നോര്‍ത്ത്ഈസ്റ്റിനെ തകര്‍ത്ത് ഒഡിഷ സൂപ്പര്‍ കപ്പ് ഫൈനലില്‍

മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി ഫൈനലില്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. നന്ദകുമാര്‍ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഒഡിഷയുടെ വിജയം.
25-ന് നടക്കുന്ന ഫൈനലില്‍ ഒഡിഷ, ബെംഗളൂരു എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഏഴ് മണിക്കാണ് ഫൈനല്‍.
കളിതുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ നോര്‍ത്ത്ഈസ്റ്റ് മുന്നിലെത്തിയിരുന്നു. ജോര്‍ദാന്‍ വില്‍മറാണ് നോര്‍ത്ത്ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ 11-ാം മിനിറ്റില്‍ തന്നെ ഒഡിഷ ഒപ്പമെത്തി. ജെറിയുടെ ക്രോസ് ഒരു ഹെഡറിലൂടെ വലയിലെത്തിച്ച് നന്ദകുമാറാണ് ഒഡിഷയെ ഒപ്പമെത്തിച്ചത്.
തുടര്‍ന്ന് 63-ാം മിനിറ്റില്‍ ഒഡിഷ ലീഡെടുത്തു. വിക്ടര്‍ റോഡ്രിഗസും നന്ദകുമാറും ചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വിക്ടര്‍ നല്‍കിയ പന്ത് ഒടുവില്‍ നന്ദകുമാര്‍ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം ഗോള്‍ നേടിയതോടെ ഒഡിഷ മത്സരത്തില്‍ ആധിപത്യം തുടര്‍ന്നു. 85-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോ ഒഡിഷയുടെ മൂന്നാം ഗോള്‍ നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കി.
Content Highlights: Super Cup 2023 Odisha FC beat NorthEast United FC to reach final