സൂപ്പര്‍ കപ്പ് 2023; ഐഎസ്എല്‍ ഫൈനലിസ്റ്റുകളെ സമനിലയില്‍ തളച്ച് ശ്രീനിധി ഡെക്കാണ്‍

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഐഎസ്എല്‍ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് ശ്രീനിധി ഡെക്കാണ്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. ബെംഗളൂരുവിനായി ഹാവിയര്‍ ഹെര്‍ണാണ്ടസ് സ്‌കോര്‍ ചെയ്തപ്പോള്‍ അഫ്ഗാനിസ്താന്‍ ദേശീയ ടീമംഗം ഫൈസല്‍ ഷയെസ്‌തെയിലൂടെയായിരുന്നു ശ്രീനിധിയുടെ മറുപടി ഗോള്‍.
ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. ബെംഗളൂരുവിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പിന്നാലെ ശ്രീനിധിയും കളംപിടിച്ചു. അഞ്ചാം മിനിറ്റില്‍ ബെംഗളൂരു ബോക്‌സിലേക്ക് ശ്രീനിധി
താരം റോസന്‍ബര്‍ഗ് ഗബ്രിയേല്‍ നല്‍കിയ ക്രോസ് ഒരു നെടുനീളന്‍ ഡൈവിലൂടെയാണ് ബെംഗളൂരു ഗോളി ഗുര്‍പ്രീത് കൈപ്പിടിയിലാക്കിയത്. തുടര്‍ന്ന് എട്ടാം മിനിറ്റില്‍ ബെംഗളൂരുവിന് മികച്ചൊരു അവസരം ലഭിച്ചു. പ്രബീര്‍ ദാസിന്റെ അളന്നുമുറിച്ച ക്രോസ് പക്ഷേ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബാറിന് മുകളിലൂടെ അടിച്ചുകളഞ്ഞു.
പിന്നാലെ ഒമ്പതാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ഗോളെത്തി. റോഷന്‍ കട്ട് ചെയ്ത് നല്‍കിയ പന്തില്‍ നിന്നുള്ള ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ആദ്യ ഷോട്ട് ശ്രീനിധിഗോളി ആര്യന്‍ നിരജ് ലാംബ രക്ഷപ്പെടുത്തി. പിന്നാലെ പന്ത് ലഭിച്ച റോയ് കൃഷ്ണയുടെ ഷോട്ടും ആര്യന്‍ തടഞ്ഞു, പക്ഷേ ഇത്തവണ റീബൗണ്ട് വന്ന പന്ത് മികച്ചൊരു ഷോട്ടിലൂടെ ഹാവിയര്‍ ഹെര്‍ണാണ്ടസ് വലയിലെത്തിച്ചു. ഗോള്‍ വീണതോടെ ശ്രീനിഥി ആക്രമണങ്ങള്‍ ശക്തമാക്കി. 21-ാം മിനിറ്റില്‍ അഫ്ഗാനിസ്താന്‍ ദേശീയ ടീമംഗം ഫൈസല്‍ ഷയെസ്‌തെയിലൂടെ ശ്രീനിധിയുടെ മറുപടി ഗോളെത്തി.
സ്റ്റാനിസ്ലാസ് അന്‍കിര കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഫൈസല്‍ ഷയെസ്‌തെ ബോക്‌സിലുണ്ടായിരുന്നു ബെംഗളൂരു താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലയിലെത്തിക്കുകയായിരുന്നു. ഷയെസ്‌തെയുടെ ഷോട്ട് ബോക്‌സിലുണ്ടായിരുന്ന മറ്റൊരു ശ്രീനിഥി താരത്തിന്റെ ദേഹത്ത് തട്ടിയാണ് വലയില്‍കയറിയത്. രണ്ടാം പകുതിയില്‍ പക്ഷേ ഇരു ടീമുകളുടെ ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ല. ബെംഗളൂരു ലിയോണ്‍ അഗസ്റ്റിനെയും ശിവശക്തിയേയും രണ്ടാം പകുതിയില്‍ കളത്തിലിറക്കിയെങ്കിലും ശ്രീനിധി പ്രതിരോധം ഇരുവരുടെയും മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ നംഗ്യാല്‍ ബൂട്ടിയയുടെ വേഗവും ശ്രീനിഥി പ്രതിരോധത്തിന് വെല്ലുവിളിയായില്ല. ശ്രീനിധി പ്രതിരോധ താരം ബിജയ് ഛേത്രിയാണ് കളിയിലെ താരം.
Content Highlights: srinidhi deccan vs bengaluru fc hero super cup ipl 2023