'ഇത്രയും വലിയ ജനസഞ്ചയത്തെ നിശബ്ദമാക്കുന്നതിലും വലിയ സംതൃപ്തി മറ്റൊന്നില്ല'; ഇത് കമ്മിന്‍സിന്റെ കഥ

മൈറ്റി ഓസീസ് എന്നത് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട നാമമാണ്. പച്ചയണിഞ്ഞ പുല്‍മൈതാനത്ത് പകിട്ടോടെ നിറഞ്ഞുനിന്ന മഞ്ഞക്കുപ്പായക്കാരുടെ ചരിത്രം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടതില്‍. തങ്ങളുടെ അപ്രമാദിത്വം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയവര്‍. ഐ.സി.സി ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരമുണ്ടാവാനിടയില്ല. എന്നാല്‍ ആ ചരിത്രത്തിന് പൂര്‍ണത കൈവരുന്നത് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടമണിഞ്ഞതോടെയാണ് എല്ലാ ഐ.സി.സി കിരീടങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കുന്നത്. ലോകക്രിക്കറ്റില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം. ഓവലിലെ കലാശപ്പോരില്‍ ഇന്ത്യയെ കീഴടക്കി ആ സ്വപ്‌നനേട്ടം ഓസീസ് സ്വന്തമാക്കുന്നത് ഒരു 30-കാരന്റെ നായകത്വത്തിലാണ്. പാട്രിക് ജെയിംസ് കമ്മിന്‍സ് അഥവാ പാറ്റ് കമ്മിന്‍സ് എന്ന ന്യൂ സൗത്ത് വെയില്‍സ് കാരനിലൂടെ. അയാളുടെ കഥയ്ക്ക് പക്ഷേ അവിടെ പരിസമാപ്തി കുറിക്കപ്പെട്ടില്ല. അയാള്‍ പിന്നേയും ഓസീസിന്റെ നായകനായി യാത്ര തുടര്‍ന്നു. 2023 ലോകകപ്പിനുള്ള സംഘത്തെ നയിക്കാനുള്ള ദൗത്യവും വന്നുചേര്‍ന്നു. ആ വിശ്വാസം കമ്മിന്‍സ് തെറ്റിച്ചില്ല. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിശബ്ദമായ നീലക്കടലിനുനടുവില്‍ കമ്മിന്‍സ് ചിരിച്ചു. കപ്പുയര്‍ത്തി. ടീമിനായി ലോകകിരീടം നേടിക്കൊടുത്ത വിഖ്യാത നായകന്‍മാരുടെ പട്ടികയിലേക്ക് കമ്മിന്‍സും വന്നുചേരുന്നു.
നടുവിരലിന്റെ അഗ്രം നഷ്ടപ്പെട്ട മൂന്ന് വയസുകാരന്‍ നടുവിലത്തെ സ്റ്റമ്പുകള്‍ പിഴുതുതുടങ്ങുന്ന കഥയെന്ന് പാറ്റ് കമ്മിന്‍സിന്റെ കരിയറിനെ സംഗ്രഹിക്കാം. ഒരര്‍ഥത്തില്‍ അത് അങ്ങനെതന്നെയാണ്. കാരണം മൂന്നാം വയസ്സില്‍ കുഞ്ഞു കമ്മിന്‍സിന് വലതുകൈയ്യിലെ നടുവിരലിന്റെ അഗ്രം നഷ്ടപ്പെടുന്നുണ്ട്. വീട്ടില്‍ വെച്ചായിരുന്നു അപകടം. വാതിലില്‍ കമ്മിന്‍സ് കൈ വെച്ചപ്പോള്‍ സഹോദരി അപ്രതീക്ഷിതമായി അടച്ചതാണ് കാരണം. എന്നാല്‍ ഇതൊന്നും തന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് കമ്മിന്‍സ് പിന്നീട് തുറന്നുപറയുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ മൗണ്ട് റിവര്‍വ്യൂയിലാണ് നാല് സഹോദരങ്ങള്‍ക്കൊപ്പം കമ്മിന്‍സ് വളരുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റില്‍ തത്പരനായിരുന്ന അവന്റെ ആരാധനാപാത്രം ഓസീസ് പേസ് ബൗളര്‍ ബ്രെറ്റ് ലീയായിരുന്നു. ജൂനിയര്‍ തലത്തില്‍ ഗ്ലെന്‍ബ്രൂക്ക്-ബ്ലാക്‌സ്‌ലാന്‍ഡ് ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി കളിച്ചാണ് തുടക്കം. പിന്നാലെ ന്യൂ സൗത്ത് വെയില്‍സ് അണ്ടര്‍-17, അണ്ടര്‍-19 ടീമുകളേയും പ്രതിനിധീകരിച്ചു.
