ബാബര്‍ അസം ഫ്രോഡ്, ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്ന് അക്തർ

ദുബായ്: ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ഷൊയിബ് അക്തര്‍. തോല്‍വിക്ക് കാരണം പാകിസ്താന്‍ ടീമിന്റെ മാനേജ്‌മെന്റാണെന്നും കൃത്യമായ നിര്‍ദേശങ്ങളൊന്നും ലഭിക്കാതെയാണ് താരങ്ങള്‍ കളിക്കാനിറങ്ങുന്നതെന്നും അക്തര്‍ പറഞ്ഞു. പാകിസ്താന്‍ ബാറ്ററായ ബാബര്‍ അസമിനെയും അക്തര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഇന്ത്യക്കെതിരായ തോല്‍വിയില്‍ ഒട്ടും നിരാശയില്ല. കാരണം ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. എല്ലാവരും ആറ് ബൗളര്‍മാരുമായി കളിക്കുമ്പോള്‍ ഇവിടെ അഞ്ച് ബൗളര്‍മാരെ പോലും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ല.രണ്ട് ഓള്‍റൗണ്ടര്‍മാരുമാണുള്ളത്. ഒരുപിടിയും കിട്ടാത്ത മാനേജ്‌മെന്റാണിത്. - അക്തര്‍ പറഞ്ഞു.
പാകിസ്താന്‍ താരങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും എല്ലാത്തിനും കാരണം മാനേജ്‌മെന്റാണെന്നും അക്തര്‍ പറഞ്ഞു. താരങ്ങള്‍ക്കും മാനേജ്‌മെന്റിനും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. കൃത്യമായ നിര്‍ദേശങ്ങളൊന്നും ലഭിക്കാതെയാണ് താരങ്ങള്‍ കളിക്കാനിറങ്ങുന്നത്. ഈ ടീമിലെ താരങ്ങള്‍ക്ക് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കുള്ളതുപോലെയുള്ള വൈഭവമില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാക് ബാറ്റര്‍ ബാബര്‍ അസം ഫ്രോഡാണെന്നും മുന്‍ പേസര്‍ തുറന്നടിച്ചു. ബാബര്‍ അസമിനെ എന്തിനാണ് എപ്പോഴും വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത്? കോലിയുടെ ഹീറോ ആരാണെന്ന് പറയൂ? സച്ചിന്‍ തെണ്ടുല്‍ക്കര്‍.അദ്ദേഹം 100 സെഞ്ചുറികള്‍ തികച്ചിട്ടുണ്ട്. വിരാട് ആ പാരമ്പര്യം പിന്തുടരുകയാണ്.- അക്തര്‍ പറഞ്ഞു.
ബാബര്‍ തെറ്റായ ഹീറോകളെയാണ് തിരഞ്ഞെടുത്തത്. ചിന്താഗതി തന്നെ തെറ്റാണ്. തുടക്കം മുതല്‍ തന്നെ ഫ്രോഡായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. പാകിസ്താനെതിരേ സെഞ്ചുറി പ്രകടനത്തോടെ തിളങ്ങിയ കോലിയെ അക്തര്‍ അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Shoaib Akhtar blasts team management after pakistan loss