കുത്തിത്തിരിയുന്ന പിച്ച് പ്രതീക്ഷിച്ചെത്തി, പേസിനു മുന്നില്‍ മുട്ടുവിറയ്ക്കുന്നു

#ബിജു രാഘവന്‍
Photo: ANI, AP
Photo: ANI, AP

ഇന്ത്യന്‍ പിച്ചുകളിലെ കുപ്രസിദ്ധ ദുര്‍ഭൂതത്തെ പേടിച്ചുവന്ന വിദേശ ടീമുകളെല്ലാം പരിഹാരക്രിയകള്‍ വെറുതെയായതിന്റെ ഞെട്ടലിലാണിപ്പോള്‍. കുല്‍ജ സഖ്യത്തിന്റെ (കുല്‍ദീപ് യാദവ് - രവീന്ദ്ര ജഡേജ) ഇരട്ടക്കുഴല്‍ സ്പിന്‍ ആക്രമണം നേരിടാനുള്ള തയ്യാറെടുപ്പുമായി വന്ന ബാറ്റിങ് വീരന്‍മാര്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള പേസ് പടയുടെ മാരക വിക്കറ്റ് വേട്ടയ്ക്ക് മുന്നില്‍ ആയുധം വെച്ചു കീഴടങ്ങുന്നു.

ബുംറയും സിറാജും വിതയ്ക്കുന്നു, ഷമി കൊയ്തെടുക്കുന്നു. അതാണ് കളത്തില്‍ സംഭവിക്കുന്നത്. ഈ പേസ് ആക്രമണം കണ്ട് ഞെട്ടിത്തുടങ്ങുമ്പോഴേക്കും ബാറ്റര്‍മാരുടെ പിന്നില്‍നിന്ന് ബെയ്ല്‍ തെറിക്കുന്ന ശബ്ദം കേള്‍ക്കാം. വിദേശി ബാറ്റര്‍മാരെ കുഴിയില്‍ വീഴ്ത്താന്‍ സ്പിന്‍ പിച്ചൊരുക്കി കാത്തിരിക്കുന്ന ഇന്ത്യയിലാണോ അതോ പന്തുകള്‍ മൂളിപ്പായുന്ന ഇംഗ്ലണ്ടിലോ കളി എന്ന സ്ഥലജല വിഭ്രാന്തിയിലാണ് പലരും. പതിമൂന്നാം ലോകകപ്പിലെ ഇന്ത്യന്‍ പേസ് ആക്രമണം നല്‍കുന്ന സൂചനകളില്‍ ക്രിക്കറ്റ് പ്രേമികളെ ആഹ്ളാദിപ്പിക്കുന്ന ചില കണക്കുകളും ഒളിഞ്ഞിരിപ്പുണ്ട്.

ഈ ലോകകപ്പില്‍ ആദ്യത്തെ നാലുകളികളില്‍ ഇന്ത്യന്‍ പേസര്‍മാരായ ബുംറയും സിറാജും ഹാര്‍ദിക് പാണ്ഡ്യയും കൂടെ 20 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിനും കുല്‍ദീപും ജഡേജയുമടങ്ങുന്ന കറക്കുകമ്പനിക്ക് 14 വിക്കറ്റുകളേ കിട്ടിയുള്ളൂ. അതുവരെ ഏതാണ്ട് ഒപ്പത്തിനൊപ്പമെന്ന് തോന്നിപ്പിച്ച സ്പിന്‍-പേസ് മത്സരം അഞ്ചാം വേദിയിലെത്തുമ്പോഴേക്കും തികച്ചും ഏകപക്ഷീയമായി മാറിപ്പോയി. പേസര്‍മാരിലെ പരിചയസമ്പന്നനായ പോരാളി മുഹമ്മദ് ഷമി അവതരിച്ചത് ന്യൂസീലന്‍ഡിനെതിരെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ്. ലേറ്റായി വന്നാലും ലേറ്റസ്റ്റായി മാറുന്ന ഷമിയെ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കണ്ട ഇന്ത്യക്കാര്‍ ഉറപ്പിച്ചു, ഇത്തവണയും ഷമിയുടെ ഷോ തുടങ്ങിയിട്ടേയുള്ളൂവെന്ന്. ആ തോന്നല്‍ സത്യമായി. മൂന്ന് കളികളില്‍നിന്നുതന്നെ 14 വിക്കറ്റുകള്‍ ഷമിയുടെ പോക്കറ്റിലെത്തിയിരിക്കുന്നു.