2010-11 കെഎഫ്‌സി ട്വന്റി20 ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതാണ് കരിയറിലെ വഴിത്തിരിവാകുന്നത്. ടാസ്മാനിയയ്‌ക്കെതിരായ പ്രിലിമിനറി ഫൈനലില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത കമ്മിന്‍സ് മത്സരത്തിലെ താരവുമായി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളിലൊരാള്‍ കൂടിയായിരുന്നു കമ്മിന്‍സ്. 17-ാം വയസ്സില്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. 2010-11 സീസണില്‍ ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ കമ്മിന്‍സ് തിളങ്ങി.
ദേശീയടീമിലേക്ക്
ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികവുറ്റ പ്രകടനം താരത്തിന് വൈകാതെ ദേശീയ ടീമിന്റെ വാതിലും തുറന്നു. 2011-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പയിലൂടെയാണ് ദേശീയ ടീമിലെ അരങ്ങേറ്റം. പരമ്പരയില്‍ രണ്ട് ട്വന്റി20, മൂന്ന് ഏകദിന മത്സരങ്ങളിലും കമ്മിന്‍സ് പന്തെറിഞ്ഞു. പിന്നാലെ ഓസീസ് ടെസ്റ്റ് ടീമിലേക്കും ക്ഷണമെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിലൂടെയാണ് റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് ചുവടുവെയ്ക്കുന്നത്. 1953-ല്‍ ഇയാന്‍ ക്രെയിഗിന് ശേഷം ഓസീസിന് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്രിക്കറ്റര്‍ കൂടിയായിരുന്നു കമ്മിന്‍സ്. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റെടുത്താണ് താരം വരവറിയിച്ചത്. അതോടെ ഒരു ഇന്നിങ്‌സില്‍ ആറ് വിക്കറ്റെടുക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്ററെന്ന നേട്ടവും സ്വന്തമാക്കി. മത്സരത്തിലെ താരവും കമ്മിന്‍സായിരുന്നു. എന്നാല്‍ ഉപ്പൂറ്റിയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. തുടര്‍ന്ന് പല മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്നു.
2012 ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ ട്വന്റി ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കായും ചാമ്പ്യന്‍സ് ട്രോഫിയില്‍ സിഡ്‌നി സിക്‌സേഴ്‌സിനായും കളിച്ചു. എന്നാല്‍ വീണ്ടും പരിക്കിന്റെ പിടിയിലായത് താരത്തെ പ്രതിസന്ധിയിലാക്കി. മൈതാനത്ത് പിന്നെ തിരിച്ചുവരുന്നത് 2013-ല്‍ ഓസ്‌ട്രേലിയ എ യ്ക്കുവേണ്ടിയാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാന്‍ സാധിക്കാതെ വന്നതോടെ പിന്നേയും പുറത്തിരിക്കേണ്ടി വന്നു. 2014-ല്‍ ബിഗ് ബാഷ് ലീഗിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം 2015 ലോകകപ്പില്‍ ഓസീസ് ടീമിലും ഇടം പിടിച്ചു. അന്ന് കിരീടത്തില്‍ മുത്തമിട്ടാണ് കമ്മിന്‍സുള്‍പ്പെട്ട ഓസീസ് സംഘം മടങ്ങിയത്. ലോകകപ്പ് ജേതാവായെങ്കിലും കരിയറിലെ മുന്നോട്ടുപോക്കിന് എല്ലിനേറ്റ പരിക്ക് വിലങ്ങുതടിയായി. അഞ്ചു വര്‍ഷത്തിനിടെ നാലാം തവണയും താരം പരിക്കേറ്റ് പുറത്തായി. 2016-ല്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ വീണ്ടും മൈതാനത്ത് മടങ്ങിവന്നു.
