സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; കയ്യടി നേടി റൗണ്ട്ഗ്ലാസ് പഞ്ചാബ്

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം. ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ദിമിത്രിയോസ് ഡിയാമന്റാക്കോസ്, നിഷു കുമാര്‍, രാഹുല്‍ കെ.പി എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ കൃഷ്ണാനന്ദ സിങ്ങിലൂടെയായിരുന്നു പഞ്ചാബ് ടീമിന്റെ ആശ്വാസ ഗോള്‍.
സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയതിന് എഐഎഫ്എഫിന്റെ ശിക്ഷാ നടപടികള്‍ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ ഏതാനും മാറ്റങ്ങളോടെയാണ് കോച്ച് ഫ്രാങ്ക് ഡോവന്‍ ആദ്യ ഇലവനെ ഇറക്കിയത്. ഗോള്‍കീപ്പറായ സച്ചിന്‍ സുരേഷിനൊപ്പം ബിജോയ്. വി, സൗരവ് മണ്ഡല്‍, വിബിന്‍ മോഹന്‍, ഡാനിഷ് ഫറൂഖി എന്നിവരും ആദ്യ ഇലവനില്‍ ഇടംനേടി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ആദ്യ പകുതിയില്‍ ആദ്യം ഞെട്ടിച്ചത് റൗണ്ട്ഗ്ലാസ് പഞ്ചാബായിരുന്നു. 11-ാം മിനിറ്റില്‍ തന്നെ ആയുഷ് അധികാരിയെ മറികടന്ന് സ്പാനിഷ് താരം യുവാന്‍ മെര ഗോണ്‍സാലസിന്റെ മികച്ചൊരു മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷിയായി. പിന്നാലെ 17-ാം മിനിറ്റില്‍ ഫ്രെഡിയുടെ ഒരു ലോങ് റേഞ്ചര്‍ ശ്രമവും പുറത്തേക്ക് പോയി.
അഡ്രിയാന്‍ ലൂണയുടെ അഭാവം നിഴലിച്ച ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ ഭാവനാസമ്പന്നമായ മുന്നേറ്റങ്ങള്‍ നന്നേ കുറഞ്ഞു. ഇതിനിടെ 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡിയാമന്റാക്കോസിന്റെ ക്രോസ് ബോക്‌സില്‍ അപകടമുണ്ടാക്കും മുമ്പ് പഞ്ചാബ് പ്രതിരോധം രക്ഷപ്പെടുത്തി. പഞ്ചാബിന്റെ ഉറച്ച പ്രതിരോധം മറികടക്കാന്‍ ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിന് ലോങ് ബോള്‍ ഗെയിം പുറത്തെടുക്കേണ്ടിവന്നു. പിന്നാലെ 32-ാം മിനിറ്റില്‍ പഞ്ചാബിന്റെ തകര്‍പ്പനൊരു മുന്നേറ്റമെത്തി. പന്തുമായി മുന്നേറി മഹേസണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ബ്രാന്‍ഡന്‍ വാന്‍ലാല്‍റെംഡിക്ക നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂക്ക മയ്‌സന്റെ ഗോള്‍ശ്രമം ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് മികച്ചൊരു ഇന്റര്‍സെപ്ഷനിലൂടെ രക്ഷപ്പെടുത്തി.
ഇതിന് തൊട്ടുപിന്നാലെ പന്തുമായി ഇടതുവിങ്ങിലൂടെ മുന്നേറി സൗരവ് മണ്ഡല്‍ നല്‍കിയ ക്രോസില്‍ നിന്ന് ലഭിച്ച ഒരു ഓപ്പണ്‍ ചാന്‍സ് സഹല്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നാലെ 40-ാം മിനിറ്റില്‍ ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് പഞ്ചാബ് ടീമിന് വലിയവില നല്‍കേണ്ടി വന്നു. പന്ത് പിടിച്ചെടുക്കാനുള്ള സൗരവ് മണ്ഡലിന്റെ ശ്രമം തടയാന്‍ ശ്രമിച്ച പഞ്ചാബ് പ്രതിരോധ താരം വാല്‍പുയിയയുടെ ശ്രമം പാളി. സൗരവിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത ഡിയാമന്റാക്കോസ് 41-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.
54-ാം മിനിറ്റില്‍ നിഷു കുമാറിലൂടെ കേരളം ലീഡുയര്‍ത്തി. കട്ട് ബാക്ക് ചെയ്ത് വന്ന പന്തില്‍ സഹലിന്റെ ഗോള്‍ശ്രമം പിഴച്ചപ്പോള്‍ പന്ത് ലഭിച്ച നിഷു അത് അനായാസം വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പകരക്കാരനായി ഇറങ്ങിയ ബിദ്യാസാഗര്‍ സിങ് ഒറ്റയ്‌ക്കൊരു മുന്നേറ്റത്തിലൂടെ പഞ്ചാബ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ താരത്തിന്റെ ആദ്യ ഷോട്ട് പഞ്ചാബ് ഗോളി തടഞ്ഞു, റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ബിദ്യാസാഗറിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 73-ാം മിനിറ്റില്‍ കൃഷ്ണാനന്ദ സിങ്ങിലൂടെ പഞ്ചാബ് ഗോള്‍ മടക്കി. വലതുവിങ്ങില്‍ നിന്ന് യുവാന്‍ മെര നല്‍കിയ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ ദേഹത്ത് തട്ടി ഉയര്‍ന്നത് കൃഷ്ണാനന്ദയുടെ മുന്നിലേക്ക്. കിടിലനൊരു വോളിയിലൂടെ താരം വലകുലുക്കി.
പിന്നാലെ 76-ാം മിനിറ്റില്‍ ബിദ്യാസാഗറിന്റെ ഗോളെന്നുറച്ച ഷോട്ട് പഞ്ചാബ് ഗോളി കിരണ്‍ കുമാര്‍ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പഞ്ചാബ്, ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. യുവാന്‍ മേരയുടെ ഷോട്ട് കിടിലനൊരു ഷോട്ട് ബാറിലിടിച്ച് മടങ്ങി. റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ഫ്രെഡിയുടെ ഷോട്ട് പുറത്തേക്ക് പോയി. ഇന്‍ജുറി ടൈമില്‍ രാഹുല്‍ കെ.പി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍പട്ടിക തികച്ചു. യുവാന്‍ മെരയുടെ ഒരു ലോങ് ഷോട്ട് പിടിച്ചെടുത്ത് മുന്നേറിയ രാഹുല്‍ ഗോള്‍കീപ്പര്‍ കിരണിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ 11,562 കാണികളെ സാക്ഷിയാക്കി ബ്ലാസ്‌റ്റേഴ്‌സ് ജയത്തോടെ സൂപ്പര്‍ കപ്പിന് തുടക്കമിട്ടു. തോറ്റെങ്കിലും മികച്ച പ്രകടനത്തോടെ കൈയടി നേടിയാണ് പഞ്ചാബ് മടങ്ങിയത്.
Content Highlights: kerala blasters beat roundglass punjab in hero supercup 2023