അമ്പയറുടെ വിരലുയര്‍ന്നിരുന്നില്ല, അന്ന് ഗില്ലി തിരിച്ചു നടന്നു, ഹൃദയങ്ങളിലേക്ക്

Photo: AFP
Photo: AFP

ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ ആരാധകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ഒട്ടേറേ മുഹൂര്‍ത്തങ്ങളുണ്ട്. മറക്കാനാകാത്ത ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ക്രിക്കറ്റ് ലോകകപ്പുകളുടെ ഓരോ പതിപ്പും കടന്നുപോകാറ്. അതില്‍ തന്നെ കളിക്കളത്തിലെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ കാര്യമെടുത്താല്‍ നമ്മുടെ മനസിലേക്ക് വരുന്ന ഒരു മുഖമുണ്ട്. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണ മൈറ്റി ഓസീസ് നിരയിലെ നിഷ്‌കളങ്കമായ ചിരിയുടെ ഉടമ ആദം ഗില്‍ക്രിസ്റ്റ്. 2003-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഗില്ലിയുടെ ഒരു തിരിഞ്ഞുനടത്തം ക്രിക്കറ്റിലെ സുന്ദര മുഹൂര്‍ത്തങ്ങളുടെ കൂട്ടത്തിലുണ്ട്.

2003 മാര്‍ച്ച് 18, ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. ഓസീസും ശ്രീലങ്കയും തമ്മിലുള്ള സെമി ഫൈനല്‍ മത്സരം. ചരിത്രത്തിലെ തന്നെ തങ്ങളുടെ എക്കാലത്തെയും മികച്ച ടീമുമായിട്ടാണ് ഓസ്ട്രേലിയ ആ ലോകകപ്പിനെത്തിയിരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അവരെ വെല്ലാന്‍ അന്ന് മറ്റൊരു ടീമിനുമായിരുന്നില്ല. ഫെയര്‍ പ്ലേ എന്നൊന്ന് അവരുടെ നിഘണ്ടുവില്‍ പോലും ഉണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ 1999 മുതല്‍ ലോകകപ്പില്‍ തോല്‍വി എന്തെന്ന് അറിയാതെയായിരുന്നു ഓസീസ് മുന്നേറ്റം. എങ്ങനെയും ജയിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിനവര്‍ ക്രിക്കറ്റിന്റെ മാന്യതയൊന്നും നോക്കിയിരുന്നില്ല.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ ഒമ്പത് ജയങ്ങളോടെയാണ് ഓസീസ് സെമി ബര്‍ത്ത് ഉറപ്പിക്കുന്നത്. എതിരാളികളെ തീര്‍ത്തും നിഷ്പ്രഭമാക്കിയായിരുന്നു മിക്ക വിജയങ്ങളും. ആ ലോകകപ്പിലെ ഏറ്റവും സ്ഫോടനാത്മക ഓപ്പണിങ് ജോഡിയായിരുന്നു മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും. എതിരാളികള്‍ക്കുമേല്‍ മാനസികമായ ആധിപത്യം സമ്മാനിക്കുന്നതിന് ഓപ്പണിങ് ജോഡി നല്‍കിയിരുന്ന മികച്ച തുടക്കത്തിന് വലിയ പങ്കുണ്ടായിരുന്നു. അതുവരെയുള്ള എട്ടു മത്സരങ്ങളില്‍ നിന്ന് 329 റണ്‍സ് നേടിയ ഗില്ലിയാകട്ടെ മികച്ച ഫോമിലും. 1996-ന് ശേഷം ഫൈനലിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ലങ്ക. ചാമിന്ദ വാസിനെയും ഗുണരത്നയെയും അടിച്ചൊതുക്കി ഗില്ലി തുടങ്ങി. അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 34 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഓസീസ്. ഒരു വിക്കറ്റിനായി അലഞ്ഞ ക്യാപ്റ്റന്‍ സനത് ജയസൂര്യ 1996 ലോകകപ്പ് ഫൈനലിലെ ഹീറോ അരവിന്ദ ഡിസില്‍വയെ ആറാം ഓവറില്‍ പന്തേല്‍പ്പിക്കുന്നു.

ഡിസില്‍വയുടെ രണ്ടാം പന്ത് തീര്‍ത്തും ഒരു ലൂസ് ഡെലിവറിയായിരുന്നു. ലെഗ്സ്റ്റമ്പില്‍ നിന്ന് രണ്ടടി പുറത്തായാണ് ആ പന്ത് പിച്ച് ചെയ്തത്. ഗില്ലിയെ പോലൊരു പിഞ്ച് ഹിറ്റര്‍ കാത്തിരുന്നപോലത്തെ ഈസിയായ ഒരു പന്ത്. അത് ലെഗ് സൈഡിലേക്ക് സ്വീപ് ചെയ്ത് ബൗണ്ടറി ഉറപ്പിക്കാനായിരുന്നു ഗില്ലിയുടെ ശ്രമം. പക്ഷേ വിചാരിച്ചതിലും താഴ്ന്ന് വന്ന പന്തിലെ അയാളുടെ ഷോട്ട് പിഴച്ചു. ബാറ്റില്‍ ഉരസിയ പന്ത് പാഡില്‍ തട്ടി ഉയര്‍ന്നുപൊങ്ങി. വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര ഒട്ടും അമാന്തിക്കാതെ അത് കൈക്കലാക്കി. ആദ്യം സംഗയും പിന്നീട് ഡിസില്‍വയും പിന്നാലെ ശ്രീലങ്കന്‍ താരങ്ങള്‍ ഒന്നടങ്കവും വിക്കറ്റിനായി അപ്പീല്‍ ചെയ്തു.

