ഇതൊരു വീണ്ടെടുപ്പുകൂടിയാണ് ‘ചേസ് മാസ്റ്റർ’ വിരാട് കോലിക്ക്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയക്കെതിരായ ആധികാരിക ജയം ഇന്ത്യൻ ടീമിനാകെ ആത്മവിശ്വാസം നൽകുമ്പോൾ ഇന്ത്യയുടെ ‘ചേസ് മാസ്റ്റർ’ വിരാട് കോലിക്ക് അതൊരു വീണ്ടെടുപ്പുകൂടിയാണ്. ചൊവ്വാഴ്ച ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചപ്പോൾ 84 റൺസുമായി കോലി കളിയിലെ താരമായി. പാകിസ്താനെതിരേ സെഞ്ചുറി (100*) നേടിയ കോലി ഓസീസിനെതിരേ 84 റൺസും അടിച്ചതോടെ ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷ ഉണർന്നു.
വമ്പൻ ടീമുകൾക്കെതിരേ, പ്രത്യേകിച്ചും ചേസ് ചെയ്യുമ്പോൾ തന്റെ പ്രതിഭയുടെ പൂർണതയിലേക്ക് എത്താറുള്ള കോലി ചൊവ്വാഴ്ച തന്റെ മറ്റൊരു പ്രധാന ദൗർബല്യം മറികടന്ന സന്തോഷത്തിലാണ്. കഴിഞ്ഞ കുറേ കാലമായി കോലിയെ വലച്ചിരുന്ന ലെഗ് സ്പിൻ ബൗളിങ്ങിനെ, പ്രത്യേകിച്ചും ഓസ്‌ട്രേലിയയുടെ ആദം സാംപയെ ഫലപ്രദമായി നേരിട്ടു എന്ന സന്തോഷം.
2017-ൽ ഇരുവരും ആദ്യമായി നേർക്കുനേർ വന്നതുമുതൽ പരിമിത ഓവർ മത്സരത്തിൽ അഞ്ചുതവണ കോലി സാംപയുടെ മുന്നിൽ വീണിരുന്നു. ചൊവ്വാഴ്ചയും സാംപതന്നെയാണ് കോലിയുടെ വിക്കറ്റ് എടുത്തതെങ്കിലും അതിനുമുൻപ് കൗണ്ടർ അറ്റാക്കിലൂടെ ഈ ലെഗ്‌സ്പിന്നറിൽനിന്ന് പരമാവധി റൺസ് നേടിയിരുന്നു. മറ്റൊരു ലെഗ് സ്പിന്നറായ തൻവീർ സാംഗയെയും നിർഭയം നേരിട്ടു. ചൊവ്വാഴ്ച നേരിട്ട സാംപയുടെ 24 പന്തിൽ 23 റൺസടിച്ചപ്പോൾ സാംഗയുടെ ഒമ്പതു ബോളിൽ 12 റൺസടിച്ചു. ആകെ നേരിട്ട 33 ലെഗ് സ്പിൻ പന്തുകളിൽ 35 റൺസ്.
2024 തുടക്കംമുതൽ കോലി ലെഗ് സ്പിൻ നേരിട്ട ആറു കളികളിലും അഞ്ചിലും ലെഗ്‌സ്പിന്നിനുമുന്നിലാണ് വീണത്. ലെഗ് സ്പിന്നർമാർക്കെതിരേ കോലിയുടെ സ്ട്രൈക്ക് റേറ്റ് 48.64 മാത്രമായിരുന്നു. ആ കണക്കാണ് ദുബായിൽ മാറ്റിയെഴുതിയത്. ഒടുവിൽ സാംപയ്ക്കെതിരേ ഒരു ഫോറിനുള്ള ശ്രമത്തിലാണ് ലോങ് ഓണിൽ ഡാർഷ്യൂസിന് ക്യാച്ച് നൽകിയത്. ചൊവ്വാഴ്ചത്തെ സ്ട്രൈക്ക് റേറ്റ് ഉയർന്നതല്ലെങ്കിലും നാലു മത്സരങ്ങളിലും ആദ്യം ബാറ്റുചെയ്ത ടീം 270 റൺസിൽ താഴെ സ്കോർചെയ്ത ദുബായിലെ പിച്ചിൽ ഇത് വലിയ നേട്ടംതന്നെയാണ്.
Content Highlights: icc champions trophy virat kohli performance