തെറിവിളി, തമ്മില്‍ത്തല്ല്, മാപ്പ്; വിവാദങ്ങളുടെ അലയൊലികളടങ്ങും മുമ്പേ വീണ്ടും സൂപ്പര്‍ വാര്‍

ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് കൊല്‍ക്കത്ത നാട്ടങ്കത്തിന്. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലേറ്റുമുട്ടുമ്പോഴൊക്കെയും അത് കേവലമൊരു കളിക്കപ്പുറം വീറും വാശിയും ചേര്‍ന്ന വൈകാരികമായൊരു പോരാട്ടമായിക്കൂടി മാറാറുണ്ട്. ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ എക്കാലവും അടയാളപ്പെടുത്തിവെക്കാവുന്ന ക്ലാസിക് പോരാട്ടങ്ങള്‍ പിറന്നതാണ് ഈ നാട്ടങ്കം. മൈതാനങ്ങള്‍ക്കപ്പുറവും നാടും നഗരവും വീഥികളുമെല്ലാം ആ പോരാട്ടചൂട്ടിലേക്ക് ലയിച്ചുചേരും. പന്തുരുണ്ടുതുടങ്ങുമ്പോള്‍ ഗാലറികള്‍ പൊട്ടിത്തെറിക്കും. ആരാധകര്‍ ആര്‍പ്പുവിളിക്കും. ആരവങ്ങളാല്‍ മുഖരിതമായ സ്റ്റേഡിയങ്ങളില്‍ പിന്നെ ചരിത്രം പിറവിയെടുക്കും. കാല്‍പ്പന്തിന്റെ കാല്പനികതകൊണ്ടുമാത്രമല്ല ചോരപ്പാടുകള്‍കൊണ്ടു കൂടിയാണ് കൊല്‍ക്കത്ത നാട്ടങ്കം രേഖപ്പെടുത്തിവെക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് 2012 ഐ-ലീഗിലെ കൊല്‍ക്കത്ത നാട്ടങ്കം. മൈതാനത്ത് കനത്ത പോരാട്ടം നടക്കുമ്പോള്‍ ഗാലറിയില്‍ ആരാധകരും ആവേശത്തിന്റെ കൊടുമുടിയിലായി. ആദ്യ പകുതിയുടെ അവസാനം ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തുന്നതോടെ സ്‌റ്റേഡിയം അന്നേവരെ കാണാത്ത സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പിന്നാലെ മോഹന്‍ ബഗാന്‍ താരമായ ഒഡാഫ ഒകോലിയ്ക്ക് ചുവപ്പ് കിട്ടുന്നതോടെ കാണികള്‍ രോഷാകുലരായി. ഗാലറിയില്‍ നിന്ന് ഇഷ്ടികകൊണ്ടുള്ള ഏറ് കൊണ്ട് ബഗാന്‍ താരം സയ്യിദ് റഹിം നബിക്ക് സാരമായ പരിക്കേറ്റു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് രണ്ടാം പകുതിയില്‍ ബഗാന്‍ താരങ്ങള്‍ കളത്തിലിറങ്ങാന്‍ വിസമ്മതിച്ചു. അതോടെ മത്സരം 3-0 എന്ന സ്‌കോറിന് ഈസ്റ്റ് ബംഗാള്‍ വിജയിച്ചതായുള്ള പ്രഖ്യാപനവും വന്നു. ബഗാന് രണ്ടുവര്‍ഷത്തെ വിലക്ക് വന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കപ്പെട്ടു.
