ഈസ്റ്റ് ബംഗാളിനെതിരേ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവ്; സമനില പൊരുതിനേടി ഹൈദരാബാദ്

മഞ്ചേരി: സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി സമനില പിടിച്ച് ഹൈദരാബാദ് എഫ്‌സി. ആദ്യ പകുതിയില്‍ 3-1ന് മുന്നില്‍ നിന്ന കൊല്‍ക്കത്ത ടീമിനെതിരേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഹൈദരാബാദ് സമനില സ്വന്തമാക്കുകയായിരുന്നു.
ഈസ്റ്റ് ബംഗാളിനായി മഹേഷ് സിങ്ങും ഹൈദരാബാദിനായി ജാവിയര്‍ സിവെരിയോയും ഇരട്ട ഗോളുകള്‍ നേടി. മലയാളി താരം വി.പി സുഹൈറായിരുന്നു ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു സ്‌കോറര്‍. ഹൈദരാബാദിന്റെ സമനില ഗോള്‍ മലയാളി താരം തന്നെയായ അബ്ദുള്‍ റബീഹിന്റെ വകയും.
കളിതുടങ്ങി നാലാം മിനിറ്റില്‍ തന്നെ മഹേഷ് സിങ്ങിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ജെയ്ക് ജെര്‍വിസ് നല്‍കിയ പാസ് സ്വീകരിച്ച മഹേഷ് ഹൈദരാബാദ് പ്രതിരോധത്തെയും ഗോള്‍കീപ്പറെും മറികടന്ന് പന്ത് വലയിലെത്തിച്ചു. പിന്നാലെ 11-ാം മിനിറ്റില്‍ തന്നെ ഹൈദരാബാദിന്റെ സമനില ഗോളെത്തി. ഹാളിചരണ്‍ നര്‍സാരിയുടെ ക്രോസ് വലയിലെത്തിച്ച് ജാവിയര്‍ സിവെരിയോയാണ് ഹൈദരാബാദിനായി സമനില ഗോള്‍ കണ്ടെത്തിയത്.
എന്നാല്‍ 17-ാം മിനിറ്റില്‍ ഹൈദരാബാദിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാള്‍ വീണ്ടും മുന്നിലെത്തി. മഹേഷ് സിങ്ങിന്റെ ക്രോസില്‍ നിന്നുള്ള ജെയ്ക് ജെര്‍വിസിന്റെ ഷോട്ട് ഹൈദരാബാദ് ഗോള്‍കീപ്പര്‍ ഗുര്‍മീത് സിങ് തടഞ്ഞിട്ടു, പക്ഷേ റീബൗണ്ടായി വന്ന പന്ത് വലയിലെത്തിച്ച് സുഹൈര്‍ ടീമിന്റെ ലീഡുയര്‍ത്തി. പിന്നാലെ 44-ാം മിനിറ്റില്‍ മഹേഷ് സിങ് രണ്ടാം ഗോളും കണ്ടെത്തി. ക്ലെയ്റ്റണ്‍ സില്‍വയുടെ ഷോട്ട് തട്ടിയകറ്റിയ ഗുര്‍മീതില്‍ നിന്ന് പന്ത് ലഭിച്ച മഹേഷ് അത് അനായാസം വലയിലെത്തിച്ചതോടെ ആദ്യ പകുതിക്ക് മുമ്പ് ഈസ്റ്റ് ബംഗാള്‍ 3-1ന് മുന്നില്‍.
രണ്ട് ഗോളിന് പിന്നിലായതോടെ രണ്ടാം പകിതിയില്‍ ഹൈദരാബാദ് ഉണര്‍ന്നു. 71-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളെത്തി. പകരക്കാരനായി ഇറങ്ങിയ ബോര്‍ഹ ഹെരേരയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ് തടുത്തിട്ടത് നേരേ ജാവിയര്‍ സിവെരിയോയുടെ മുന്നില്‍. ഒട്ടും സമയം പാഴാക്കാതെ സിവെരിയോ പന്ത് വലയിലേക്ക് തട്ടിയിട്ടു.
പിന്നാലെ സമനില ഗോളിനായി ഹൈദരാബാദ് ഒന്നടങ്കം പൊരുതി. ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം അബ്ദുള്‍ റബീഹ് 83-ാം മിനിറ്റില്‍ ഗാലറിയെ ആവേശത്തിലാഴ്ത്തി ഹൈദരാബാദിന്റെ സമനില ഗോള്‍ നേടി.
Content Highlights: Super Cup 2023 East Benga Hyderabad FC match ends in a draw