തുടങ്ങിയത്. പിന്നാലെ അഫ്ഗാനേയും പാകിസ്താനേയും തകര്‍ത്തു. ആദ്യ അഞ്ച് മത്സരങ്ങളിലും ചേസ് ചെയ്താണ് ഇന്ത്യ മുന്നേറിയത്. പിന്നെ എതിരാളികളെ എറിഞ്ഞിട്ടും. ബാറ്റിങ്ങിലും ബൗളിങ്ങിലും തുടങ്ങി കളിയുടെ സര്‍വ്വ മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് മൂന്നാം കിരീടം ലക്ഷ്യം വെച്ചുള്ള ഇന്ത്യയുടെ പോക്ക്. ശ്രീലങ്കയെ 302 റണ്‍സിനും ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനും കീഴടക്കിയപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരപ്പോടെ നിന്നു. കോലിയും രോഹിത്തുമെല്ലാം അണിനിരന്ന ഈ സംഘം മൂന്നാം ലോകകപ്പ് നേടുമെന്നു തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.
കിവീസിനെതിരായ ചരിത്രത്തിലെക്കാലവും നിഴലിക്കുന്നതാണ് 2019-ലോകകപ്പിലെ സെമി പോരാട്ടം. അന്ന് 49-ാം ഓവറിലെ മൂന്നാം പന്തില്‍ സെന്റിമീറ്ററുകളുടെ ദൂരത്തില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നുടയുന്നതാണ് കണ്ടത്. ഗുപ്റ്റിലിന്റെ ത്രോയില്‍ ധോനി പുറത്താകുമ്പോള്‍ ഇന്ത്യയുടെ വിധിയും കുറിക്കപ്പെട്ടിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. നായകന്‍ കെയ്ന്‍ വില്ല്യംസന്റേയും റോസ് ടെയ്‌ലറുടേയും അര്‍ധ സെഞ്ചുറി പ്രകടനങ്ങളാണ് കിവീസിന് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മുന്‍നിര ബാറ്റര്‍മാരെല്ലാം ഒന്നിന് പിറകേ ഒന്നായി കൂടാരം കയറി. ഋഷഭ് പന്തിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും രക്ഷാപ്രവര്‍ത്തനത്തിന് പിറകേ ധോനിയും ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ജഡേജ പുറത്തായതോടെ നീലപ്പടയ്ക്ക് തിരിച്ചടിയേറ്റു. ധോനിയിലേക്ക് മാത്രമായി എല്ലാ കണ്ണുകളും. എന്നാല്‍ 49-ാം ഓവറിലെ മൂന്നാം പന്തില്‍ പക്ഷേ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ന്നു. ഷോട്ട് ഫൈന്‍ ലെഗില്‍ നിന്നുള്ള ഗുപ്റ്റിലിന്റെ ത്രോയില്‍ റണ്ണൗട്ടായി ധോനി തിരിഞ്ഞുനടക്കുമ്പോള്‍ സ്‌റ്റേഡിയം നിശബ്ദമായിരുന്നു. പിന്നാലെ 221-റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി പുറത്തേക്ക്.
ആധികാരികമായി സെമി ടിക്കറ്റെടുത്ത ഇന്ത്യയുടെ പതനം അവിശ്വസനീയതയോടെയാണ് ആരാധകര്‍ നോക്കിനിന്നത്. പോയന്റ് പട്ടികയില്‍ തലപ്പത്ത് നിന്നാണ് ഇന്ത്യ സെമി കളിക്കാനെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങളോടെ 15-പോയന്റാണ് പ്രാഥമിക റൗണ്ടിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യ ലോകകപ്പില്‍ തുടങ്ങിയത്. നിശ്ചിത 50-ഓവറില്‍ 227-9 എന്ന നിലയില്‍ പ്രോട്ടീസിനെ വരിഞ്ഞുകെട്ടിയ ഇന്ത്യ 47.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. രണ്ടാം മത്സരത്തില്‍ ഓസീസിനെ 36-റണ്‍സിന് പരാജയപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. പാകിസ്താനെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തില്‍ 89 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാനെ 11 റണ്‍സിനും വിന്‍ഡീസിനെ 125 റണ്‍സിനും പരാജയപ്പെടുത്തി.
എന്നാല്‍ അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് പരാജയപ്പെട്ടു. പക്ഷേ ഇന്ത്യയുടെ തിരിച്ചുവരവാണ് ബാക്കി മത്സരങ്ങളില്‍ കണ്ടത്. ബംഗ്ലാദേശിനേയും ശ്രീലങ്കയേയും തകര്‍ത്തെറിഞ്ഞ് പോയന്റ് പട്ടികയില്‍ ഒന്നാമതായാണ് സെമി പ്രവേശം. 14 പോയന്റുമായി ഓസീസ് രണ്ടാമതും ഇംഗ്ലണ്ട് മൂന്നാമതും നിലയുറപ്പിച്ചു. നാലാമതായി തപ്പിത്തടഞ്ഞാണ് കിവികള്‍ സെമിയിലെത്തിയത്. അതും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍. പാകിസ്താനും ന്യൂസിലന്‍ഡിനും 11 പോയന്റാണുണ്ടായിരുന്നത്. എന്നാല്‍ മികച്ച റണ്‍റേറ്റില്‍ സെമിയിലെത്തി. പക്ഷേ പ്രാഥമിക റൗണ്ടിലെ പ്രകടനങ്ങള്‍ സെമിയില്‍ അപ്രസക്തമാണെന്ന് ഇന്ത്യയെ അവര്‍ ഓര്‍മിപ്പിച്ചു. ഗുപ്റ്റിലിന്റെ ആ ത്രോയും ധോനിയുടെ തിരിച്ചുനടക്കലും മുറിപ്പെടുത്തിയ ആ ദിനം ഇന്ത്യയും പുറത്തേക്ക് തിരിച്ചുനടന്നു.