പ്രാഥമിക ഘട്ടത്തിലെ ഏഴ് കളികള്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്പിന്‍നിരയെ അതിവേഗം ബഹുദൂരം കടത്തിവെട്ടിക്കഴിഞ്ഞു പേസ് അക്രമികള്‍. 41 എതിരാളികളാണ് അവരുടെ പന്തുകള്‍ക്ക് മുന്നില്‍ ബാറ്റ് വെച്ച് കീഴടങ്ങിയത്. സ്പിന്നര്‍മാര്‍ക്കാകട്ടെ 20 പേരെയെ വീഴ്ത്താന്‍ കഴിഞ്ഞിട്ടുള്ളൂ. നായകന്‍ രോഹിത് ശര്‍മയാവട്ടെ തന്റെ  ആക്രമണത്തിന്റെ മുന്‍നിരപ്പോരാളികളായി കാണുന്നതും ഇപ്പോള്‍ പേസ് പടയാളികളെയാണെന്നതാണ് യാഥാര്‍ത്ഥ്യം. ശ്രീലങ്കയെ വെറും 55 റണ്‍സില്‍ പപ്പടം പോലെ പൊടിച്ചു നായകന്റെ കൈയില്‍ കൊടുത്ത് അവര്‍ വാക്കും പാലിച്ചു. ഏറെ നേരത്തെ തന്നെ ഇന്ത്യന്‍ പിച്ചുകളിലെത്തി സ്പിന്നര്‍മാരെ നേരിടാന്‍ പരിശീലിച്ച ബാറ്റര്‍മാരാണ് ഈ പേസ് ആക്രമണത്തിന് മുന്നില്‍ ശരിക്കും കുഴങ്ങിപ്പോയത്. ഐ.പി.എല്‍. മത്സരങ്ങള്‍ ഇന്ത്യന്‍ സ്പിന്‍ പിച്ചുകളോട് താദാത്മ്യപ്പെടാനുള്ള വേദികളായെടുത്തവരും ഇപ്പോള്‍ പേസ് തിരിച്ചടിയില്‍ പേടിച്ച് നില്‍ക്കുന്നത് കാണാം.

ലോകകപ്പുകളുടെ ചരിത്രം ചികഞ്ഞാലുമുണ്ട് അസാധാരണമായ ഒരു യാദൃശ്ചികത. പേസ് വീരന്‍മാര്‍ തിളങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പ് ഇന്ത്യയിലെത്തിയതാണ് പതിവ്. ഇന്ത്യ ചാമ്പ്യന്‍മാരായ 1983-ലെ ലോകകപ്പിലാണ് ആദ്യമായി ഒരിന്ത്യന്‍ ബൗളറുടെ അഞ്ചുവിക്കറ്റ് പ്രകടനം കണ്ടത്. കപില്‍ദേവിന്റെ വകയായിരുന്നു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആ പോരാട്ടം. ആ ലോകകപ്പില്‍ കപിലും റോജര്‍ ബിന്നിയും മദന്‍ലാലും ചേര്‍ന്നുള്ള പേസര്‍മാര്‍ വീഴ്ത്തിയത് 63 വിക്കറ്റുകള്‍. കൂട്ടിന് മൊഹീന്ദര്‍ അമര്‍നാഥിന്റെയും ബല്‍വിന്ദര്‍സിങ് സന്ധുവിന്റെയും നാശം വിതച്ച പന്തുകളുമുണ്ടായിരുന്നു. അന്നത്തെ ടീമിലെ സ്പിന്നര്‍മാരായ രവിശാസ്ത്രിയും കീര്‍ത്തി ആസാദും ചേര്‍ന്ന് വീഴ്ത്തിയത് ആറുവിക്കറ്റുകളാണ്. കളി ഇംഗ്ലണ്ടിലാണല്ലോ എന്ന് പറഞ്ഞ് പേസര്‍മാരെ കൊച്ചാക്കിയവര്‍ക്കുള്ള മറുപടി കാലം കാത്തുവെച്ചത് 2011-ല്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടന്ന ടൂര്‍ണമെന്റിലാണ്. ഇന്ത്യ കപ്പടിച്ച ചാമ്പ്യന്‍ഷിപ്പില്‍ സഹീര്‍ഖാന്റെ നേതൃത്വത്തിലുള്ള മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ കൊയ്തെടുത്തത് 35 വിക്കറ്റുകള്‍. സ്പിന്‍ നിരയില്‍ അണിനിരന്ന ആറുപേര്‍ക്കും കൂടെ കിട്ടിയതാവട്ടെ 34 വിക്കറ്റും.

