സെമി എവിടെ കളിക്കും? ഓസീസും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക്, ഒരു ടീമിന് തിരിച്ചുപോരേണ്ടിവരും

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും വലച്ച് കടുപ്പമേറിയ യാത്രാ ഷെഡ്യൂള്‍. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിനായി ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ദുബായിലെത്തി. ഇരുടീമുകളുടെയും മത്സരം എവിടെയാണ് നടക്കുന്നതെന്ന് ഇന്നത്തെ ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരത്തിന് ശേഷമേ അറിയാന്‍കഴിയൂ.
ആദ്യ സെമി ഫൈനല്‍ ദുബായിലും രണ്ടാം സെമി ഫൈനല്‍ ബുധനാഴ്ച ലാഹോറിലുമാണ് നടക്കുക. ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്നതില്‍ വ്യക്തത വരണമെങ്കില്‍ ഇന്നത്തെ മത്സരം പൂര്‍ത്തിയാവണം. ന്യൂസീലന്‍ഡിനോട് ജയിച്ചാല്‍, ഇന്ത്യക്ക് ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയാണ് നേരിടേണ്ടിവരിക. പരാജയപ്പെടുന്ന പക്ഷം ദക്ഷിണാഫ്രിക്കയായിരിക്കും എതിരാളികള്‍.
ഇന്ത്യയുടെ എതിരാളികള്‍ ആരായാലും മത്സരം ദുബായിലാണ് നടക്കുക. എന്തെന്നാല്‍ ഇന്ത്യ പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല എന്ന് നേരത്തേ അറിയിച്ചതാണ്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍വെച്ചാണ്. അതിനാല്‍ത്തന്നെ വേദികളില്‍നിന്ന് വേദികളിലേക്കോ ഹോട്ടലുകളില്‍നിന്ന് ഹോട്ടലുകളിലേക്കോ ഇന്ത്യക്ക് യാത്രചെയ്യേണ്ടിവരില്ല എന്ന ആനുകൂല്യമുണ്ട്. കൂടാതെ ഒരേ ഗ്രൗണ്ടിലും ഒരേ നാട്ടിലെ കാലാവസ്ഥയിലും കളിക്കുന്നതിന്റെ ആനുകൂല്യവും ലഭിക്കും. ഇതിനെതിരേ നിരവധി പേര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഓസ്‌ട്രേലിയ ഇതിനകംതന്നെ ദുബായിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയും പുറപ്പെട്ടതായി വ്യക്തമാക്കുന്നു. ദുബായിലെ കാലാവസ്ഥയോട് ഇണങ്ങാനും ദുബായ് മണ്ണില്‍ പരിശീലനം നടത്താനും ലക്ഷ്യമിട്ടാണ് ടീമുകള്‍ നേരത്തേ എത്തുന്നത്. എന്നാല്‍ ഇതിലൊരു ടീമിനേ ഇവിടെ കളിക്കാന്‍ കഴിയൂ എന്ന പ്രശ്‌നമുണ്ട്. ന്യൂസീലന്‍ഡിനോട് എതിരിടേണ്ട ടീമിന് ബുധനാഴ്ച നടക്കുന്ന മത്സരത്തിനായി ലാഹോറിലേക്കുതന്നെ മടങ്ങേണ്ടി വരും. എന്നുവെച്ചാല്‍ ദുബായിലെത്തി 24 മണിക്കൂറിനകം ലാഹോറിലേക്കുതന്നെ പുറപ്പെടണം.
Content Highlights: icc champions trophy semi final lineup