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് താരം മടങ്ങിയെത്തി. ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരക്കാരനായാണ് ടീമിലെത്തിയത്. അഞ്ചു വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ 21017-18 ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിലേക്കും വിളിയെത്തി. പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു കമ്മിന്‍സിന്റെ പ്രകടനം. 23-വിക്കറ്റോടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരവുമായി. ബാറ്റിങ്ങിലും ടീമിന് കാര്യമായ സംഭാവനയാണ് കമ്മിന്‍സ് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ കരിയറിലെ ആദ്യ ടെസ്റ്റ് അര്‍ധ സെഞ്ചുറിയും നേടി. പരമ്പരയില്‍ 22 വിക്കറ്റോടെ മികച്ച പ്രകടനം തുടര്‍ന്ന കമ്മിന്‍സ് ഓസീസ് നിരയിലെ സ്ഥാനം അരക്കെട്ടുറപ്പിച്ചു.
നായകനിലേക്ക്
2019-ജനുവരിയില്‍ ട്രാവിസ് ഹെഡിനൊപ്പം ഓസ്‌ട്രേലിയയുടെ രണ്ട് ടെസ്റ്റ് ഉപനായകന്‍മാരില്‍ ഒരാളുമായി. പിന്നീടങ്ങോട്ട് ഓസ്‌ട്രേലിയയുടെ ബൗളിങ് അറ്റാക്കിന്റെ ശക്തി കേന്ദ്രവുമായി ഈ ന്യൂ സൗത്ത് വെയില്‍സ് കാരന്‍ മാറി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരിയറിലെ കന്നി പത്ത് വിക്കറ്റ് നേട്ടവും കരസ്ഥമാക്കി. 14-വിക്കറ്റുകളുമായി പരമ്പരയിലെ താരവും മറ്റാരുമായിരുന്നില്ല. മികച്ച പ്രകടനത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കിയ കമ്മിന്‍സ് ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുമെത്തി. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്തു. വൈറ്റ് ബോള്‍ ക്രിക്കറ്റിലും അപകടകാരിയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. വൈകാതെ 2019-ലെ മികച്ച പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സിയുടെ പുരസ്‌കാരം തേടിയെത്തി. ദേശീയ ടീമിലെ പ്രകടനം ഐ.പി.എല്ലിലും കമ്മിന്‍സിന്റെ മൂല്യം വര്‍ധിപ്പിച്ചു. 2020-ലേലത്തില്‍ 15.5 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂടാരത്തിലെത്തിച്ചത്. 2021-ല്‍ ഓസ്‌ട്രേലിയയെ ട്വന്റി 20 ലോകകപ്പ് വിജയികളാക്കുന്നതിലും നിര്‍ണായകമായിരുന്നു കമ്മിന്‍സിന്റെ പ്രകടനം.
