എട്ടടിമേളം, എഫ്.സി ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍(5-3)

കോഴിക്കോട്: ആക്രമണ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞുനിന്ന സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് ജംഷേദ്പുര്‍ എഫ്‌സി. ഗോള്‍മഴ പെയ്തിറങ്ങിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നിനെതിരേ അഞ്ചുഗോളുകള്‍ക്കായിരുന്നു ജംഷേദ്പുരിന്റെ ജയം.
ജംഷേദ്പുരിനായി റാഫേല്‍ ക്രിവെല്ലാരോയും ഗോവയ്ക്കായി നോവ വെയ്ല്‍ സദോയിയു ഇരട്ട ഗോളുകളുമായി തിളങ്ങി. പ്രതിക് ചൗധരി, ഹാരിസണ്‍ ഹിക്കി സോയര്‍ എന്നിവരായിരുന്നു ജംഷേദ്പുരിന്റെ മറ്റ് സ്‌കോറര്‍മാര്‍. ഗോവന്‍ താരം ഫാരെസ് അര്‍ണൗട്ടിന്റെ സെല്‍ഫ് ഗോളും ജംഷേദ്പുരിന്റെ അക്കൗണ്ടിലെത്തി. സദോയിയെ കൂടാതെ ഐക്കര്‍ ഗുരോറ്റ്‌സെനയാണ് ഗോവയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി തുടങ്ങിയ മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് ജംഷേദ്പുരായിരുന്നു. എന്നാല്‍ ആറാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ജംഷേദ്പുര്‍ പ്രതിരോധം വരുത്തിയ പിഴവ് അവര്‍ക്ക് വിനയായി. പന്ത് റാഞ്ചിയെടുത്ത് ഗോവന്‍ മിഡ്ഫീല്‍ഡര്‍ ഐക്കര്‍ ഗുരോറ്റ്‌സെന നല്‍കിയ പാസ് നോവ വെയ്ല്‍ സദോയി അനായാസം വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 11-ാം മിനിറ്റില്‍ തന്നെ ജംഷേദ്പുരിന്റെ മറുപടി ഗോള്‍ വന്നു. റാഫേല്‍ ക്രിവെല്ലാരോ എടുത്ത കോര്‍ണര്‍ പ്രതിക് ചൗധരി ഹെഡറിലൂടെ വലയിലെത്തിച്ചു.
25-ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധ താരം നിഖില്‍ പ്രഭുവിന്റെ ഒരു ഗോള്‍ലൈന്‍ സേവിനും സ്‌റ്റേഡിയം സാക്ഷിയായി. ജംഷേദ്പുരിന്റെ ബോറിസ് സിങ്ങിന്റെ ഉറച്ച ഗോളായിരുന്നു ഇത്. ക്രിവെല്ലാരേ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ബോറിസ് ഗോവ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ്ങിനെ മറികടന്ന് പന്തടിച്ചെങ്കിലും പന്ത് ഗോള്‍വര കടക്കും മുമ്പ് നിഖിലിന്റെ ഇടപെടല്‍ ഗോവയെ രക്ഷിച്ചു. പക്ഷേ ബോറിസിനെതിരായ അര്‍ഷ്ദീപിന്റെ ഫൗളിന് ബോക്‌സിന് തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് റാഫേല്‍ ക്രിവെല്ലാരോ 27-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ ലീഡുയര്‍ത്തി.
എന്നാല്‍ 39-ാം മിനിറ്റില്‍ ഒപ്പമെത്താന്‍ ലഭിച്ച അവസരം ഗോവന്‍ താരം ദേവേന്ദ്ര ദാക്കു നഷ്ടപ്പെടുത്തി. നോവ സദോയിയുടെ ക്രോസില്‍ നിന്ന് ഗോള്‍ പോസ്റ്റിന് മുന്നില്‍ നിന്നുള്ള ദേവേന്ദ്ര ദാക്കുവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ആദ്യ പകുതിയുടെ അധികസമയത്ത് ജംഷേദ്പുരിന്റെ മൂന്നാം ഗോളെത്തി. പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന് പ്രണോയ് ഹാള്‍ദര്‍ അടിച്ച പന്ത് ഗോവന്‍ പ്രതിരോധതാരം ഫാരെസ് അര്‍ണൗട്ടിന്റെ ബൂട്ടില്‍ തട്ടി ഗതിമാറി വലയിലെത്തുകയായിരുന്നു.
59-ാം മിനിറ്റില്‍ ജംഷേദ്പുര്‍ നാലാം ഗോള്‍ നേടി. ഇടതുവിങ്ങിലൂടെ മുന്നേറി റിത്വിക് ദാസ് കൊടുത്ത പാസ് ചെറുതായൊന്ന് ടാപ് ചെയ്ത് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ റാഫേല്‍ ക്രിവെല്ലാരോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ജംഷേദ്പുരിന്റെ നാലാം ഗോള്‍ വീണ് രണ്ട് മിനിറ്റുകള്‍ക്കകം ഗോവയുടെ രണ്ടാം ഗോളെത്തി. 61-ാം മിനിറ്റില്‍ ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് ചിപ് ചെയ്ത് നല്‍കിയ പന്ത് ഐക്കര്‍ ഗുരോറ്റ്‌സെന ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
പിന്നാലെ ആക്രമണം ശക്തമാക്കിയ ഗോവ 70-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി. വലതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് കിടിലനൊരു ഹെഡറിലൂടെ നോവ സദോയി വലയിലെത്തിക്കുകയായിരുന്നു. സമനില ഗോളിനായി ഗോവ കിണഞ്ഞു ശ്രമിക്കവെ പകരക്കാരനായി ഇറങ്ങിയ ഹാരിസണ്‍ ഹിക്കി സോയര്‍ 82-ാം മിനിറ്റില്‍ ജംഷേദ്പുരിന്റെ ഗോള്‍പട്ടിക തികച്ചു.
Content Highlights: hero super cup 2023 jamshedpur fc beat fc goa