എന്നാല്‍ അമ്പയര്‍ റൂഡി കേര്‍ട്ട്സണ്‍ യാതൊരു ഭാവമാറ്റവുമില്ലാതെ നിന്നു. പക്ഷേ തൊട്ടടുത്ത നിമിഷം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഗില്ലി പവലിയനിലേക്ക് തിരികെ നടന്നുതുടങ്ങി. അപ്പോഴേക്കും ലങ്കന്‍ താരങ്ങള്‍ ആദ്യ വിക്കറ്റിന്റെ ആഘോഷം തുടങ്ങിയിരുന്നു. ഒരു ഓസീസ് താരത്തില്‍ നിന്ന് ഒരിക്കലും ക്രിക്കറ്റ് ലോകം അത്തരമൊരു നീക്കം പ്രതീക്ഷിക്കുകയില്ല. പ്രത്യേകിച്ചും ലോകകപ്പിന്റെ സെമി ഫൈനല്‍ പോലെ അതിനിര്‍ണായകമായ ഒരു അവസരത്തില്‍. എന്നാല്‍ ഗില്ലി അത് മാറ്റിമറിച്ചു. അന്ന് പോര്‍ട്ട് എലിസബത്ത് മൈതാനത്തു നിന്ന് തിരികെ നടന്ന ഗില്ലി, ചെന്നുകയറിയത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. അമ്പയര്‍മാര്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ ഡിആര്‍എസ് പോലുള്ള സംവിധാനങ്ങളെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലമാണെന്നോര്‍ക്കണം.

അന്ന് തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ കോച്ചും കളിക്കാരും തന്നെ എങ്ങനെയാകും സ്വീകരിക്കുക എന്നോര്‍ത്ത് ടെന്‍ഷനടിച്ചിരുന്നുവെന്ന് ഗില്ലി പില്‍ക്കാലത്ത് വാക്കിങ് ടു വിക്ടറി എന്ന തന്റെ പുസ്‌കത്തിലെഴുതി. 'അന്ന് ഡ്രസ്സിങ് റൂമിലുള്ളവരെല്ലാം ഞാന്‍ ചെയ്തത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അത് ഞാന്‍ ചെയ്തതോ ഒരു ലോകകപ്പ് സെമിയിലും. അവിടെ ചെന്ന് പിന്നീട് അതിനെ കുറിച്ച് ആലോചിച്ചപ്പോഴും ചോദിച്ചപ്പോഴുമെല്ലാം ഒരൊറ്റ കാര്യമായിരുന്നു മനസില്‍, എന്നിരുന്നാലും ഞാന്‍ എന്നോടുതന്നെ സത്യസന്ധത പുലര്‍ത്തിയിരിക്കുന്നു.'

ഒരിക്കലും തന്റെ കളിക്കാരോട് ഗില്ലിയുടെ പാത പിന്തുടരണമെന്ന് താന്‍ ആവശ്യപ്പെടില്ലെന്നായിരുന്നു ആ സംഭവത്തെ കുറിച്ചുള്ള അന്നത്തെ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ പ്രതികരണം.

അന്ന് ഗില്ലി പുറത്തായ ശേഷം ബാറ്റിങ് തകര്‍ച്ച നേരിട്ട ഓസീസ് ആന്‍ഡ്രു സൈമണ്ട്സിന്റെ (91*) ഇന്നിങ്സിന്റെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 212 റണ്‍സെടുത്തു. ഗില്ലിയുടെ ആ തീരുമാനം തിരിച്ചടിക്കാന്‍ പക്ഷേ ഓസീസ് ബൗളര്‍മാര്‍ സമ്മതിച്ചില്ല. മഗ്രാത്തിനും ബ്രെറ്റ് ലീക്കും ബ്രാഡ് ഹോഗിനും മുന്നില്‍ പതറിയ മരതക ദ്വീപുകാര്‍ 38.1 ഓവറില്‍ ഏഴിന് 123 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ കളിമുടക്കി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 48 റണ്‍സ് പിറകിലായിരുന്നു അപ്പോള്‍ അവര്‍. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫൈനലിലേക്ക് മുന്നേറിയ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടവുമായാണ് മടങ്ങിയത്.

Content Highlights: Adam Gilchrist famous walk back in the 2003 World Cup semi-final