ആദ്യ വിജയവുമായി ഗോവ, സൂപ്പര്‍ കപ്പ് സെമി കാണാതെ ഗോകുലം പുറത്ത്

കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ഗോകുലം കേരള എഫ്.സി പുറത്തായി. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ എഫ്.സി ഗോവയോട് തോല്‍വി വഴങ്ങിയതോടെയാണ് ഗോകുലം സെമി കാണാതെ പുറത്തായത്. ഗോവ എതിരില്ലാത്ത ഒരു ഗോളിന് മലബാറിയന്‍സിനെ പരാജയപ്പെടുത്തി. ആദ്യ മത്സരത്തില്‍ ഗോകുലം എ.ടി.കെ മോഹന്‍ ബഗാനോട് പരാജയപ്പെട്ടിരുന്നു.
ഐകര്‍ ഗുറോട്‌സെനയാണ് ഗോവയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. 90-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഈ വിജയത്തോടെ ഗോവ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. 2023 സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ
ഗോവയുടെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ ടീം ജംഷേദ്പുരിനോട് പരാജയപ്പെട്ടിരുന്നു.
വിജയം മാത്രം വെച്ചാണ് ഗോവയും ഗോകുലവും കളിക്കാനിറങ്ങിയത്. ആറ് മലയാളിതാരങ്ങളെ ആദ്യ ഇലവനില്‍ ഇറക്കിയാണ് ഗോകുലം സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ഭേദപ്പെട്ട പ്രകടനം ഗോവയുടെ ഭാഗത്തുനിന്നാണ് പിറന്നത്. ആറ് കോര്‍ണര്‍കിക്കുകള്‍ ഗോവയ്ക്ക് നേടിയെടുക്കാനായെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിനായില്ല. മറുവശത്ത് ഗോകുലത്തിന് രണ്ട് കോര്‍ണര്‍ കിക്കുകള്‍ മാത്രമാണ് ലഭിച്ചത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഗോകുലത്തിന്റെ മലയാളി താരം ശ്രീക്കുട്ടന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.
രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ഗോവയുടെ ബ്രിസ്റ്റണിന്റെ മികച്ചൊരു ഷോട്ട് ഗോള്‍കീപ്പര്‍ ഷിബിന്‍ തട്ടിയകറ്റി. ഒടുവില്‍ 55-ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ചുകൊണ്ട് ഗോകുലം വലകുലുക്കിയെങ്കിലും റഫറി അത് നിഷേധിച്ചു. അന്‍വര്‍ അലിയെ മറികടന്ന് ശ്രീക്കുട്ടന്‍ ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോവയ്ക്ക് അനുകൂലമായി ഫ്രീകിക്ക് നല്‍കി. ശ്രീക്കുട്ടന്‍ അന്‍വറിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണിത്. പിന്നാലെ ഇരുടീമുകളും ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു.
ഒടുവില്‍ മത്സരത്തിലെ വിജയഗോള്‍ 90-ാം മിനിറ്റില്‍ പിറന്നു. ഐകര്‍ ഗുറോട്‌സെനയിലൂടെ ഗോവ ഗോകുലത്തിനെതിരേ വിജയഗോള്‍ നേടി. റീബൗണ്ടായി വന്ന പന്ത് ലക്ഷ്യത്തിലെത്തിച്ച് ഐകര്‍ ടീമിന്റെ വിജയനായകനായി. ഗോകുലത്തിന്റെ അബ്ദുള്‍ ഹക്കുവിന്റെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത ഗോവന്‍ താരം നോവ ഗോള്‍പോസ്റ്റിലേക്ക് അടിച്ചു. ഇത് ഗോള്‍കീപ്പര്‍ ഷിബിന്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ടായി വന്ന പന്ത് ഐകര്‍ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഗോവ വിജയമുറപ്പിച്ചു.
Content Highlights: fc goa beat gokulam kerala fc in hero super cup 2023