ഇനി ഇത്തവണത്തെ കളിയും കണക്കും നോക്കാം. ഇതുവരെയുള്ള ഏഴ് മത്സരങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വീഴ്ത്തിയത് 43 വിക്കറ്റ്. സ്പിന്നര്‍മാര്‍ 22 ഉം. ഇന്ത്യയുടെ ഭാവി കണക്ക് കൂട്ടല്‍ തെളിഞ്ഞു വരുന്നത് കാണാം. കിരീടത്തിലേക്കുള്ള വഴിയില്‍ ഇനി വലിയ തടസ്സങ്ങളുണ്ടാവാന്‍ വഴിയില്ല. അപ്പോഴും മറ്റ് ടീമുകള്‍ വീണ്ടും കണക്കൊപ്പിക്കാനുള്ള തിരക്കിലാണെന്ന് മാത്രം.

ഇന്ത്യന്‍ ബൗളര്‍മാരുടെ ലോകകപ്പ് പ്രകടനം

1975 ലോകകപ്പ് - വേദി - ഇംഗ്ലണ്ട്

മദന്‍ലാല്‍ - 5
മൊഹീന്ദര്‍ അമര്‍നാഥ് - 4
സയ്യിദ് ആബിദ് അലി - 6
ബിഷന്‍സിങ് ബേദി - 2

1979 - വേദി - ഇംഗ്ലണ്ട്

കപില്‍ദേവ് - 2
മൊഹീന്ദര്‍ അമര്‍നാഥ് - 4


1983 - വേദി - ഇംഗ്ലണ്ട്

കപില്‍ദേവ് - 12
ബല്‍വിന്ദര്‍സിങ് സന്ധു - 8
മദന്‍ലാല്‍ - 17
റോജര്‍ബിന്നി - 18
രവി ശാസ്ത്രി - 5
മൊഹീന്ദര്‍ അമര്‍നാഥ് - 8
കീര്‍ത്തി ആസാദ് - 1

1987 വേദി - ഇന്ത്യ/പാകിസ്താന്‍

കപില്‍ദേവ് - 5
മനോജ് പ്രഭാകര്‍ - 9
റോജര്‍ ബിന്നി - 1
മനീന്ദര്‍ സിങ് - 14
രവി ശാസ്ത്രി - 4
അസ്ഹറുദ്ദീന്‍ - 5
ലക്ഷ്മണ്‍ ശ്രീനിവാസന്‍ - 1
രവി ശാസ്ത്രി - 3
ചേതന്‍ ശര്‍മ - 6

1992 വേദി - ഓസ്ട്രേലിയ/ന്യൂസീലന്‍ഡ്

കപില്‍ദേവ് - 9
മനോജ് പ്രഭാകര്‍ - 12
ജവഗല്‍ ശ്രീനാഥ് - 8
സുബ്രതോ ബാനര്‍ജി - 1
സച്ചിന്‍ - 2
രവി ശാസ്ത്രി - 1
വെങ്കടപതി രാജു - 5

