2019 ആവര്‍ത്തിക്കുമോ? ഹാട്രിക്ക് ഫൈനല്‍ ലക്ഷ്യം വെച്ച് കിവികള്‍ വാംഖെഡെയിലേക്ക്

ക്രിക്കറ്റില്‍ നിര്‍ഭാഗ്യത്തിനൊരു പേരുണ്ടെങ്കില്‍ അത് ന്യൂസീലന്‍ഡാണ്. ചുണ്ടിനും കപ്പിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടവര്‍. ഒന്നല്ല പലവട്ടം. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയിട്ടും ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യമില്ലാത്ത ഹതഭാഗ്യര്‍. പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളാല്‍ എന്നും സമ്പന്നമാണ് കിവീസ് എന്ന പേരിലറിയപ്പെടുന്ന ന്യൂസീലന്‍ഡ്. പക്ഷേ നാളിതുവരെ ഒരു ലോകകപ്പ് കിരീടം ഉയര്‍ത്താനുള്ള സൗഭാഗ്യം ഈ ടീമിനുണ്ടായിട്ടില്ല. തുടര്‍ച്ചയായി രണ്ട് തവണ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയിട്ടും കിരീടം ഉയര്‍ത്താന്‍ കഴിയാതെ പോയവര്‍. 2015-ല്‍ ഓസ്ട്രേലിയയോടും 2019-ല്‍ ഇംഗ്ലണ്ടിനോടും ന്യൂസീലന്‍ഡ് പരാജയം ഏറ്റുവാങ്ങി.
തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലും സെമിയിലെത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡ്. 2007 മുതല്‍ ന്യൂസീലന്‍ഡ് സ്ഥിരമായി ലോകകപ്പിന്റെ സെമിയില്‍ കളിക്കുന്നുണ്ട്. പക്ഷേ കിരീടം മാത്രം നേടാനായിട്ടില്ല. 2023 ലോകകപ്പില്‍ നാലാം സ്ഥാനക്കാരായാണ് ടീം സെമിയിലേക്ക് ടിക്കറ്റെടുത്തത്. 2019-ലെ സെമി ഫൈനലിന്റെ ബാക്കിയെന്നോണം ഇത്തവണയും ഇന്ത്യയാണ് ന്യൂസീലന്‍ഡിന്റെ എതിരാളികള്‍. എന്നാല്‍ 2019-ലെ ഇന്ത്യയല്ല 2023-ലെ ഇന്ത്യ. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ടീമാണ് രോഹിത്തും സംഘവും. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ ശക്തരായ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്‍പതില്‍ ഒന്‍പത് മത്സരവും വിജയിച്ച് അപരാജിതക്കുതിപ്പോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. അതും ഒന്നാം സ്ഥാനം നേടിക്കൊണ്ട്. ഇത്തവണ ഇന്ത്യയെ അവരുടെ മണ്ണില്‍ കീഴടക്കുക എന്ന വലിയ വെല്ലുവിളിയാണ് വില്യംസണിനും സംഘത്തിനും മുന്നിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നാലുവിക്കറ്റിന് കിവീസിനെ പരാജയപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ ഭാഗ്യം കൈവിട്ടപ്പോള്‍ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കിവീസിന് അടിയറവുപറയേണ്ടിവന്നു. സൂപ്പര്‍ ഓവറില്‍ സമനില പിടിച്ചിട്ടും ബൗണ്ടറിയുടെ എണ്ണത്തിന്റെ കരുത്തില്‍ ഒയിന്‍ മോര്‍ഗനും കൂട്ടരും ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ കണ്ണീരോടെ അത് നോക്കിനില്‍ക്കാനേ കെയ്ന്‍ വില്യംസണ്‍ നയിച്ച കിവീസിന് സാധിച്ചുള്ളൂ. വില്യംസണ്‍ അപ്പോഴും സ്വതസിന്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ടിരുന്നു. നിര്‍ഭാഗ്യം എന്നല്ലാതെ മറ്റെന്തുവാക്കുകൊണ്ടാണ് ഈ തോല്‍വിയെ വിശേഷിപ്പിക്കാനാവുന്നത്?