നാല് കൊല്ലം മുന്‍പ് 2015-ലും സമാനമായ ചിത്രമായിരുന്നു. രണ്ട് പൂളുകളിലായി ടീമുകളെ തരംതിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടന്നത്. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വിന്‍ഡീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പൂള്‍ ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടത്. പ്രാഥമിക റൗണ്ടില്‍ ആധികാരിക പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. കളിച്ച ആറ് മത്സരങ്ങളും വിജയിച്ച് അപരാജിതരായാണ് നീലപ്പട ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ കീഴടക്കിക്കൊണ്ട് ഇന്ത്യ തുടങ്ങി. 76 റണ്‍സിന് ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 130-റണ്‍സിന്റെ തകര്‍പ്പന്‍ ജയം. പിന്നെ എതിരാളികളെല്ലാം ഒന്നൊന്നായി ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി. യു.എ.ഇ, വിന്‍ഡീസ്, അയര്‍ലന്‍ഡ്, സിംബാബ്‌വെ എന്നിവര്‍ക്കും കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല.
തുടര്‍ച്ചയായ രണ്ടാം കിരീടം നേടാനാകുമെന്ന് ഒരുവേള ആരാധകര്‍ കരുതിക്കാണണം. ആ ലക്ഷ്യത്തില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ഇന്ത്യ കളത്തിലിറങ്ങി. ബംഗ്ലാദേശായിരുന്നു എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത് 303 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ഇന്ത്യ 193 റണ്‍സിന് ബംഗ്ലാദേശിനെ എറിഞ്ഞിട്ടു. 109 റണ്‍സിന്റെ ഗംഭീര ജയവുമായി സെമിയിലേക്ക്. സെമിയില്‍ ഓസീസ് കടമ്പയും മറികടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ്. പക്ഷേ മൈതാനത്ത് കളി മാറി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണെടുത്തത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയും ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ചുറിയുമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് പിഴച്ചു. രോഹിത്തും ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും കോലിയും റെയ്‌നയും നിരാശപ്പെടുത്തി. അര്‍ധസെഞ്ചുറി നേടിയ ധോനിയുടെ ഇന്നിങ്‌സ് ഇന്ത്യയ്ക്ക് പതിവുപോലെ പ്രതീക്ഷ നല്‍കിയെങ്കിലും ജയത്തിലെത്തിക്കാനായില്ല. പിന്നീട് വന്നവരെ നിരനിരയായി കൂടാരം കയറ്റി ഓസീസ് 233 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കി.
സെമിയിലെ ഈ രണ്ട് ലോകകപ്പ് ചരിത്രം മാത്രമായിരുന്നില്ല 2023 ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് കിവീസിനെ നേരിടുമ്പോള്‍ തിരിച്ചടി പോലെ മുഴങ്ങിയത്. ഐസിസി വൈറ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ നോക്കൗട്ട് റൗണ്ടില്‍ ഇതുവരെ കിവീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയുമായിരുന്നു. 2019 ലോകകപ്പ് സെമിയ്ക്ക് പുറമേ 2000-ലെ ചാമ്പ്യന്‍സ് ട്രോഫിയിലും കിവികളോട് തോല്‍ക്കാനായിരുന്നു വിധി. 2019-21 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയും മുന്നിലുണ്ടായിരുന്നു.
ആ ചരിത്രങ്ങളൊന്നും പക്ഷേ 2023 ലോകകപ്പ് സെമിയില്‍ കിവീസിനെ തുണച്ചില്ല. സ്വന്തം മണ്ണില്‍ വിശ്വകിരീടം മോഹിച്ചിറങ്ങിയവര്‍ക്ക് മുന്നില്‍ കഴിയും വിധം പൊരുതിയെന്നുമാത്രം. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് സധൈര്യം ബാറ്റേന്തിയ കിവീസിന് വെല്ലുവിളി ഉയര്‍ത്താനുമായി. പക്ഷേ ജയം മാത്രം അകന്നു. വാംഖഡേയില്‍ ഇന്ത്യ കണക്കു തിര്‍ത്തു. കലാശപ്പോരിന് ടിക്കറ്റെടുത്തു. ഒരു ജയമകലെ ആ വിശ്വ കിരീടം അവകാശികളേയും കാത്തിരിപ്പാണ്. ഒരു ജനത ഒന്നടങ്കം സ്വപ്‌നം കാണുകയാണ്. നവംബര്‍ 19-ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രോഹിത് കപ്പുയര്‍ത്തുമെന്ന പ്രത്യാശയിലാണ് ഏവരും.
Content Highlights: india beat kiwis to reach 2023 icc world cup final