മത്സരം പൂര്‍ത്തിയാക്കാതെ ടീമുകള്‍ കളം വിടുന്നത് മൈതാനങ്ങളില്‍ അത്യപൂര്‍വ്വമാണ്. കൊല്‍ക്കത്ത നാട്ടങ്കത്തിലെന്നപോലെ ഈ ചരിത്രം പിന്നീടൊരിക്കല്‍ മാത്രമേ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളൂ. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സംഭവബഹുലമായ ആ മത്സരം നടക്കുന്നത് ഒരു പതിറ്റാണ്ടും കഴിഞ്ഞാണ്. കൃത്യമായി പറഞ്ഞാല്‍ 2022-23 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് പോരാട്ടം നടന്ന മാര്‍ച്ച് മൂന്നിന്. കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള മത്സരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവങ്ങള്‍ക്കാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എക്‌സ്ട്രാ ടൈമില്‍ ബെംഗളൂരുവിന്റെ ഗോള്‍ പിറന്നതിന് പിന്നാലെയാണ് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഐഎസ്എല്‍ സാക്ഷ്യം വഹിക്കുന്നത്. ഗോള്‍രഹിതമായ തൊണ്ണൂറുമിനിറ്റുകള്‍ക്കുശേഷമാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുന്നത്. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിച്ചു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിഷേധിച്ചു. താരങ്ങള്‍ തയ്യാറാകുന്നതിന് മുന്നേയാണ് കിക്കെടുത്തതെന്നും അതിനാല്‍ ഗോള്‍ അനുവദിക്കരുതെന്നും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചു. റഫറി ഗോള്‍ അനുവദിച്ചതിനാല്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് താരങ്ങളോട് മൈതാനം വിടാന്‍ നിര്‍ദേശിച്ചു.ഇതിന് പിന്നാലെ താരങ്ങള്‍ മൈതാനം വിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും താരങ്ങള്‍ മടങ്ങിവരാത്തതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്കനടപടിയെത്തി. ബ്ലാസ്റ്റേഴ്‌സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിര്‍ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആറ് കോടി രൂപ പിഴയടയ്ക്കണം. വുകോമനോവിച്ചും പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഫെഡറേഷന്റെ നടപടിക്കു പിന്നാലെ ബ്ലാസ്റ്റേഴ്‌സും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നു.
'മാര്‍ച്ച് മൂന്നിന് ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ നടന്ന സംഭവങ്ങളില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കളിക്കളം വിടാനുണ്ടായ ഞങ്ങളുടെ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത് ആ നിമിഷത്തെ തീവ്രതയില്‍ എടുത്തതാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു.' - ബ്ലാസ്റ്റേഴ്‌സ് കുറിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അന്നേവരെ കാണാത്ത ഏറ്റുമുട്ടലിലേക്ക് ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും കടക്കുന്നതിനും മുന്നേ ആ പോരാട്ടത്തിന്റെ കടുപ്പമേറിക്കഴിഞ്ഞിരുന്നു. നാള്‍വഴികളിലൊരുപാട് തവണ മഞ്ഞപ്പടയും നീലപ്പടയും വീറോടെ പോരടിച്ചുവീണിരുന്നു. ആരാധകര്‍ ചേരിതിരിഞ്ഞ് ഗാലറികളില്‍ ആവേശക്കടലിരമ്പം തീര്‍ത്തിരുന്നു.
ഐ-ലീഗില്‍ നിന്ന് ഐഎസ്എല്ലിലേക്ക് ബെംഗളൂരു എഫ്‌സി ചുവടുവെച്ചതിന് ശേഷമാണ് ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകുന്നത്. 2017-ലെ എഎഫ്‌സി കപ്പില്‍ ബെംഗളൂരു എഫ്‌സി ഉത്തരകൊറിയന്‍ ടീമായ ഏപ്രില്‍ 25 സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ഏറ്റുമുട്ടുകയാണ്. ഗാലറിയില്‍ ബെംഗളൂരുവിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് മുന്‍ ബെംഗളൂരു താരങ്ങളായ സികെ വിനീതും റിനോ ആന്റോയും എത്തിയിരുന്നു. ആ സീസണില്‍ ഇരുവരും കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുമാറിയിരുന്നു. സ്‌റ്റേഡിയത്തിലെ ബെംഗളൂരു ആരാധകര്‍ ഇരുവര്‍ക്കുമായി ആര്‍പ്പുവിളിച്ചുകൊണ്ടേയിരിക്കുന്ന കാഴ്ചയും കാണാനായി. എന്നാല്‍ ചില ബെംഗളൂരു ആരാധകര്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ മുദ്രാവാക്യങ്ങള്‍ വിളിച്ചു. മോശം ഭാഷയിലാണ് ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇതിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശക്തമായി പ്രതിഷേധിച്ചു.
ഒടുവില്‍ സികെ വിനീതും റിനോ ആന്റോയും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതികരണമറിയിച്ചു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കാഴ്ചവെക്കാനായ ടീമിനെ പിന്തുണയ്ക്കാനാണെത്തിയതെന്ന് കുറിച്ച റിനോ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മുദ്രാവാക്യങ്ങള്‍ വേദനയുണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബെംഗളൂരു ആരാധകരുടെ പരിഹാസങ്ങളായാണ് സികെ വിനീത് വിഷയത്തെ സമീപിച്ചത്. ഒരു ക്ലബ്ബിനെ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും പരിഹാസമായി കാണാനാകില്ലെന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിലപാട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പടയും ബെംഗളൂരുവിന്റെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും കടുത്ത വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടു.
ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിലുള്ള മത്സരം ആരാധകര്‍ക്കിടയില്‍ വീറും വാശിയും നിറച്ചതായി മാറി. ആരാധകര്‍ ഈ പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരുന്നു. കളിക്കളത്തിലെ ഏതൊരു വൈരികളിലുമെന്നതുപോലെ പരസ്പരം ഏറ്റുമുട്ടിയാല്‍ വിജയിക്കുകയെന്നത് തങ്ങളുടെ അഭിമാനപ്രശ്‌നമായി വന്നുചേര്‍ന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഡ്യൂറന്റ് കപ്പിലും ഇരുടീമുകളും ഏറ്റുമുട്ടി. മൈതാനത്ത് മത്സരം കടുക്കുമ്പോള്‍ ഗാലറിയിലും ആവേശം പതിന്മടങ്ങായി. പിന്നാലെ ആരാധകരുടെ തമ്മില്‍ത്തല്ലും തെറിവിളികളും ഗാലറികളില്‍ കാണാനായി. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഹോം ടീമിന്റെ ആരാധകരുടെ ആക്രമണങ്ങള്‍ പതിവ് കാഴ്ചയായി.
2022-23 ഫെബ്രുവരിയില്‍ നടന്ന പോരാട്ടത്തിലും സമാനമായ സംഘര്‍ഷങ്ങളുണ്ടായി. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ബെംഗളൂരു വിജയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ബെംഗളൂരു ആരാധകനെ കൂട്ടംകൂടി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. അക്രമങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും ഫുട്‌ബോളില്‍ സ്ഥാനമില്ലെന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി ക്ലബ്ബുകള്‍ വ്യക്തമാക്കി.
പിന്നാലെയാണ് പ്ലേഓഫ് മത്സരത്തിലെ വിവാദഗോളും നാടകീയമായ രംഗങ്ങളും അരങ്ങേറുന്നത്. മത്സരശേഷം സമൂഹമാധ്യമങ്ങളിലൂടെ ഇരുടീമുകളും കൊമ്പുകോര്‍ക്കുന്ന കാഴ്ചയും കാണാനായി. എപ്പോഴാണ് റഫറി വിസിലടിച്ചതെന്നും ഫ്രീകിക്ക് വാളിനായി മാര്‍ക്ക് ചെയ്തതെന്നും ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി ബെംഗളൂരു രംഗത്തുവന്നു. ഇത് ക്വിക്ക് ഫ്രീകിക്കാണെന്നും ബ്ലാസ്റ്റേഴ്‌സിന് ശുഭയാത്ര നേരുന്നുവെന്നുമാണ് ബെംഗളൂരു മറുപടി ട്വീറ്റ് ചെയ്തത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേന്റെ അച്ചടക്കനടപടി നേരിട്ട ബ്ലാസ്റ്റേഴ്‌സും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും മാപ്പ് പറഞ്ഞു. എന്നാല്‍ നടപടിക്കെതിരേ അപ്പീലും നല്‍കിയിട്ടുണ്ട്.
അതിനിടെയാണ് ഹീറോ സൂപ്പര്‍ കപ്പില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു പോരാട്ടം വരുന്നത്. വിവാദങ്ങളുടെ അലയൊലികളിപ്പോഴും നിലച്ചിട്ടില്ല. ഏപ്രില്‍ 16-ന് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി, ശ്രീനിധി ഡെക്കാന്‍, റൗണ്ട്ഗ്ലാസ്സ് പഞ്ചാബ് എന്നീ ടീമുകളാണുള്ളത്. ബെംഗളൂരുവിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ബ്ലാസ്റ്റേഴ്‌സിന് അതിനിര്‍ണായകമാണ്. ഗ്രൂപ്പ് ജേതാക്കള്‍ മാത്രമേ സെമിയിലേക്ക് മുന്നേറുകയുള്ളൂ എന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ബെംഗളൂരുവിനെ കീഴടക്കിയേ മതിയാകൂ. ശ്രീനിധി ഡെക്കാന്‍ റൗണ്ട്ഗ്ലാസ്സ് പഞ്ചാബിനെതിരേ ജയിക്കാതിരിക്കുകയും വേണം. ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തി സെമിയുറപ്പിക്കാനാകും ബെംഗളൂരുവിന്റേയും ലക്ഷ്യം. ഒരു സൂപ്പര്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരൊന്നടങ്കം.
Content Highlights: kerala blasters bengaluru fc rivalry