2015 ലോകകപ്പ് ഫൈനലിലും വില്യംസണ്‍ നിസ്സഹായനായി നിന്നിരുന്നു. ആ ഫൈനലില്‍ ഓസ്ട്രേലിയ ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കി ഏഴുവിക്കറ്റിന്റെ വിജയമാണ് നേടിയത്. തുടര്‍ച്ചയായി രണ്ട് ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന്റെ നീറ്റല്‍ ഉള്ളിലുണ്ടെങ്കിലും വില്യംസണ്‍ അത് പുറത്തുകാണിക്കാതെ ചിരിച്ചു. ഇത്തവണ ആ നീറ്റല്‍ മാറ്റിയെടുക്കാനാണ് ന്യൂസീലന്‍ഡ് ഇന്ത്യയിലേക്ക് പറന്നെത്തിയത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാത്ത വില്യംസണ്‍ വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും ടീമില്‍ ആ കുറവ് അറിഞ്ഞിട്ടില്ല. കാരണം അവര്‍ക്കൊരു ലോകോത്തര താരത്തെ ലഭിച്ചു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ഒരു 23 കാരന്‍ പയ്യന്‍. ഇന്ത്യയില്‍ വേരുകളുള്ള രചിന്‍ രവീന്ദ്ര. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിക്കൊണ്ട് വരവറിയിച്ച രചിന്റെ തോളിലേറി കിവീസ് പറന്നുയര്‍ന്നു. ഇത്തവണ ന്യൂസീലന്‍ഡിന്റെ തുറുപ്പുചീട്ടാണ് രചിന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 565 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും രചിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 70.62 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. സത്യത്തില്‍ ന്യൂസീലന്‍ഡിന് ലഭിച്ച ബോണസാണ് രചിന്‍. താരം ഇത്ര മികച്ച രീതിയില്‍ ബാറ്റുചെയ്യുമെന്ന് ആരും കരുതിയില്ല. ഇടംകൈയ്യന്‍ ബാറ്ററായ രചിന്‍ മികച്ച സ്പിന്നര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ മികവ് ടീമിന് ഏറെ ഗുണം ചെയ്തു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ച് സെമിയിലേക്ക് മുന്നേറാന്‍ പോകുകയായിരുന്ന ന്യൂസീലന്‍ഡിന് അഞ്ചാം മത്സരത്തില്‍ പിഴച്ചു. ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെ തകര്‍ത്ത് കുതിച്ചെത്തിയ കിവീസിനെ ഇന്ത്യ നാല് വിക്കറ്റിന് തകര്‍ത്തു. അവിടെനിന്നങ്ങോട്ട് ടീം പരാജയങ്ങളിലേക്ക് കൂപ്പുകുത്തി. അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അഞ്ചുറണ്‍സിന് തോറ്റു. പിന്നാലെ ദക്ഷിണാഫ്രിക്കയും കിവീസിനെ പരാജയപ്പെടുത്തി. പാകിസ്താനെതിരായ മത്സരത്തില്‍ 401 റണ്‍സ് അടിച്ചെടുത്തിട്ടുപോലും ന്യൂസീലന്‍ഡ് പരാജയപ്പെട്ടു. പാകിസ്താന്‍ മറുപടി ബാറ്റിങ്ങില്‍ 25.3 ഓവറില്‍ 200 റണ്‍സ് അടിച്ചതോടെ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ടീം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.
ഇതോടെ ആദ്യ നാല് മത്സരങ്ങളില്‍ തോറ്റ കിവീസ് പിന്നീടുള്ള നാല് മത്സരങ്ങളില്‍ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമെന്ന അവസ്ഥയിലെത്തി. മികച്ച നെറ്റ് റണ്‍റേറ്റ് മാത്രമായിരുന്നു ടീമിന്റെ ഏക ആശ്വാസം. കിവീസിനൊപ്പം അഫ്ഗാനിസ്താനും പാകിസ്താനും സെമി സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്കെത്തി. എന്നാല്‍ നിര്‍ണായകമായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ന്യൂസീലന്‍ഡ് സെമിയുറപ്പിച്ചു. ശ്രീലങ്കയെ 171 റണ്‍സിന് ഓള്‍ ഔട്ടാക്കിയ കിവീസ് ഈ ലക്ഷ്യം വെറും 23.2 ഓവറില്‍ മറികടന്ന് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്താനും പാകിസ്താനും പരാജയപ്പെട്ടതോടെ കിവീസ് തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലും സെമിയിലേക്ക് മുന്നേറി.
ടീമിന്റെ ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റാണ് കൂടുതല്‍ കരുത്തര്‍. രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും മാരക ഫോമിലാണ് കളിക്കുന്നത് താരം ഇംഗ്ലണ്ടിനെതിരേ 152 റണ്‍സെടുത്തിരുന്നു. വില്യംസണ്‍ സെമിയില്‍ കളിക്കുമെന്ന കാര്യമുറപ്പാണ്. ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയ ഡാരില്‍ മിച്ചലും നന്നായി കളിക്കുന്നുണ്ട്. മാര്‍ക്ക് ചാപ്പ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാഥം എന്നിവരും ബാറ്റിങ് നിരയ്ക്ക് ആഴം നല്‍കുന്നു. ഫിലിപ്‌സും ലാഥവും ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് ടീമിനെ വലയ്ക്കുന്നത്. ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തത് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറാണ്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സൂപ്പര്‍ താരം ട്രെന്റ് ബോള്‍ട്ട് 13 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, രചിന്‍ രവീന്ദ്ര എന്നിവരും ബൗളിങ് ഡിപ്പാര്‍ട്‌മെന്റില്‍ അണിനിരക്കുന്നുണ്ട്. സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ള സംഘം തന്നെയാണിത്. ഇത്തവണയും മുന്‍ ന്യൂസീലന്‍ഡ് താരം കൂടിയായ ഗ്യാരി സ്റ്റെഡാണ് ടീമിന്റെ പ്രധാന പരിശീലകന്‍. 2019 ലോകകപ്പിലും ടീമിന്റെ പരിശീലകന്‍ സ്റ്റെഡ് തന്നെയായിരുന്നു.
ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ന്യൂസീലന്‍ഡ് എന്നും ശക്തമായ ടീമാണ്. ആറുതവണയാണ് ടീം ഏകദിന ലോകകപ്പിന്റെ സെമിയിലെത്തിയത്. രണ്ട് തവണ ഫൈനലിലും കളിച്ചു. 1975, 1979, 1992, 1999, 2007, 2011 ലോകകപ്പുകളിലാണ് ടീം സെമിയിലെത്തിയത്. വെറും രണ്ടേരണ്ട് തവണ മാത്രമാണ് ടീം ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായത്. എന്നിട്ടും ഇതുവരെ കിരീടം നേടാനാവാത്തതിന് ദൗര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍? കിവീസിന് ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിച്ച ലോകകപ്പായിരുന്നു 1992-ലേത്. ആ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമായിരുന്നു.മാര്‍ട്ടിന്‍ ക്രോ നയിച്ച ടീമില്‍ ജോണ്‍ റൈറ്റ്, ഇയാന്‍ സ്മിത്ത്, ആന്‍ഡ്രൂ ജോണ്‍സ്, കീന്‍ റുഥര്‍ഫോര്‍ഡ്, ഡാനി മോറിസണ്‍, വില്ലി വാട്സണ്‍ തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്നിരുന്നു. ഒന്‍പത് ടീമുകളാണ് ആകെ മത്സരിച്ചത്. അന്ന് റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എട്ടില്‍ ഏഴുമത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറിയത്. ഇതോടെ ടീം കപ്പടിക്കുമെന്ന് എല്ലാവരും വിധിയെഴുതി.സെമിയില്‍ നാലാം സ്ഥാനക്കാരായി എത്തിയ പാകിസ്താനായിരുന്നു കിവീസിന്റെ എതിരാളികള്‍. പക്ഷെ സെമിയില്‍ ന്യൂസീലന്‍ഡിന് കാലിടറി. കിവീസിനെ അട്ടിമറിച്ചുകൊണ്ട് പാകിസ്താന്‍ ഫൈനലിലെത്തി കിരീടവും സ്വന്തമാക്കി.
മാര്‍ട്ടിന്‍ ക്രോയെപ്പോലെ അപാര ഫോമില്‍ കളിച്ച പല കിവീസ് താരങ്ങള്‍ക്കും ലോകകപ്പ് നേടാനാവാതെ കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. ക്രിസ് ക്രെയ്ന്‍സ്, സ്റ്റീഫന്‍ ഫ്ളെമിങ്, ബ്രണ്ടന്‍ മക്കല്ലം, ഡാനിയേല്‍ വെട്ടോറി, ഗ്ലെന്‍ ടര്‍ണര്‍... പട്ടിക നീളുകയാണ്. അവര്‍ക്കൊന്നും സാധിക്കാതെ പോയ ആ നേട്ടം സ്വന്തമാക്കാനാണ് ഇത്തവണ വില്യംസണും സംഘവും ശ്രമിക്കുന്നത്. രണ്ടില്‍ പിഴച്ചാല്‍ മൂന്ന് എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ആ പഴഞ്ചൊല്ല് ഇത്തവണ തിരുത്തിയെഴുതാനാണ് വില്യംസണും സംഘവും ശ്രമിക്കുന്നത്. പക്ഷേ അതത്ര എളുപ്പമല്ല. കാരണം സെമിയില്‍ നേരിടേണ്ടത് ഇന്ത്യയെയാണ്. സ്വന്തം മണ്ണില്‍ ഇന്ത്യയെ മുട്ടുകുത്തിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് കിവീസിന് നന്നായി അറിയാം. പക്ഷേ തുല്യശക്തികളായ രണ്ട് ടീമുകള്‍ നവംബര്‍ 15 ന് മുംബൈയിലെ വാംഖെഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. തീപാറുന്ന പോരാട്ടം ആരാധകര്‍ക്ക് ഉത്സവസമാനമായ പ്രതീതി നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയെ അവരുടെ മണ്ണില്‍ കീഴടക്കാന്‍ ന്യൂസീലന്‍ഡിനാകുമോ? നീലക്കടലായി മാറുന്ന വാംഖെഡെ സ്‌റ്റേഡിയത്തിലെ അവസാന ചിരി കിവീസിന്റേതാകുമോ? കാത്തിരുന്നുകാണാം.
Content Highlights: detailed evaluation of new zealand cricket team ahead of 2023 cricket world cup