ഓസ്‌ട്രേലിയയുടെ നായകപദവിയിലേക്കുള്ള അയാളുടെ സഞ്ചാരവും വിദൂരമായിരുന്നില്ല. 2021-നവംബറില്‍ ഓസീസിന്റെ ടെസ്റ്റ് നായകനായി. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പേസ് ബൗളര്‍ ടീമിന്റെ പൂര്‍ണ ചുമതലയുള്ള നായകനായി മാറുന്നത്. ആഷസ് പരമ്പരയുള്‍പ്പെടെ പിന്നാലെ വന്ന മത്സരങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു കമ്മിന്‍സിന്റേത്. ആരോണ്‍ ഫിഞ്ച് ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഓസീസിന്റെ ഏകദിന നായകനായും പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുത്തു. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളും വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടം ഓസ്‌ട്രേലിയ സ്വന്തമാക്കുന്നതും കമ്മിന്‍സിന്റെ നായകമികവിലാണ്.
നല്ല പേസ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ബോളിനെ സ്വിങ് ചെയ്യിക്കാന്‍ സാധിക്കുന്നുവെന്നതാണ് പാറ്റ് കമ്മിന്‍സെന്ന ബൗളറെ വേറിട്ടുനിര്‍ത്തുന്നത്. കൃത്യമായ പരിശീലനത്തിലൂടെയാണ് അത് നേടിയെടുത്തതെന്ന് കമ്മിന്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരിക്ക് പലതവണ വില്ലനായിട്ടും കരുത്തോടെ തിരിച്ചുവന്ന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി അയാള്‍ മാറുന്നതും മറ്റൊന്നും കൊണ്ടല്ല. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തകനായി മാറുന്ന കാഴ്ചയും മൈതാനങ്ങളില്‍ എത്രയോ വട്ടം കണ്ടു.
2023-ല്‍ വിശ്വകിരീടം തേടിയിറങ്ങിയപ്പോഴും അയാളുടെ പ്രകടനങ്ങള്‍ വേറിട്ടുനിന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പ് സ്വപ്‌നങ്ങള്‍ തന്നെ മങ്ങലേറ്റ് തുടങ്ങിയ ഘട്ടത്തില്‍ ടീമിനെ കമ്മിന്‍സ് ഉയര്‍ത്തിക്കൊണ്ടുവന്നു. പിന്നെ ഓസീസ് പരാജയമറിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. അഫ്ഗാനെതിരായ പോരാട്ടത്തില്‍ തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് ടീമിനെ മാക്‌സ്‌വെല്‍ ഒറ്റക്കാലില്‍ ജയിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് അതിന് അവസരമൊരുക്കിയ കമ്മിന്‍സിന്റെ ഇന്നിങ്‌സ് വിസ്മരിക്കാനാവില്ല. ഇരട്ടസെഞ്ചുറി നേടി മാക്‌സ്‌വെല്‍ ചരിത്രം രചിക്കമ്പോള്‍ കമ്മിന്‍സ് ചിരിക്കുന്നുണ്ടായിരുന്നു. 68-പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അയാളുടെ ഇന്നിങ്‌സില്ലായിരുന്നെങ്കില്‍ ഓസീസ് ആ കളി പരാജയപ്പെട്ടിട്ടുണ്ടാകുമായിരുന്നു. ഒരു നായകന്റെ ഇന്നിങ്‌സാണ് അവിടെ കണ്ടത്.
കലാശപ്പോരിന് മുമ്പും അയാള്‍ ആശങ്കകളേതുമില്ലാതെ ഇങ്ങനെ പറഞ്ഞു. ഇത്രയും വലിയ ജന സഞ്ചയത്തെ നിശബ്ദമാക്കുന്നതിലും വലിയ സംതൃപ്തി മറ്റൊന്നില്ല. അത് തന്നെയാണ് മൈതാനത്ത് കണ്ടത്. നീലക്കടല്‍ ഒന്നാകെ നിശ്ചലമായി. കമ്മിന്‍സ് ചിരിച്ചുകൊണ്ട് കപ്പുയര്‍ത്തി. ഓസീസിന് ആറാം ലോകകിരീടവും.
Content Highlights: cummins life story ausies captain