1996 - വേദി - പാകിസ്താന്‍/ഇന്ത്യ

മനോജ് പ്രഭാകര്‍ - 3
ജവഗല്‍ ശ്രീനാഥ് - 8
വെങ്കിടേഷ് പ്രസാദ് - 6
അനില്‍ കുംബ്ലെ - 15
വെങ്കിടേഷ് പ്രസാദ് - 4
സച്ചിന്‍ തെണ്ടുല്‍ക്കര്‍ - 2
ആശിഷ് കപുര്‍ - 1
വെങ്കിടപതി രാജു - 6
അജയ് ജഡേജ - 2

1999 വേദി - ഇംഗ്ലണ്ട്

ജവഗല്‍ ശ്രീനാഥ് - 12
വെങ്കിടേഷ് പ്രസാദ് - 9
അനില്‍ കുംബ്ലൈ - 8
അജിത് അഗാര്‍ക്കര്‍ - 3
റോബിന്‍ സിങ് - 8
സൗരവ് ഗാംഗുലി - 6
അജയ് ജഡേജ - 1
ദേബാശിഷ് മൊഹന്തി - 10
നിഖില്‍ ചോപ്ര - 1

2003 വേദി - ദക്ഷിണാഫ്രിക്ക

ജവഗല്‍ ശ്രീനാഥ് - 18
സഹീര്‍ഖാന്‍ - 18
ഹര്‍ഭജന്‍ സിങ് - 11
അനില്‍കുംബ്ലെ - 5
സൗരവ് ഗാംഗുലി - 3
സച്ചിന്‍ - 2
വീരേന്ദര്‍ സെവാഗ് - 2
ദിനേഷ് മോംഗിയ - 5
യുവ്‌രാജ് സിങ് - 5
ആശിഷ് നെഹ്റ - 15

2007 വേദി - വെസ്റ്റിന്‍ഡീസ്

സഹീര്‍ഖാന്‍ - 5
അജിത്ത് അഗാര്‍ക്കര്‍ - 4
മുനാഫ് പട്ടേല്‍ - 4
സച്ചിന്‍ - 2
വീരേന്ദ സെവാഗ് - 2
അനില്‍ കുംബ്ലെ - 3
ഗാംഗുലി - 1

2011 വേദി - ഇന്ത്യ/ബംഗ്ലാദേശ്

സഹീര്‍ഖാന്‍ - 21
മുനാഫ് പട്ടേല്‍ - 11
ഹര്‍ഭജന്‍ സിങ് - 9
യൂസഫ് പത്താന്‍ - 1
യുവ്‌രാജ് സിങ് - 15
പീയുഷ് ചൗള - 4
ആശിഷ് നെഹ്റ - 3
ആര്‍. അശ്വിന്‍ - 4
സുരേഷ് റെയ്ന - 1

2015 വേദി - ഓസ്ട്രേലിയ/ന്യൂസീലാന്‍ഡ്

ഉമേഷ് യാദവ് - 18
മുഹമ്മദ് ഷമി - 17
മോഹിത് ശര്‍മ - 13
ആര്‍. അശ്വിന്‍ - 13
രവീന്ദ്ര ജഡേജ - 9
ഭുവനേശ്വര്‍ കുമാര്‍ - 1
സുരേഷ് റെയ്ന - 1

2019 വേദി - ഇംഗ്ലണ്ട് ആന്റ് വെയില്‍സ്

ഭുവനേശ്വര്‍ കുമാര്‍ - 7
ജസ്പ്രീത് ബുംറ - 17
കുല്‍ദീപ് യാദവ് - 6
ഹാര്‍ദിക് പാണ്ഡ്യ - 9
യുസ്‌വേന്ദ്ര ചാഹല്‍ - 7
വിജയ് ശങ്കര്‍ - 2
മുഹമ്മദ് ഷമി - 14
രവീന്ദ്ര ജഡേജ - 1

2023 ഇതുവരെ

ബുംറ - 15
സിറാജ് - 9
ഹാര്‍ദിക് പാണ്ഡ്യ - 5
അശ്വിന്‍ - 1
കുല്‍ദീപ് യാദവ് - 10
രവീന്ദ്ര ജഡേജ - 9
ശാര്‍ദുല്‍ താക്കൂര്‍ - 2
ഷമി - 14

Content Highlights: Bumrah Siraj and Shami a bowling performance for the ages from India s pace trio