'ബംഗ്ലാദേശിനെതിരേ അഭിമാനപ്പോരാട്ടമാണോ ?- ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അക്രം

റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ്-പാകിസ്താന്‍ ഗ്രൂപ്പ് എ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കനത്ത മഴമൂലം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒറ്റപന്തുപോലും എറിയാനാവാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്. അതോടെ ടൂര്‍ണമെന്റിലെ ആതിഥേയരായ പാകിസ്താന്‍ ഒരു പോയിന്റോടെ മടങ്ങി. ബംഗ്ലാദേശിനും ഒരു പോയിന്റാണുള്ളത്. എന്നാൽ മത്സരത്തിന് മുമ്പ് മുൻ പാക് താരം വസീം അക്രം നടത്തിയ ഒരു പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരം അഭിമാനപ്പോരാട്ടമാണോയെന്ന് അക്രത്തോട് ചോദിച്ചപ്പോഴാണ് താരം ദേഷ്യപ്പെട്ടത്. 'എന്ത് അഭിമാനം? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. യോഗ്യത നേടുക എന്നുള്ളത് മനസിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ അത് അഭിമാനപ്പോരാട്ടമാകുന്നുള്ളൂ. പാകിസ്താനും ബംഗ്ലാദേശും മത്സരശേഷം നാട്ടിലേക്ക് മടങ്ങും. വെറുതെ കളിച്ച് മടങ്ങുന്നു.-' വസീം അക്രം ചാറ്റ് ഷോയില്‍ മറുപടി നല്‍കി.
നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്താന്‍ ആദ്യ രണ്ടുമത്സരവും തോറ്റതിന് പിന്നാലെയാണ് പുറത്തായത്. അവസാനമത്സരം കളി മഴ മുടക്കിയതോടെ ഒരു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. -1.087 ആണ് നെറ്റ് റണ്‍റേറ്റ്. ഒരു ചാമ്പ്യന്‍ ടീമിന്റെ മോശം പ്രകടമാണ് പാകിസ്താന്റേത്. 2013-ചാമ്പ്യന്‍സ് ട്രോഫിയില്‍ അന്നത്തെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസീസും ഒരു പോയന്റോടെ അവസാനസ്ഥാനത്തായിരുന്നു. അന്ന് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് -.680 ആയിരുന്നു.
അതിന് പുറമേ ഒരു ജയം പോലും നേടാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരാണ് പാകിസ്താൻ. 2002-ല്‍ ഗ്രൂപ്പ് സ്റ്റേജ് ആരംഭിച്ചതിന് ശേഷം ഒരു ആതിഥേയ ടീമും ഒറ്റ ജയം പോലും സ്വന്തമാക്കാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല. 2000-ല്‍ കെനിയന്‍ ടീമാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ആതിഥേയര്‍.
ആദ്യ മത്സരത്തില്‍ കിവീസിനോട് 60-റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 260-ന് പുറത്തായി. രണ്ടാം മത്സരത്തിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയോടാണ് തോല്‍വി പിണഞ്ഞത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
Content Highlights: Wasim Akram reply about bangladesh pakistan match